ഗാംഗുലിയുടെ അധ്യക്ഷ കസേര തെറിക്കുമോ? ഉറ്റുനോക്കി ബിസിസിഐ

ഗാംഗുലിയുടെ അധ്യക്ഷ കസേര തെറിക്കുമോ? ഉറ്റുനോക്കി ബിസിസിഐ

ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലി തുടരുമോ? ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. അടുത്ത രണ്ടാഴ്ച്ചക്കകം കാര്യമറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുടെയും കാലാവധി ഉടന്‍ അവസാനിക്കും. ഔദ്യോഗിക പദവിയില്‍ ഇരുവരുടെയും കാലാവധി നീട്ടാനുള്ള മാര്‍ഗം തേടുകയാണ് ബിസിസിഐയും.

വിഷയത്തില്‍ സുപ്രീം കോടതി വൈകാതെ തീരുമാനമെടുക്കും. ബോര്‍ഡിന്റെ ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് രണ്ടുതവണ ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചുകഴിഞ്ഞു. ബിസിസിഐക്ക് അനുകൂലമാണ് കോടതിയുടെ വിധിയെങ്കില്‍ ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്ത പല പരിഷ്‌കാര നടപടികളും അസാധുവാകും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് ബോബ്ദെയും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവും ചേര്‍ന്ന രണ്ടംഗ ബെഞ്ചാണ് ബിസിസിഐയുടെ ഹര്‍ജി പരിഗണിക്കുന്നത്. ബുധനാഴ്ച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാദം കേട്ട കോടതി രണ്ടാഴ്ച്ചക്കകം വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവില്‍ രണ്ടു ചോദ്യങ്ങളാണ് ആരാധകര്‍ക്കുള്ളത്. സൗരവ് ഗാംഗുലിയും ജയ് ഷായും ഔദ്യോഗിക പദവിയില്‍ തുടരുമോ? ഇനി കോടതിയുടെ അനുമതിയില്ലാതെ ഇവര്‍ തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍, ഇത് കോടതിയലക്ഷ്യമല്ലേ? ജൂലായ്് 27 -നാണ് ഗാംഗുലിയുടെ കാലാവധി തീരുന്നത്. ജയ് ഷായുടെ കാര്യമാകട്ടെ, സെക്രട്ടറി പദവിയില്‍ ഇദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചുതാനും.

ബിസിസിഐയുടെ ചട്ടം പ്രകാരം തുടര്‍ച്ചയായി ആറു വര്‍ഷത്തില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് ഔദ്യോഗിക പദവി വഹിക്കാനാവില്ല. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ഇതു ബാധകമാണ്. ഔദ്യോഗിക പദവിയില്‍ ആറു വര്‍ഷം പൂര്‍ത്തിയാകുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത ഇടവേള ബോര്‍ഡ് മുന്നോട്ടുവെയ്ക്കുന്നു. ഈ നിയമം ഭേദഗതി ചെയ്യണമെന്നാണ് ഇപ്പോള്‍ ബിസിസിഐയുടെ ആവശ്യം. എങ്കില്‍ മാത്രമേ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും പദവികളില്‍ തുടരാന്‍ കഴിയുകയുള്ളൂ.

ഏപ്രിലില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയില്‍ നിലവിലെ ചട്ടങ്ങളിലും ഔദ്യോഗിക പദവി വഹിക്കുന്നവരുടെ ‘കൂളിങ് ഓഫ്’ കാലാവധിയിലും ഭേദഗതി വേണമെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. ബിസിസിഐയുടെ ആവശ്യത്തോട് സംസ്ഥാന അസോസിയേഷനുകള്‍ അടങ്ങുന്ന ജനറല്‍ ബോഡി ശക്തമായ പിന്തുണ അറിയിച്ചത് കാണാം.

Share this story