ഇറ്റാലിയന്‍ ഓപ്പണ്‍: നൊവാക് ജോക്കോവിച്ചും സിമോണ ഹാലപ്പും ജേതാക്കള്‍

Share with your friends

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ 13ാം റാങ്കുകാരനും എട്ടാം സീഡുമായ അര്‍ജന്റീനയുടെ ഷ്വാര്‍ട്‌സ്മാനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നേടിയത്. സെമിയില്‍ ഷപ്പോവലോവിനെ തോല്‍പ്പിച്ചെത്തിയ ഷ്വാര്‍ട്‌സ്മാനെ അനായാസമായി ജോക്കോവിച്ച് കീഴടക്കുകയായിരുന്നു. ഒരു മണിക്കൂറും 54 മിനുട്ടും മാത്രം നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം.

സ്‌കോര്‍ 7-5,6-3. കരിയറിലെ ജോക്കോവിച്ചിന്റെ 36ാമത്തെ എടിപി മാസ്റ്റേഴ്‌സ് കിരീടമാണിത്. സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. 2019ലെ ഇറ്റാലിയന്‍ ഓപ്പണ്‍ ചാമ്പ്യനാണ് നദാല്‍. റോമിലെ കളിമണ്‍ കോര്‍ട്ടിലെ ജയത്തോടെ ഫ്രഞ്ച് ഓപ്പണില്‍ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ജോക്കോവിച്ച്. 27നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്.

സെമിയില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ തകര്‍ത്താണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശനം. രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. ആദ്യ സെറ്റില്‍ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കാന്‍ റൂഡിന് സാധിച്ചെങ്കിലും രണ്ടാം സെറ്റില്‍ ജോക്കോവിച്ചിന്റെ മികവിന് മുന്നില്‍ അതിവേഗം അടിപതറി. സ്‌കോര്‍ 7-5,6-3. ഇക്കഴിഞ്ഞ യുഎസ് ഓപ്പണിനിടെ അബദ്ധത്തില്‍ റഫറിയുടെ ദേഹത്ത് പന്തടിച്ചതിനെത്തുടര്‍ന്ന് ജോക്കോവിച്ചിനെ ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ പുറത്താക്കിയിരുന്നു.

അതേ സമയം വനിതാ സിംഗിള്‍സ് കിരീടം രണ്ടാം റാങ്കുകാരിയും ഒന്നാം സീഡുമായ റൊമാനിയയുടെ സിമോണ ഹാലപ്പ് സ്വന്തമാക്കി. നിലവിലെ ഇറ്റാലിയന്‍ ഓപ്പണ്‍ ജേതാവും രണ്ടാം സീഡുമായിരുന്ന കരോളിന പ്ലിസ്‌ക്കോവ ആദ്യ സെറ്റിന് ശേഷം പരിക്കിനെത്തുടര്‍ന്ന് പിന്മാറിയതോടെ അനായാസമായി സിമോണ ഹാലപ്പ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. 33 മിനുട്ട് മാത്രമാണ് മത്സരം നടന്നത്. ആദ്യ സെറ്റ് എതിരില്ലാതെ 6-0ന് ഹാലപ്പ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 2-1 എന്ന നിലയില്‍ ഹാലപ്പ് മുന്നിട്ട് നില്‍ക്കുമ്പോള്‍ പ്ലിസ്‌കോവ പിന്മാറുകയായിരുന്നു.

നേരത്തെ 17ാം റാങ്കുകാരിയായ ഗബ്രിയേല്‍ മുഗുരസയെ സെമിയില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ഹാലപ്പിന്റെ ഫൈനല്‍ പ്രവേശനം. രണ്ട് മണിക്കൂറും 14 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-3,4-6,6-4. അതേ സമയം 19ാം റാങ്കുകാരിയായ വണ്ടര്‍സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്ലിസ്‌ക്കോവയുടെ ഫൈനല്‍ പ്രവേശനം. ഒരു മണിക്കൂറും 23 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍-6-2,6-4.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-