നെയ്മറിനും സംഘത്തിനും കാത്തിരിക്കണം; യൂറോപ്യൻ ചാമ്പ്യൻസ് പട്ടം ബയേൺ മ്യൂണിക്കിന്

നെയ്മറിനും സംഘത്തിനും കാത്തിരിക്കണം; യൂറോപ്യൻ ചാമ്പ്യൻസ് പട്ടം ബയേൺ മ്യൂണിക്കിന്

യൂറോപ്യൻ ഫുട്‌ബോളിന്റെ ചാമ്പ്യൻമാരായി ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. ലിസ്ബണിൽ നടന്ന കലാശപ്പോരിൽ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബയേൺ ചാമ്പ്യൻമാരായത്. കിംഗ്സ്ലി കോമാനാണ് ബയേണിന്റെ വിജയഗോൾ നേടിയത്.

ബാഴ്‌സയുടെ വലയിൽ എട്ട് ഗോളുകളും ലിയോണിന്റെ വലയിൽ മൂന്ന് ഗോളുകളും നിറച്ചാണ് ക്വാർട്ടറും സെമിയും പിന്നിട്ട് ബയേൺ കലാശപ്പോരിനെത്തിയത്. എന്നാൽ ബയേണിനെ പിടിച്ചുനിർത്താനുള്ള സർവ തന്ത്രവും പി എസ് ജി ഒരുക്കിയതോടെ മത്സരത്തിൽ തീ പാറി. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു

ബയേണിന്റെ പ്രതിരോധ നിര തകർക്കുമ്പോഴും പോസ്റ്റിന് മുന്നിൽ മാനുവൽ ന്യൂയർ കൃത്യതയോടെ നിന്നപ്പോൾ നെയ്മറിനും സംഘത്തിനും അതിർത്തി ഭേദിക്കാനാകാതെ പോയി. കിട്ടിയ അവസരങ്ങളെല്ലാം തന്നെ പി എസ് ജി താരങ്ങൾ പാഴാക്കുകയും ചെയ്തു.

എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകരായ ബയേണിനെയാണ് കണ്ടത്. ജോഷ്വാ കിമ്മിച്ചിന്റെ ഷോട്ടിന് കോമാൻ തല വെച്ച് കൊടുത്തതോടെ പന്ത് പിഎസ്ജി വലയിലേക്ക് പാഞ്ഞു. ഒരു ഗോളിന് മുന്നിലെത്തിയതോടെ ബയേൺ തുടർച്ചയായി പിഎസ്ജി ബോക്‌സിലേക്ക് കുതിച്ചെത്തി. ഇതോടെ പി എസ് ജി പ്രതിരോധത്തിലും വീണു. നെയ്മർ നിറം മങ്ങിയതാണ് പി എസ് ജിക്ക് വിനയായത്. കിട്ടിയ അവസരങ്ങൾ എംബാപെ പാഴാക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആറാം കിരീടമാണ് ബയേൺ സ്വന്തമാക്കിയത്.

Share this story