പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി, സണ്‍റൈസേഴ്‌സിന് 69 റണ്‍സ് ജയം

പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി, സണ്‍റൈസേഴ്‌സിന് 69 റണ്‍സ് ജയം

ദുബായ്: ഐപിഎല്‍ 22 ആം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 69 റണ്‍സ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിന്റെ പോരാട്ടം 132 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. കിങ്‌സ് ഇലവന്‍ നിരയില്‍ നിക്കോസ് പൂരനൊഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തി. പൂരന്‍ 37 പന്തില്‍ 77 റണ്‍സെടുത്തു. 7 സിക്‌സും 5 ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ഹൈദരാബാദ് ബൗളര്‍മാര്‍ക്കിടയില്‍ തിളങ്ങിയത്. മത്സരത്തില്‍ ഖലീല്‍ അഹമ്മദിനും ടി നടരാജനും രണ്ടു വിക്കറ്റുണ്ട്. അഭിഷേക് ശര്‍മയ്ക്ക് ഒന്നും.

തകര്‍ച്ചയോടെയാണ് കിങ്‌സ് ഇലവന്‍ ഇന്നിങ്‌സ് തുടങ്ങിയത്. മായങ്ക് അഗര്‍വാള്‍ – കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് രണ്ടാം ഓവറില്‍ പിരിഞ്ഞു. രാഹുലിന്റെ പിഴവില്‍ മായങ്ക് (6 പന്തില്‍ 9) റണ്ണൗട്ടാവുകയായിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ്ങിനും ക്രീസില്‍ ചുവടുറപ്പിക്കാനായില്ല. ഖലീല്‍ അഹമ്മദിന്റെ അഞ്ചാം ഓവറില്‍ പ്രിയം ഗാര്‍ഗ് ഉജ്ജ്വല ക്യാച്ചെടുത്തപ്പോള്‍ പ്രഭ്‌സിമ്രാന്‍ സിങിന് (8 പന്തില്‍ 11) തിരിച്ചുകയറേണ്ടി വന്നു. പവര്‍പ്ലേ കഴിഞ്ഞതിന് പിന്നാലെയാണ് കെഎല്‍ രാഹുലിന് വിക്കറ്റ് നഷ്ടപ്പെട്ടത്. അഭിഷേക് ശര്‍മയുടെ പന്തില്‍ കെയ്ന്‍ വില്യംസണിന് ക്യാച്ച് നല്‍കി പഞ്ചാബ് നായകന്‍ രാഹുല്‍ (16 പന്തില്‍ 11) മടങ്ങുകയായിരുന്നു.

ശേഷം വന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനോ (12 പന്തില്‍ 7) മന്ദീപ് സിങ്ങിനോ (6 പന്തില്‍ 6) മുജീബ് ഉര്‍ റഹ്മാനോ (3 പന്തില്‍ 1) പഞ്ചാബിന്റെ പോരാട്ടെ സ്വാധീനിക്കാനായില്ല. ഇതിനിടെ നിക്കോളസ് പൂരന്റെ ഒറ്റയാന്‍ പ്രകടനമാണ് കിങ്‌സ് ഇലവന്റെ പ്രതീക്ഷ നിലനിര്‍ത്തിയത്. എന്നാല്‍ 15 ആം ഓവറില്‍ പൂരനെ റാഷിദ് കുടുക്കിയതോടെ പഞ്ചാബിന്റെ ജയമോഹങ്ങള്‍ അസ്തമിച്ചു. റാഷിദ് ഖാനെതിരെ അമിത പ്രതിരോധം കാണിച്ചതാണ് പൂരന് വിനയായത്. മുഹമ്മദ് ഷമി (0), ഷെല്‍ഡണ്‍ കോട്രല്‍ (0), അര്‍ഷദീപ് സിങ് (0) എന്നിവര്‍ പെട്ടെന്നു തിരിച്ചുകയറിയതോടെ പഞ്ചാബിന്റെ പതനം പൂര്‍ണമായി.

നേരത്തെ, നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡില്‍ 201 റണ്‍സ് കുറിച്ചത്. സണ്‍റൈസേഴ്‌സ് നിരയില്‍ സെഞ്ച്വറിക്കരികിലെത്തിയ ബെയര്‍സ്‌റ്റോയാണ് ടോപ് സ്‌കോറര്‍. ബെയര്‍സ്‌റ്റോ 55 പന്തില്‍ 97 റണ്‍സെടുത്തു. 6 സിക്‌സും 7 ബൗണ്ടറിയും ഇദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. വാര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് ബെയര്‍‌സ്റ്റോ നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദ് ഇന്നിങ്‌സിന് അടിത്തറ പാകിയത്.

പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ആറു ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും വാര്‍ണര്‍ – ബെയര്‍‌സ്റ്റോ സഖ്യം 15 ഓവറുകള്‍ അനായാസം ക്രീസില്‍ നിലകൊണ്ടു. മത്സരത്തില്‍ വാര്‍ണര്‍ക്ക് അര്‍ധ സെഞ്ച്വറിയുണ്ട്. 40 പന്തില്‍ 52 റണ്‍സ് വാര്‍ണര്‍ അടിച്ചെടുത്തു. 1 സിക്‌സും 5 ബൗണ്ടറിയും ഇതില്‍പ്പെടും. പഞ്ചാബ് നിരയില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി; അര്‍ഷദീപ് സിങ് രണ്ടും.

മികച്ച തുടക്കമാണ് വാര്‍ണറും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ഹൈദരാബാദിന് സമ്മാനിച്ചത്. തുടക്കംമുതല്‍ക്കെ ഇരുവരും പഞ്ചാബ് ബൗളര്‍മാരെ നിലംപരിശാക്കി. ആദ്യ പവര്‍പ്ലേ തീരുമ്പോള്‍ 58 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കപ്പെട്ടു. 10 ഓവര്‍ പിന്നിട്ടപ്പോഴേക്കും കൃത്യം 100 റണ്‍സും. വിക്കറ്റിനായുള്ള പഞ്ചാബിന്റെ തിരച്ചില്‍ 16 ആം ഓവറിലാണ് അവസാനിക്കുന്നത്. ആദ്യം വാര്‍ണറിനെയും ശേഷം സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ ബെയര്‍സ്‌റ്റോയെയും രവി ബിഷ്‌ണോയി വീഴ്ത്തി. എന്നാല്‍ ഈ സമയംകൊണ്ട് ഹൈദരാബാദ് സ്‌കോര്‍ 160 കടന്നിരുന്നു. ഇവര്‍ക്ക് ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെയ്ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 17 ആം ഓവറില്‍ അര്‍ഷദീപ് സിങ് പാണ്ഡയെ (2 പന്തില്‍ 1) തിരിച്ചയച്ചു.

18 ആം ഓവറില്‍ അബ്ദുല്‍ സമദും (7 പന്തില്‍ 8) വീണതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. രവി ബിഷ്‌ണോയിക്കാണ് സമദിന്റെയും വിക്കറ്റ്. 19 ആം ഓവറില്‍ പ്രിയം ഗാര്‍ഗിനെ (0) പുറത്താക്കി അര്‍ഷദീപ് സിങ് പഞ്ചാബിനെ മത്സരത്തിലേക്ക് ശക്തമായി തിരികെകൊണ്ടുവന്നു. അവസാന ഓവറില്‍ അഭിഷേക് ശര്‍മ – കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ട് നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ 201 റണ്‍സില്‍ എത്തിച്ചത്.

Share this story