ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു; സ്റ്റോക്സിനും സിബ്‌ലിക്കും അർദ്ധസെഞ്ചുറി

ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു; സ്റ്റോക്സിനും സിബ്‌ലിക്കും അർദ്ധസെഞ്ചുറി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു. അർദ്ധസെഞ്ചുറികൾ നേടിയ ബെൻ സ്റ്റോക്സും ഡൊമിനിക് സിബ്‌ലിയും ചേർന്നാണ് ഇംഗ്ലണ്ട് ഇന്നിംസിനു ജീവശ്വാസം നൽകിയത്. 81 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഏറെ കരുതലോടെ ഈ സഖ്യം രക്ഷപ്പെടുത്തുകയായിരുന്നു.

മഴ മൂലം വൈകിയാണ് രണ്ടാം മത്സരത്തിൻ്റെ ടോസ് നടന്നത്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ്റെ തീരുമാനം ശരിവെച്ചാണ് വിൻഡീസ് പന്തെറിഞ്ഞത്. സ്കോർ ബോർഡിൽ 29 റൺസ് ആയപ്പൊഴേക്കും റോറി ബേൺസിനെ (15) റോസ്റ്റൺ ചേസ് വിക്കറ്റിനു മുന്നിൽ കുരുക്കി. അടുത്ത പന്തിൽ തന്നെ സാക്ക് ക്രൗളി (0) ജേസൻ ഹോൾഡറിൻ്റെ കൈകളിൽ ഒടുങ്ങി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ജോ റൂട്ടും ഡോമിനിക് സിബ്‌ലിയും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, റൂട്ടിനെ ഹോൾഡറുടെ കൈകളിൽ എത്തിച്ച അൽസാരി ജോസഫ് വീണ്ടും ഇംഗ്ലണ്ടിനു തിരിച്ചടി നൽകി.

നാലാം വിക്കറ്റിലാണ് സ്റ്റോക്സ് സിബ്‌ലിക്കൊപ്പം ഒത്തുചേർന്നത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും വളരെ സാവധാനത്തിലാണ് സ്കോർ ചെയ്തതെങ്കിലും ആദ്യ മത്സരത്തിൽ സംഭവിച്ചതു പോലൊരു കൂട്ടത്തകർച്ച ഒഴിവാക്കി. ഇരുവരും ചേർന്ന് ഇംഗ്ലണ്ടിനെ കൈ പിടിച്ചുയർത്തുകയായിരുന്നു. 80 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 205 എന്ന നിലയിലാണ്. ഡോമിനിക് സിബ്‌ലി 84 റൺസെടുത്തും ബെൻ സ്റ്റോക്സ് 59 റൺസെടുത്തും ക്രീസിൽ തുടരുകയാണ്. അപരാജിതമായ 124 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 0-1നു മുന്നിലാണ്. ആദ്യ ടെസ്റ്റിൽ 4 വിക്കറ്റിനാണ് വിൻഡീസ് ജയിച്ചത്. 200നു ശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിൻ്റെ രണ്ടാം ടെസ്റ്റ് ജയം മാത്രമാണ് ആദ്യ ടെസ്റ്റിൽ അവർ സ്വന്തമാക്കിയത്. 95 റൺസെടുത്ത ജെർമൈൻ ബ്ലാക്ക്‌വുഡ് ആണ് വിൻഡീസ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

Share this story