സഞ്ജു, സ്മിത്ത് ഷാര്‍ജയില്‍ വെടിക്കെട്ട്, രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

Share with your friends

ഷാര്‍ജ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു വിക്കറ്റിന് 223 റണ്‍സാണ് നേടിയത്. മറുപടിയില്‍ രാജസ്ഥാന്റെ മറുപടി ഇതിനേക്കാള്‍ ഗംഭീരമായിരുന്നു. മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി.

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വെടിക്കെട്ട് ഇന്നിങ്‌സുമായി കളം വാണു. 85 റണ്‍സാണ് മലയാളി താരം നേടിയത്. രാഹുല്‍ തെവാട്ടിയ (53), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (50) എന്നിവരാണ് രാജസ്ഥാന്റെ മറ്റു മികച്ച സ്‌കോറര്‍മാര്‍. യഥാര്‍ഥത്തില്‍ കളി മാറ്റി മറിച്ചത് തെവാട്ടിയയുടെ ഇന്നിങ്‌സായിരുന്നു. അവസാനത്തെ മൂന്നോവറില്‍ രാജസ്ഥാനു ജയിക്കാന്‍ 51 റണ്‍സ് വേണ്ടിയിരുന്നു. സഞ്ജു പുറത്താവുകയും ചെയ്തിരുന്നു.

എന്നാല്‍ ഷെല്‍ഡണ്‍ കോട്രലെറിഞ്ഞ 18ാം ഓവറില്‍ റണ്‍മഴ തന്നെ കണ്ടു. അഞ്ചു സിക്‌സറുകളടക്കം 30 റണ്‍സാണ് ഈ ഓവറില്‍ മാത്രം തെവാട്ടിയ വാരിക്കൂട്ടിയത്. മുഹമ്മദ് ഷമിയെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ മൂന്നു സിക്‌സറടക്കം 19 റണ്‍സും രാജസ്ഥാന്‍ നേടി. ഇതോടെയാണ് കളി പഞ്ചാബില്‍ നിന്നു കൈവിട്ടു പോയത്. അവസാന ഓവറില്‍ രാജസ്ഥാനു വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സായിരുന്നു. മൂന്നാമത്തെ പന്തില്‍ ബൗണ്ടറിയിലൂടെ ടോം കറെന്‍ ജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

നേരത്തേ മായങ്ക് അഗര്‍വാളിന്റെ (106) മിന്നല്‍ സെഞ്ച്വറിയായിരുന്നു പഞ്ചാബിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്കിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും നായകന്‍ കെഎല്‍ രാഹുലിന്റെ (69) ഫിഫ്റ്റിയുമാണ് പഞ്ചാബ് ഇന്നിങ്‌സിനു കരുത്തായത്. വെറും 45 പന്തുകളില്‍ നിന്നായിരുന്നു മായങ്ക് സെഞ്ച്വറി കണ്ടെത്തിയത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 50 പന്തില്‍ 10 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് മായങ്ക് 106 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 53 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടി. എട്ടു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സോടെ നിക്കോളാസ് പുരാനും ഒമ്പത് പന്തില്‍ രണ്ടു ബൗണ്ടറികളോടെ ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബിനു ഗംഭീര തുടക്കമായിരുന്നു രാഹുലും മായങ്കും നല്‍കിയത്. രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇരുവരും തലങ്ങും വിലങ്ങും പ്രഹരിച്ചു. മായങ്കായിരുന്നു കൂടുതല്‍ അപകടകാരി. നല്ല പന്തുകളെപ്പോലും നിലംതൊടീക്കാതെയാണ് മായങ്ക് ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ 183 റണ്‍സ് ഇരുവരും പഞ്ചാബ് ഇന്നിങ്‌സിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

ഏഴു ബൗളര്‍മാരെയാണ് കളിയില്‍ പഞ്ചാബ് നായകന്‍ സ്മിത്ത് പരീക്ഷിച്ചത്. ഇവരില്‍ ടോം കറെനായിരുന്നു ടീമിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. മായങ്കിനെ അദ്ദേഹം മലയാളി താരം സഞ്ജു സാംസണിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മായങ്ക് മടങ്ങി വൈകാതെ തന്നെ രാഹുലും ക്രീസ് വിട്ടു. അങ്കിത് രാജ്പൂത്തിനായിരുന്നു വിക്കറ്റ്.

ടോസിനു ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. യശസ്വി ജയ്‌സ്വാളിനു പകരം ജോസ് ബട്‌ലറും ഡേവിഡ് മില്ലര്‍ക്കു പകരം അങ്കിത് രാജ്പൂത്തും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് പഞ്ചാബ് വിജയിച്ച ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!