ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും, ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു

ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും, ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയച്ചു. രണ്ടു കൂട്ടരും ടീമില്‍ അഴിച്ചുപണി നടത്തിയാണ് ഇറങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണും കൂല്‍ദീപ് യാദവും കൊല്‍ത്തന്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഹൈദരാബാദിനായി ഖലീല്‍ അഹമ്മദിന് പകരം മലയാളി താരം ബേസില്‍ തമ്പി ഇന്നിറങ്ങും. പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളവര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമാണ്.

അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മികച്ച താരനിരയുണ്ടെങ്കിലും ആരും ഫോമിലല്ലാത്തതാണ് പ്രധാന പ്രശ്നം. ഇയാല്‍ മോര്‍ഗനും ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. എന്നാല്‍ ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന്റെ മെല്ലേപ്പോക്ക് ടീമിന് തലവേദനയാകുന്നുണ്ട്. കാര്‍ത്തിക്കും റസലും നിതീഷ് റാണയും പരാജയമാണെന്ന് തുടര്‍ച്ചയായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കാര്‍ത്തിക്കിനെ മാറ്റി നായകസ്ഥാനത്തേക്ക് മോര്‍ഗന്‍ എത്തിയിട്ടും ടീമിന്റെ പ്രകടനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വലിയ വിമര്‍ശനം തന്നെ ടീമിന് നേരിടേണ്ടിവരും.

സ്ഥിരതയില്ലായ്മ തന്നെയാണ് ഹൈദരാബാദിന്റെയും പ്രധാന പ്രശ്‌നം. ഒരു ബാറ്റ്‌സ്മാനും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നില്ല. കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ഓപ്പണിംഗില്‍ വാര്‍ണര്‍-ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ട് മികവുകാട്ടേണ്ടത് ടീമിന് അത്യാവശ്യമാണ്. റാഷിദ് ഖാന്‍ സ്പിന്നില്‍ ശോഭിക്കുന്നുണ്ട്. ടി നടരാജന്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും മികച്ചതാണ്.

കളിക്കണക്കു നോക്കിയാല്‍ 18 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 11 ലും ജയം കൊല്‍ക്കയ്ക്കായിരുന്നു. 7 എണ്ണത്തില്‍ ഹൈദരാബാദ് വിജയിച്ചു. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന്റെ ജയം ഹൈദരാബാദിനായിരുന്നു. ഇരുടീമിനും ഇത് നിലനില്‍പ്പിന്റെ പോരാട്ടമായതിനാല്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം.

Share this story