സിക്‌സറില്‍ ഡബിളടിച്ച് രോഹിത്, എലൈറ്റ് ക്ലബ്ബില്‍; വാര്‍ണറിന്റെ റെക്കോര്‍ഡും തകര്‍ത്തു

സിക്‌സറില്‍ ഡബിളടിച്ച് രോഹിത്, എലൈറ്റ് ക്ലബ്ബില്‍; വാര്‍ണറിന്റെ റെക്കോര്‍ഡും തകര്‍ത്തു

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തോടെ ചില നാഴികക്കല്ലുകള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പിന്നിട്ടു. കളിയില്‍ ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ 54 പന്തിലാണ് ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 80 റണ്‍സ് വാരിക്കൂട്ടിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡ് കുറിക്കുന്നതിനൊപ്പം എലൈറ്റ് ക്ലബ്ബിലും അദ്ദേഹം അംഗമായി.

ഐപിഎല്ലില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയത്. കെകെആറിനെതിരേ മാത്രം അദ്ദേഹം നേടിയത് 904 റണ്‍സാണ്. മറ്റൊരു താരവും ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കെതിരേ ഇത്രയും റണ്‍സ് അടിച്ചെടുത്തിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് രോഹിത് തകര്‍ത്തത്. കെകെആറിനെതിരേ തന്നെ വാര്‍ണര്‍ നേടിയ 829 റണ്‍സെന്ന റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു.

വിരാട് കോലി (825 റണ്‍സ്, ഡല്‍ഹി), ഡേവിഡ് വാര്‍ണര്‍ (819 റണ്‍സ്, പഞ്ചാബ്), സുരേഷ് റെയ്‌ന (818 റണ്‍സ്, കെകെആര്‍), സുരേഷ് റെയ്‌ന (818 റണ്‍സ്, മുംബൈ) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള താരങ്ങള്‍ വിവിധ ടീമുകള്‍ക്കെതിരേ ഐപിഎല്ലില്‍ നേടിയത്.

കെകെആറിനെതിരേ ആറു സിക്‌സറുകള്‍ പായിച്ചതോടെ ഐപിഎല്ലില്‍ രോഹിത് സിക്‌സറുകളുടെ എണ്ണത്തില്‍ ഡബിള്‍ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ഈ മല്‍സരത്തിനു മുമ്പ് 194 സിക്‌സറുകളായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. ഇതോടെ 200 റണ്‍സ് ക്ലബ്ബില്‍ അംഗമായ മൂന്നാമത്തെ താരമായി അദ്ദേഹം മാറി. ഒമ്പതു സിക്‌സറുകള്‍ മുന്നിലായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് രോഹിത്തിന് മുന്നിലുള്ളത്.

ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡിന് അവകാശി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 326 സിക്‌സറുകളാണ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സാണ് 214 സിക്‌സറുകളുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.

Share this story