ശ്രേയസിനു മുന്നില്‍ തലകുനിച്ച് കോലി, ഡല്‍ഹിക്കു ഉജ്ജ്വല ജയം; തലപ്പത്ത്

ശ്രേയസിനു മുന്നില്‍ തലകുനിച്ച് കോലി, ഡല്‍ഹിക്കു ഉജ്ജ്വല ജയം; തലപ്പത്ത്

ദുബായ്: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 59 റൺസ് തോൽവി. ഡൽഹി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ബൗളർമാരുടെ മികവിൽ ഡൽഹി വിജയം പിടിച്ചെടുക്കുകയായിരുന്നു. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ബാംഗ്ലൂരിനെ തകർത്തത്. അക്ഷർ പട്ടേൽ നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

39 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 43 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.

197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്കോർ 20-ൽ നിൽക്കെ ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ (4) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ആരോൺ ഫിഞ്ചിനെ മടക്കി അക്ഷർ പട്ടേൽ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. 14 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് ഫിഞ്ചിന് നേടാനായത്.

വൈകാതെ ആറു പന്തിൽ നിന്ന് ഒമ്പത് റൺസെടുത്ത ഡിവില്ലിയേഴ്സും മോയിൻ അലിയും (11) മടങ്ങിയതോടെ ഡൽഹി കളിയിൽ പിടിമുറുക്കി.

വാഷിങ്ടൺ സുന്ദർ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്.

അർധ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസും തകർത്തടിച്ച പൃഥ്വി ഷായുമാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 26 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റൺസോടെ പുറത്താകാതെ നിന്നു.

പൃഥ്വി ഷാ – ശിഖർ ധവാൻ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. 6.4 ഓവറിൽ 68 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 23 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റൺസെടുത്ത പൃഥ്വി ഷാ ഏഴാം ഓവറിൽ പുറത്തായതോടെ ഡൽഹിയുടെ റൺറേറ്റ് താഴ്ന്നു.

28 പന്തിൽ നിന്ന് മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ധവാനെ ഉദാന 10-ാം ഓവറിൽ മടക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ താരം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ബൗണ്ടറി ലൈനിനരികെ ഉജ്വലമായ ക്യാച്ചിലൂടെ ദേവ്ദത്ത് പടിക്കൽ പുറത്താക്കി. 13 പന്തിൽ നിന്ന് 11 റൺസ് മാത്രമായിരുന്നു ശ്രേയസിന്റെ സമ്പാദ്യം.

Share this story