രാജസ്ഥാനെ പിടിച്ചുകെട്ടി; ഡല്‍ഹി വീണ്ടും വിജയവഴിയില്‍: തലപ്പത്ത് തിരിച്ചെത്തി

രാജസ്ഥാനെ പിടിച്ചുകെട്ടി; ഡല്‍ഹി വീണ്ടും വിജയവഴിയില്‍: തലപ്പത്ത് തിരിച്ചെത്തി

ദുബായ്: തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്കു കുതിച്ച രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടും വിജയവഴിയില്‍. 13 റണ്‍സിനാണ് രാജസ്ഥാനെ ഡല്‍ഹി കീഴടക്കിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അവര്‍ തലപ്പത്ത് തിരിച്ചെത്തുകയും ചെയ്തു. മികച്ച ഡെത്ത് ഓവര്‍ ബൗളിങിലൂടെയാണ് കൈവിട്ട കളി ഡല്‍ഹി തിരിച്ചുപിടിച്ചത്.

ടോസിനു ശേഷം ബാറ്റ് ചെയ്ത ഡല്‍ഹി 162 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നില്‍ വച്ചത്. മറുപടിയില്‍ എട്ടു 148 വിക്കറ്റിന് റണ്‍സെടുക്കാനേ രാജസ്ഥാന് കഴിഞ്ഞുള്ളൂ. ബെന്‍ സ്‌റ്റോക്‌സ് (41), റോബിന്‍ ഉത്തപ്പ (32), മലയാളി താരം സഞ്ജു സാംസണ്‍ (25), ജോസ് ബട്‌ലര്‍ (22) എന്നിവരാണ് രാജസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ ടീമിനെ തോല്‍വിയുടെ വക്കില്‍ നിന്നും വിജയത്തിലെത്തിച്ച് ഹീറോയായി മാറിയ രാഹുല്‍ തെവാത്തിയക്കു ഇത്തവണ മാജിക്ക് ആവര്‍ത്തിക്കാനായില്ല. 18 പന്തില്‍ പുറത്താവാതെ 14 റണ്‍സാണ് തെവാത്തിയ നേടിയത്. ഡല്‍ഹിക്കു വേണ്ടി ആന്റിച്ച് നോര്‍ട്ടെയും സീസണിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി ഏഴു വിക്കറ്റിനാണ് 161 റണ്‍സ് നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (57), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 33 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ശ്രേയസ് 43 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി.

പൃഥ്വി ഷാ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയപ്പോള്‍ അജിങ്ക്യ രഹാനെ രണ്ടു റണ്‍സിന് പുറത്തായി. മാര്‍ക്കസ് സ്റ്റോയ്‌നിസ് (18), അലെക്‌സ് ക്യാരി (14), അക്ഷര്‍ പട്ടേല്‍ (7) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. നാലോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരം മൂന്നു പേരെ പുറത്താക്കിയത്. ജയദേവ് ഉനാട്കട്ട് രണ്ടു വിക്കറ്റെടുത്തു.

ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ റിഷഭ് പന്തില്ലാതെയാണ് ഡല്‍ഹി ഈ മല്‍സരത്തിലും ഇറങ്ങിയത്. പേസര്‍ ഹര്‍ഷല്‍ പട്ടേലിനു പകരം തുഷാര്‍ ദേശ്പാണ്ഡെ പ്ലെയിങ് ഇലവനിലെത്തി. രാജസ്ഥാന്‍ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

പൃഥ്വി ഗോള്‍ഡന്‍ ഡെക്ക്

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. വെടിക്കെട്ട് താരം പൃഥ്വി ഷായെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിക്കു നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ തീയുണ്ട കണക്കെയുള്ള പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ പൃഥ്വിക്ക് എന്താണ് സംഭവിച്ചതെന്നു പോലും ആദ്യം മനസ്സിലായില്ല. ബാറ്റിന് അരികില്‍ തട്ടിയാണ് പന്ത് വിക്കറ്റില്‍ പതിച്ചത്.

രഹാനെയും മടങ്ങി

പൃഥ്വി മടങ്ങി അധികം വൈകാതെ തന്നെ തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും രാജസ്ഥാന്‍ പുറത്താക്കി. ഈ വിക്കറ്റും ആര്‍ച്ചര്‍ക്കു തന്നെയായിരുന്നു. മൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു രഹാനെ വീണത്. ഷോര്‍ട്ട് ബോളിനെതിരേ രഹാനെയുടെ ഷോട്ടിന്റെ ടൈമിങ് പിഴച്ചപ്പോള്‍ മിഡ് ഓണില്‍ സിംപിള്‍ ക്യാച്ചിലൂടെ റോബിന്‍ ഉത്തപ്പ രഹാനെയെ വീഴ്ത്തി. ഒമ്പത് പന്തില്‍ രണ്ട് റണ്‍സായിരുന്നു താരം നേടിയത്.

ധവാന്‍-ശ്രേയസ് കൂട്ടുകെട്ട്

10 റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയിലേക്കു ഡല്‍ഹി വീണെങ്കിലും ധവാനും നായകന്‍ ശ്രേയസും ചേര്‍ന്ന് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 85 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തു. ഇതിനിടെ ധവാന്‍ തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. ഈ സീസണില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ടീം സ്‌കോര്‍ 95ല്‍ വച്ചാണ് ധവാന്‍ മടങ്ങിയത്. 33 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 57 റണ്‍സെടുത്ത ശ്രേയസ് ഗോപാലാണ് പുറത്താക്കിയത്. റിവേഴ്‌സ് ഹിറ്റിനു ശ്രമിച്ച ധവാനെ കാര്‍ത്തിക് ത്യാഗിയാണ് പിടികൂടിയത്.

Share this story