ഇംഗ്ലണ്ട് 313 റണ്‍സിന് പുറത്ത്;  വെസ്റ്റിന്‍ഡീസിന് 200 റണ്‍സ് വിജയലക്ഷ്യം 

ഇംഗ്ലണ്ട് 313 റണ്‍സിന് പുറത്ത്;  വെസ്റ്റിന്‍ഡീസിന് 200 റണ്‍സ് വിജയലക്ഷ്യം 

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് 200 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ വിൻഡീസ് ഇംഗ്ലണ്ടിനെ 313 റൺസിന് പുറത്താക്കി. ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസിന് 114 റൺസ് ലീഡുണ്ടായിരുന്നു. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 200 റൺസ് കണ്ടെത്താനായാൽ വിൻഡീസിന് കോവിഡ് കാലത്തെ ആദ്യ ക്രിക്കറ്റ് വിജയം സ്വന്തമാക്കാം.

ആദ്യ ഇന്നിങ്സിൽ 204 റൺസിന് തകർന്നിരുന്ന ഇംഗ്ലണ്ട് രണ്ടാമിന്നിങ്സിൽ തിരിച്ചുവരികയായിരുന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഡോം സിബ്ലി, സാക് ക്രാവ്ലി എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന്റെ സ്കോർ 300 കടത്തിയത്. 42 റൺസോടെ റോറി ബേൺസും 46 റൺസുമായി ബെൻ സ്റ്റോക്ക്സും ഇരുവർക്കും പിന്തുണ നൽകി. 50 റൺസെടുത്ത സിബ്ലി ഓപ്പണിങ് വിക്കറ്റിൽ ബേൺസുമായി ചേർന്ന് 72 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 127 പന്തിൽ 76 റൺസാണ് ക്രാവ്ലി അടിച്ചെടുത്തത്. വാലറ്റത്ത് ജോഫ്ര ആർച്ചർ നേടിയ 23 റൺസും ഇംഗ്ലണ്ടിന്റെ ഇന്നിങ്സിൽ നിർണായകമായി.

Read Also ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യക്കും കൊവിഡ്സ്ഥിരീകരിച്ചു https://metrojournalonline.com/movies/2020/07/12/aaradhya-bachan-confirmed-covid.html

വെസ്റ്റിൻഡീസിനായി ഷാനോൺ ഗ്രബിയേൽ രണ്ടാമിന്നിങ്സിൽ അഞ്ചു വിക്കറ്റെടുത്തു. ഇതോടെ രണ്ടിന്നിങ്സിലുമായി ഒമ്പത് വിക്കറ്റാണ് ഗബ്രിയേൽ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റെടുത്തിരുന്ന ജേസൺ ഹോൾഡർ രണ്ടാമിന്നിങ്സിൽ ഒരു വിക്കറ്റ് വീഴ്ത്തി. റോസ്റ്റൺ ചേസും അൽസാരി ജോസഫും രണ്ടു വീതം വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നിറം മങ്ങുകയായിരുന്നു. ആറു വിക്കറ്റെടുത്ത ജേസൺ ഹോൾഡറുടേയും നാല് വിക്കറ്റെടുത്ത ഷാനോൺ ഗബ്രിയേലിന്റേയും ബൗളിങ് മികവിൽ ഇംഗ്ലണ്ട് 204 റൺസിലൊതുങ്ങി. 43 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്കിനല്ലാതെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 65 റൺസെടുത്ത ഓപ്പണർ ക്രെയ്ഗ് ബ്രാത്വെയ്റ്റും 61 റൺസ് നേടിയ ഷെയ്ൻ ഡോവ്റിച്ചും വെസ്റ്റിൻഡീസിന്റെ സ്കോർ 318-ലെത്തിച്ചു. 47 റൺസോടെ റോസ്റ്റൺ ചെയ്സ് ഇരുവർക്കും പിന്തുണ നൽകി. ഇതോടെ വെസ്റ്റിൻഡീസിന് 114 റൺസ് ലീഡും ലഭിച്ചു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്ക്സ് നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ ജെയിംസ് ആൻഡേഴ്സൺ മൂന്നും ഡോം ബെസ് രണ്ടും വിക്കറ്റെടുത്തു. മാർക്ക് വുഡിനാണ് ഒരു വിക്കറ്റ്.

Share this story