ജയിച്ച കളി കൈവിട്ട് സിഎസ്‌കെ, കൊല്‍ക്കത്തയ്ക്കു ജയം

Share with your friends

അബുദാബി: ഐപിഎല്ലില്‍ ജയിക്കാമായിരുന്ന മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10 റണ്‍സിന്റെ ജയം സ്വന്തമാക്കി. 168 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെയ്ക്കു അഞ്ചു വിക്കറ്റിന് 157 റണ്‍സെടുക്കാനേ ആയുള്ളൂ. ഒരു ഘട്ടത്തില്‍ രണ്ടിന് 100 റണ്‍സെന്ന മികച്ച നിലയില്‍ ജയത്തിലേക്കു മുന്നേറുകയായിരുന്ന സിഎസ്‌കെയ്ക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് വിനയാവുകയായിരുന്നു.

രണ്ടിന് 100 റണ്‍സില്‍ നിന്നും സിഎസ്‌കെ അഞ്ചിന് 129 റണ്‍സെന്ന നിലയിലേക്കു വീണു. ഇതോടെ റണ്‍റേറ്റ് ഉയരുകയും സിഎസ്‌കെയ്ക്കു ലക്ഷ്യം അപ്രാപ്യമായി മാറുകയുമായിരുന്നു. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍ (50) തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയടിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. നായകന്‍ എംഎസ് ധോണി മല്‍സരത്തില്‍ നാലാം നമ്പറില്‍ കളിച്ചെങ്കിലും 11 റണ്‍സെടുക്കാനേ ആയുള്ളൂ. ഫാഫ് ഡുപ്ലെസി (17), സാം കറെന്‍ (17) എന്നിവരും നിറംമങ്ങി. രവീന്ദ്ര ജഡേജയും (21*) കേദാര്‍ ജാദവും (7*) പുറത്താവാതെ നിന്നു.

ടീം സ്‌കോര്‍ 101ല്‍ വച്ച് മികച്ച ഫോമില്‍ ബാറ്റ് വീശിയ വാട്‌സനെ നരെയ്ന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. പിന്നാലെ ധോണിയും കറെനും മടങ്ങിയതോടെ സിഎസ്‌കെയില്‍ നിന്നും വിജയം അകന്നു പോയി. കെകെആറിനായി ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തേ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച രാഹുല്‍ ത്രിപാഠിയുടെ (81) ഇന്നിങ്‌സിന്റെ മികവിലാണ് കെകെആര്‍ 167 റണ്‍സെടുത്തത്. 51 പന്തുകള്‍ നേരിട്ട ത്രിപാഠി എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും നേടി. ത്രിപാഠിയൊഴികെ കെകെആര്‍ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 20 റണ്‍സ് പോലും ശേഷിച്ച ആര്‍ക്കും നേടാനായില്ല. സുനില്‍ നരെയ്ന്‍ (17), പാറ്റ് കമ്മിന്‍സ് (17*), ദിനേഷ് കാര്‍ത്തിക് (12), ശുഭ്മാന്‍ ഗില്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നിതീഷ് റാണ (9), ഇയോന്‍ മോര്‍ഗന്‍ (7), ആന്ദ്രെ റസ്സല്‍ (2) അടക്കമുള്ള ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി.

മൂന്നു വിക്കറ്റെടുത്ത ഡ്വയ്ന്‍ ബ്രാവോയും രണ്ടു വിക്കറ്റ് വീതമെടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍, കാണ്‍ ശര്‍മ, സാം കറെന്‍ എന്നിവര്‍ ചേര്‍ന്നാണ് കെകെആറിനെ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. കെകെആര്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ സിഎസ്‌കെ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയ്ക്കു പകരം കാണ്‍ ശര്‍മ ടീമിലെത്തി.

പുതിയ ഓപ്പണിങ് ജോടി

പുതിയ ഓപ്പണിങ് ജോടിയെയാണ് കെകെആര്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. സുനില്‍ നരെയ്‌നു പകരം രാഹുല്‍ ത്രിപാഠിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് ജോടിയായി ഇറങ്ങിയത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. ത്രിപാഠി തകര്‍പ്പന്‍ പ്രകടനമാണ് കെകെആറിനു വേണ്ടി പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ 37 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

ഗില്ലിനെ പുറത്താക്കി താക്കൂറാണ് സിഎസ്‌കെയ്ക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്തില്‍ ഷോട്ടിന് ശ്രമിച്ച ഗില്ലിനു പിഴച്ചു. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ധോണിയുടെ ഗ്ലൗസുകളിലൊതുങ്ങി.

റാണ, നരെയ്ന്‍

മൂന്നാമായി നിതീഷ് റാണ തന്നെയാണ് പതിവു പോലെ ഇറങ്ങിയത്. പക്ഷെ റാണയെ സിഎസ്‌കെ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. സീസണില്‍ തന്റെ ആദ്യ മല്‍സരം കളിച്ച സ്പിന്നര്‍ കാണ്‍ ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. തകര്‍പ്പനൊരു ക്യാച്ചിലൂടെയാണ് രവീന്ദ്ര ജഡേജയും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് റാണയെ മടക്കിയത്. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ഡൈവ് ചെയ്ത് ക്യാച്ചെടുത്ത ജഡേജ മുന്നോട്ട് സ്ലൈഡ് ചെയ്യവെ കിടന്നു കൊണ്ട് തന്നെ പന്ത് ഡുപ്ലെസിക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.

ഓപ്പണിങ് പൊസിഷനില്‍ നിന്നു മാറി നാലാം നമ്പറിലേക്കു വന്നെങ്കിലും നരെയ്‌നില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 17 റണ്‍സെടുത്ത നരെയ്‌നെ കാണ്‍ ശര്‍മയുടെ ബൗളിങില്‍ ഡുപ്ലെസി ക്യാച്ച് ചെയ്തു. കെകെആര്‍ മൂന്നിന് 98.

മോര്‍ഗനും റസ്സലും നിരാശപ്പെടുത്തി

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കരായ ഇയോന്‍ മോര്‍ഗനും ആന്ദ്രെ റസ്സലിനും കാര്യമയാ സംഭാവന നല്‍കാനായില്ല. അടുത്തടുത്ത ഇടവേളകളില്‍ ഇരുവരും പുറത്തായി. 10 പന്തില്‍ നിന്നും ഏഴു റണ്‍സെടുത്ത മോര്‍ഗനെ സാം കറെന്റെ ബൗളിങില്‍ ധോണിയാണ് ക്യാച്ച് ചെയ്തത്.

വൈകാതെ തന്നെ വമ്പനടിക്കാരനായ റസ്സലും മടങ്ങി. നാലു പന്ത് നേരിട്ട റസ്സലിന് വെറും രണ്ടു റണ്‍സെടുക്കാനേ ആയുള്ളൂ. താക്കൂറിന്റെ ബൗളിങില്‍ ധോണി അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!