പാണ്ഡെയിലേറി ഹൈദരാബാദ്; അനായാസ ജയം: രാജസ്ഥാന്റെ സാധ്യത മങ്ങി

Share with your friends

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ അനായാസ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതകള്‍ ഏറക്കുറെ അസ്തമിച്ചു. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്ന കളിയില്‍ എട്ടു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

155 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ അപരാജിത സെഞ്ച്വറി കൂട്ടുകെട്ട് ഉജ്ജ്വല വിജയം നേടിക്കൊടുത്തു. 18.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. മനീഷ് പാണ്ഡെ (83*), വിജയ് ശങ്കര്‍ (52*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്. പാണ്ഡെ 47 പന്തില്‍ നാലു ബൗണ്ടറികളും എട്ടു സിക്‌സറും പറത്തി. ശങ്കര്‍ 51 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 52 റണ്‍സ് നേടിയത്.

നായകന്‍ ഡേവിഡ് വാര്‍ണര്‍ (4), ജോണി ബെയര്‍സ്‌റ്റോ (10) എന്നിവരെ ടീം സ്‌കോറില്‍ 16 റണ്‍സാവുമ്പോഴേക്കും രാജസ്ഥാന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പാണ്ഡെ- ശങ്കര്‍ ചേര്‍ന്നെടുത്ത 140 റണ്‍സ് കളി രാജസ്ഥാനില്‍ നിന്നും തട്ടിയെടുത്തു. ആറു ബൗളര്‍മാരെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്മിത്ത് പരീക്ഷിച്ചെങ്കിലും രണ്ടു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചര്‍ മാത്രമേ പ്രതീക്ഷ കാത്തുള്ളൂ.

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ ആറു വിക്കറ്റിനാണ് 154 റണ്‍സെടുത്തത്. രാജസ്ഥാന്‍ നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 36 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ബെന്‍ സ്റ്റോക്‌സ് (30), റിയാന്‍ പരാഗ് (20) എന്നിവകാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍.

റോബിന്‍ ഉത്തപ്പ (19), ജോസ് ബട്‌ലര്‍ (9), നായകന്‍ സ്റ്റീവ് സ്മിത്ത് (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ജോഫ്ര ആര്‍ച്ചറും (16*) രാഹുല്‍ തെവാത്തിയയും (2*) പുറത്താവാതെ നിന്നു. അവസാന അഞ്ചോവറില്‍ 49 റണ്‍സ് മാത്രമാണ് രാജസ്ഥാനു നേടാനായത്. മൂന്നു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായി. ആദ്യമായി ഈ സീസണില്‍ പ്ലെയിങ് ഇലവനിലെത്തിയ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദ് ബൗളിങ് നിരയില്‍ മികച്ചു നിന്നത്. ഹോള്‍ഡര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെത്തന്നെ രാജസ്ഥാന്‍ നിലനിര്‍ത്തിയപ്പോള്‍ ഹൈദരാബാദ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. കെയ്ന്‍ വില്ല്യംസണ്‍, മലയാളി പേസര്‍ ബേസില്‍ തമ്പി എന്നിവര്‍ക്കു പകരം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ കളിച്ചു.

ഉത്തപ്പ റണ്ണൗട്ട്

രാജസ്ഥാന്റെ തുടക്കം മോശമല്ലായിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ട് രാജസ്ഥാനെ ഞെട്ടിച്ചു. ആദ്യ വിക്കറ്റില്‍ റോബിന്‍ ഉത്തപ്പ- ബെന്‍ സ്റ്റോക്‌സ് ജോടി 30 റണ്‍സെടുത്തിരുന്നു. ആക്രമിച്ചു കൡച്ച ഉത്തപ്പെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. 13 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 19 റണ്‍സെടുത്ത ഉത്തപ്പയെ സീസണിലെ ആദ്യ മല്‍സരം കളിച്ച ജാസണ്‍ ഹോള്‍ഡര്‍ റണ്ണൗട്ടാക്കി.

ഹോള്‍ഡറുടെ ഓവറില്‍ അനാവശ്യ സിംഗിളിനു ശ്രമിച്ച ഉത്തപ്പയെ ഹോള്‍ഡര്‍ തന്നെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.

സഞ്ജു- സ്റ്റോക്‌സ് കൂട്ടുകെട്ട്

സ്‌റ്റോക്‌സിനു കൂട്ടായി മലയാളി താരം സഞ്ജു സാംസണ്‍ വന്നതോടെ രാജസ്ഥാന്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ആരംഭിച്ചു. മുന്‍ മല്‍സരങ്ങളിലെല്ലാം ചെറിയ സ്‌കോറിനു പുറത്തായ സഞ്ജു ഈ കളിയില്‍ മിന്നുന്ന ഫോമിലായിരുന്നു. കണ്ണഞ്ചിപ്പിക്കുന് ചില ബൗണ്ടറികളും സിക്‌സറും താരം നേടി. 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുന്നേറി സ്റ്റോക്‌സ്- സഞ്ജു ജോടിയെ വേര്‍പിരിച്ചത് ഹോള്‍ഡറായിരുന്നു. 26 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 36 റണ്‍സെടുത്ത സഞ്ജുവിനെ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. ഹോള്‍ഡറുടെ ഓഫ് കട്ടറിനെതിരേ വിക്കറ്റില്‍ നിന്നും മാറിനിന്ന് ഷോട്ട് കളിക്കാന്‍ ശ്രമിച്ച സഞ്ജുവിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു.

പിന്നാലെ സ്റ്റോക്‌സും

സഞ്ജു മടങ്ങി തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ രാജസ്ഥാന്‍ സ്‌കോറിലേക്ക് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കും മുമ്പ് സ്റ്റോക്‌സും ക്രീസ് വിട്ടു. റാഷിദ് ഖാനായിരുന്നു വിക്കറ്റ്. യഥാര്‍ഥ താളത്തില്‍ കളിക്കാന്‍ പാടുപെട്ട സ്റ്റോക്‌സ് 32 പന്തില്‍ രണ്ടു ബൗണ്ടറിയോടെയാണ് 30 റണ്‍സെടുത്തത്. പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച സ്റ്റോക്‌സിനു ടൈമിങ് പിഴച്ചപ്പോള്‍ പന്ത് പാഡില്‍ തട്ടിയ ശേഷം സ്റ്റംപില്‍ പതിക്കുകയായിരുന്നു.

വെടിക്കെട്ട് താരം ജോസ് ബട്‌ലറില്‍ നിന്നും രാജസ്ഥാനു കാര്യമായ സംഭാവനയൊന്നും ലഭിച്ചില്ല. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത ബട്‌ലറിനെ വിജയ് ശങ്കര്‍ പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ വേഗം കുറഞ്ഞ പന്തിനെതിരേ ഡ്രൈവിനു ശ്രമിച്ച ബട്‌ലറെ ബാക്‌വേര്‍ഡ് പോയിന്റില്‍ ഷഹബീസ് നദീം പിടികൂടി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-