രാഹുൽ ഒറ്റയ്ക്ക് നേടിയത് 132 റൺസ്, ബാംഗ്ലൂരിന്റെ ആകെ റൺസ് 109; കോഹ്ലിപ്പടക്ക് ദയനീയ തോൽവി

രാഹുൽ ഒറ്റയ്ക്ക് നേടിയത് 132 റൺസ്, ബാംഗ്ലൂരിന്റെ ആകെ റൺസ് 109; കോഹ്ലിപ്പടക്ക് ദയനീയ തോൽവി

അതി ദയനീയമായ തോൽവിയാണ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്നലെ നേരിട്ടത്. കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ 97 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ തോൽവി. പഞ്ചാബ് നായകൻ കെ എൽ രാഹുൽ ഒറ്റയ്ക്ക് അടിച്ചെടുത്ത 132 റൺസിന്റെ അടുത്തു പോലും എത്താൻ ബാംഗ്ലൂർ ടീം ടോട്ടലിന് പോലും ആയില്ല

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് അടിച്ചുകൂട്ടിയത്. 69 പന്തിൽ ഏഴ് സിക്‌സും 14 ഫോറും ഉൾപ്പെടെ രാഹുൽ 132 റൺസുമായി പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ 26 റൺസിനും നിക്കോളാസ് പൂരൻ 17 റൺസിനും മാക്‌സ് വെൽ 5 റൺസിനും വീണു. കരുൺ നായർ 15 റൺസുമായി പുറത്താകാതെ നിന്നു

നാല് റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ ബാംഗ്ലൂർ ആദ്യ ഓവറുകളിൽ തന്നെ പരാജയം സമ്മതിച്ചിരുന്നു. ഒരു റൺസുമായി ദേവ്ദത്തും സംപൂജ്യനായി ജോഷ് ഫിലിപ്പും ഒരു റൺസുമായി കോഹ്ലിയും കൂടാരം കയറി. ആരോൺ ഫിഞ്ച് 20 റൺസിനും ഡിവില്ലിയേഴ്‌സ് 28 റൺസിനും വീണു. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറർ. 17 ഓവറിൽ 109 റൺസിന് ബാംഗ്ലൂർ പുറത്തായി.

മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ മുരുകൻ അശ്വിനും രവി ബിഷ്‌ണോയിയുമാണ് ബാംഗ്ലൂരിനെ തകർത്തത്. മുഹമ്മദ് ഷമി 2 വിക്കറ്റെടുത്തു. കോട്‌റൽ, മാക്‌സ് വെൽ എന്നിവർ ഓരോ വിക്കറ്റെടുത്തു.

Share this story