ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടണമെങ്കില്‍ ക്ലബ്ബിന് 700 മില്ല്യണ്‍ യൂറോ നല്‍കണം

ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടണമെങ്കില്‍ ക്ലബ്ബിന് 700 മില്ല്യണ്‍ യൂറോ നല്‍കണം

കാറ്റലോണിയ: ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടുക അത്ര എളുപ്പമാവില്ലെന്ന് ലാ ലിഗ ഗവേണിംഗ് ബോഡി. ഒരു വര്‍ഷത്തെ കരാര്‍ കൂടി ക്ലബുമായി ബാക്കി നില്‍ക്കെ ടീം വിടണമെങ്കില്‍ മെസ്സി 700 മില്ല്യണ്‍ യൂറോ ബാഴ്‌സലോണക്ക് നല്‍കണം എന്ന് ഗവേണിംഗ് ബോഡി പറഞ്ഞു.

പുതിയ സീസണു മുന്നോടിയായുള്ള കൊവിഡ് പരിശോധനക്ക് താരം എത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ലാ ലിഗയുടെ വിശദീകരണം. മെസ്സിക്ക് 2020-21 വരെയാണ് കരാര്‍. എന്നാല്‍, അവസാന വര്‍ഷം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് കരാര്‍ റദ്ദാക്കാമെന്ന വ്യവസ്ഥ കരാറില്‍ ഉണ്ടായിരുന്നു.

ജൂണില്‍ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു. എന്നാല്‍, കൊവിഡ് ഇടവേള വന്നതുകൊണ്ട് ഈ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുമെന്നാണ് മെസ്സിയുടെ അഭിഭാഷകന്‍ പറയുന്നത്.

ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും ക്ലബിനെ മെസ്സി അറിയിച്ചു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസ്സിയുടെ കരാര്‍.

പ്രധാനമായും ബാഴ്‌സ ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസ്സി ക്ലബ് വിടാന്‍ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡന്റ് ജോസപ് മാര്‍തോമ്യൂവിന്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു.

Share this story