ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ഷാര്‍ജ: ഐപിഎല്ലിലെ 34ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശിഖര്‍ ധവാന്റെ മൂന്നു ക്യാച്ചുകള്‍ കൈവിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ചോദിച്ചു വാങ്ങി. ജീവന്‍ തിരിച്ചുകിട്ടിയ ധവാന്‍ (101*) തകര്‍പ്പന്‍ സെഞ്ച്വറിയുമായി സിഎസ്‌കെയുടെ കഥ കഴിക്കുകയും ചെയ്തു. ഈ തോല്‍വിയോടു സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഡല്‍ഹി ഒന്നാംസ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു.

180 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ ഡല്‍ഹിക്കു നല്‍കിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും ധവാന്റെ വണ്‍മാന്‍ ഷോ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. മൂന്നു ക്യാച്ചുകള്‍ കൈവിട്ട സിഎസ്‌കെ താരത്തെ ഇതിന് ‘സഹായിക്കുകയും’ ചെയ്തു. 19.5 ഓവറില്‍ അഞ്ചു വിക്കറ്റിന് ഡല്‍ഹി ലക്ഷ്യത്തിലെത്തി. 58 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് ധവാന്‍ റണ്‍സ് നേടിയത്. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ കന്നി സെഞ്ച്വറി കൂടിയാണിത്. അവസാന ഓവറില്‍ ഡല്‍ഹിക്കു 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയുടെ ഈ ഓവറില്‍ മൂന്നു സിക്‌സറുകള്‍ പറത്തിയ അക്ഷര്‍ പട്ടേല്‍ ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. വെറും അഞ്ച് പന്തില്‍ 21 റണ്‍സ് പട്ടേല്‍ വാരിക്കൂട്ടി. നായകന്‍ ശ്രേയസ് അയ്യര്‍ (23), അജിങ്ക്യ രഹാനെ (8), മാര്‍ക്കസ് സ്റ്റോയ്‌നിസ് (24), അലെക്‌സ് ക്യാരി (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സിഎസ്‌കെയ്ക്കു വേണ്ടി ദീപക് ചഹര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്‌കെ നാലു വിക്കറ്റിനാണ് 179 റണ്‍സെടുത്തത്. ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയുടെ (58) ഇന്നിങ്‌സാണ് സിഎസ്‌കെയ്ക്കു കരുത്തായത്. 47 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അമ്പാട്ടി റായുഡു (45*), ഷെയ്ന്‍ വാട്‌സന്‍ (36), രവീന്ദ്ര ജഡേജ (33* എന്നിവരാണ് സിഎസ്‌കെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വീണ്ടും ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ട സാം കറെന്‍ (0), നായകന്‍ എംഎസ് ധോണി (3) എന്നിവര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. വെറും 13 പന്തിലാണ് നാലു സിക്‌സറുകളോടെ ജഡേജ 33 റണ്‍സ് വാരിക്കൂട്ടിയതെങ്കില്‍ റായുഡു 25 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചു. അവസാനത്തെ അഞ്ചോവറില്‍ 67 റണ്‍സ് സിഎസ്‌കെ അടിച്ചെടുത്തു. ഒരു വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ഇതാണ് സിഎസ്‌കെയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ട്ടെ രണ്ടു വിക്കറ്റെടുത്തു. ഈ മല്‍സരത്തില്‍ ഒരു വിക്കറ്റ് നേടിയതോടെ പേസര്‍ കാഗിസോ റബാദ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ നിന്നും ഈ നേട്ടം കൈവരിച്ച ബൗളറായി ഇതോടെ റബാദ മാറുകയും ചെയ്തു.

തൊട്ടുമുമ്പത്തെ മല്‍സരത്തിനിടെ പരിക്കേറ്റ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ഈ കളിയില്‍ ഉണ്ടാവുമോയെന്ന കാര്യം നേരത്തേ സംശയത്തിലായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം ഈ മല്‍സരത്തില്‍ ടീമിനു വേണ്ടി ഇറങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ ഒരു മാറ്റം വരുത്തിയാണ് സിഎസ്‌കെ ഇറങ്ങിയത്. പിയൂഷ് ചൗളയ്ക്കു പകരം കേദാര്‍ ജാദവ് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. മറുഭാഗത്ത് ഡല്‍ഹി ടീമില്‍ മാറ്റങ്ങള്‍ ഇല്ലായിരുന്നു.

അക്കൗണ്ട് തുറക്കാതെ കറെന്‍ പുറത്ത്

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സാം കറെന്‍- ഫാഫ് ഡുപ്ലെസി ജോടിയെയാണ് സിഎസ്‌കെ ഓപ്പണര്‍മാരായി ഇറക്കിയത്. എന്നാല്‍ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കറെന് കഴിഞ്ഞില്ല. സിഎസ്‌കെയുടെയും തന്റെയും അക്കൗണ്ട് തുറക്കും മുമ്പ് കറെന്‍ ക്രീസ് വിട്ടു. തുഷാര്‍ ദേശ്പാണ്ഡെയാണ് ഇന്നിങ്‌സിലെ മുന്നാമത്തെ പന്തില്‍ തന്നെ കറെനെ മടക്കിയത്. ഓഫ്‌സൈഡിനു പുറത്തേക്കു പോയ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച കറെനെ ബൗണ്ടറി ലൈനിന് തൊട്ടരികെ മികച്ചൊരു ക്യാച്ചിലൂടെ ആന്റിച്ച് നോര്‍ട്ടെ പുറത്താക്കി.

ഡുപ്ലെസി- വാട്‌സന്‍ കൂട്ടുകെട്ട്

രണ്ടാം വിക്കറ്റില്‍ പരിചയസമ്പന്നരായ ഡുപ്ലെസിയും ഷെയ്ന്‍ വാട്‌സനും ക്രീസില്‍ ഒരുമിച്ചതോടെ സിഎസ്‌കെ കളിയിലേക്കു തിരിച്ചുവന്നു. 87 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇവര്‍ ടീമിനെ കരകയറ്റി.

ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് നോര്‍ട്ടെയിലൂടെ ഡല്‍ഹി നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്. 12ാം ഓവറിലെ നാലാമത്തെ പന്തില്‍ എക്രോസ് ദി ലൈന്‍ കളിച്ച വാട്‌സന് ടൈമിങ് പിഴച്ചപ്പോള്‍ മിഡില്‍ സ്റ്റംപ് തെറിച്ചു. 28 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് വാട്‌സന്‍ 35 റണ്‍സെടുത്തത്.

ഡുപ്ലെസി, ധോണി

സിഎസ്‌കെയുടെ ടോപ്‌സ്‌കോററായ ഡുപ്ലെസിയാണ് മൂന്നാമനായി ക്രീസ് വിട്ടത്. കരിയറിലെ മറ്റൊരു ഫിഫ്റ്റി കൂടി കണ്ടെത്തിയ ഡുപ്ലെസിയെ റബാദയാണ് മടക്കിയത്. കളിയില്‍ താരത്തിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. ഇതോടെ റബാദ ഐപിഎല്ലില്‍ 50 വിക്കറ്റുകളും പൂര്‍ത്തിയാക്കി.

ഡുപ്ലെസിയെ ലോങ് ഓണില്‍ നിന്നും ഓടിയെത്തിയ ശിഖര്‍ ധവാന്‍ മുന്നോട്ട് ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ എംഎസ് ധോണിക്കു അഞ്ചു പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. നോര്‍ട്ടെയുടെ ഓവറില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ടിന് കളിച്ച ധോണി എഡ്ജ് ചെയ്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി. സിഎസ്‌കെ നാലിന് 129.

Share this story