ഡിവില്ലിയേഴ്‌സിന്റെ മിന്നൽ ബാറ്റിംഗ്; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം

ഡിവില്ലിയേഴ്‌സിന്റെ മിന്നൽ ബാറ്റിംഗ്; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഒരിക്കൽ കൂടി പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ രാജസ്ഥാൻ വിജയമുറപ്പിച്ചിരുന്നതാണ്. എന്നാൽ എ ബി ഡിവില്ലിയേഴ്‌സിന്റെ തകർപ്പൻ ബാറ്റിംഗാണ് ബാംഗ്ലൂരിന് തുണയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു. ബാംഗ്ലൂർ രണ്ട് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു

അവസാന രണ്ട് ഓവറിൽ 35 റൺസ് വേണമെന്ന ഘട്ടത്തിലാണ് എബിഡിയുടെ ശക്തി കണ്ടത്. ജയദേവ് ഉനദ്കട്ടിന്റെ ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും ഉൾപ്പെടെ റൺസ് വാരിക്കൂട്ടിയപ്പോൾ അവസാന ഓവറിൽ വേണ്ടിയിരുന്നത് വെറും 10 റൺസ്.

ഡിവില്ലിയേഴ്‌സ് വെറും 22 പന്തിൽ ആറ് സിക്‌സും ഒരു ഫോറും സഹിതം 55 റൺസുമായി പുറത്താകാതെ നിന്നു. നായകൻ വിരാട് കോഹ്ലി 43 റൺസും ദീപക് പടിക്കൽ 35 റൺസും ഗുർകീരാത് സിംഗ് 19 റൺസുമെടുത്തു.

നേരത്തെ 57 റൺസെടുത്ത സ്മിത്തിന്റെയും 41 റൺസെടുത്ത ഉത്തപ്പയുടെയും മികവിലാണ് രാജസ്ഥാൻ സ്‌കോർ 177ൽ എത്തിച്ചത്. സ്‌റ്റോക്‌സ് 15 റൺസും ബട്‌ലർ 24 റൺസും തെവാത്തിയ 19 റൺസുമെടുത്തു

Share this story