ഗെയ്ല്‍ക്കാറ്റില്‍ കൊല്‍ക്കത്ത നിലംപൊത്തി; പഞ്ചാബിന് 8 വിക്കറ്റ് ജയം

ഗെയ്ല്‍ക്കാറ്റില്‍ കൊല്‍ക്കത്ത നിലംപൊത്തി; പഞ്ചാബിന് 8 വിക്കറ്റ് ജയം

ഷാര്‍ജ: രണ്ടും കല്‍പ്പിച്ചായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. നാലാം സ്ഥാനത്ത് നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ച് താഴെയിറക്കണം. ഷാര്‍ജയില്‍ കെഎല്‍ രാഹുലും സംഘവും ഇതു നടപ്പിലാക്കുകയും ചെയ്തു. വീശിയടിച്ച ഗെയ്ല്‍ക്കാറ്റില്‍ കൊല്‍ക്കത്ത നിലംപൊത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 7 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയിച്ചത്. കെഎല്‍ രാഹുലിന്റെ വിക്കറ്റൊഴിച്ചാല്‍ വലിയ നാശനഷ്ടങ്ങളൊന്നും പഞ്ചാബിന്റെ ഭാഗത്തു സംഭവിച്ചുമില്ല.

ജയിക്കണമെന്ന ഉറച്ച തീരുമാനവുമായാണ് കിങ്‌സ് ഇലവന്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. മന്ദീപ് സിങ്ങും (56 പന്തിൽ 66) ക്രിസ് ഗെയ്‌ലും (29 പന്തിൽ 51) ക്രീസില്‍ താണ്ഡവമാടിയപ്പോള്‍ പന്ത് എവിടെയെറിയണമെന്ന് ആലോചിച്ച് കൊല്‍ക്കത്ത ബൗളര്‍മാര്‍ കുഴങ്ങി. മത്സരത്തില്‍ മന്ദീപിനും ഗെയ്‌ലിനും അര്‍ധ സെഞ്ച്വറിയുണ്ട്. ഗെയ്‌ലിന്റെ അതിവേഗ ഇന്നിങ്‌സാണ് പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

മായങ്കിന്റെ അഭാവത്തില്‍ മന്ദീപ് സിങ്ങുമായി ഓപ്പണിങ് ഇറങ്ങിയ കെഎല്‍ രാഹുല്‍ പതിവുപോലെ മികച്ച തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. തുടക്കത്തില്‍ ക്രീസില്‍ താളം കണ്ടെത്താന്‍ മന്ദീപ് ഒരല്‍പ്പം വിഷമിച്ചു. എന്നാല്‍ മറുഭാഗത്ത് രാഹുല്‍ സ്വതസിദ്ധമായി ബൗണ്ടറികള്‍ പായിച്ചു സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ചു. കൊല്‍ക്കത്തയ്ക്ക് എട്ടാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ വിക്കറ്റു വീഴ്ത്താന്‍. മത്സരത്തില്‍ കൊല്‍ക്കത്ത നേടിയ ഏക വിക്കറ്റും ഇതുതന്നെ. വരുണ്‍ ചക്രവര്‍ത്തി പഞ്ചാബ് നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 25 പന്തില്‍ 28 റണ്‍സുമായാണ് രാഹുലിന്റെ മടക്കം.

ശേഷമെത്തിയ ക്രിസ് ഗെയ്ല്‍ ക്രീസില്‍ നിലയുറച്ചു. വരുണ്‍ ചക്രവര്‍ത്തിയെയും സുനില്‍ നരെയ്‌നെയും തിരഞ്ഞുപിടിച്ചാണ് ഇദ്ദേഹം ‘തല്ലിയത്’. ഇപ്പുറത്ത് പാറ്റിന്‍സണിനെയും ലോക്കി ഫെര്‍ഗൂസനെതിരെയും ആക്രമിച്ചു കളിക്കാനായിരുന്നു മന്ദീപ് താത്പര്യപ്പെട്ടത്. 16 ആം ഓവറില്‍ മന്ദീപ് സിങ് അര്‍ധ സെഞ്ച്വറി തികച്ചു. 17 ആം ഓവറില്‍ ഗെയ്‌ലും 50 (23 പന്തില്‍) പിന്നിട്ടു. ശേഷം 7 പന്തുകള്‍ ബാക്കി നില്‍ക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് വിജയതീരം കാണുകയും ചെയ്തു.

കൊൽക്കത്തയുടെ പോരാട്ടം

കുതിച്ചുകൊണ്ടിരുന്ന ട്രെയിനില്‍ ചങ്ങല വലിച്ചപ്പോലെയായിപ്പോയി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കാര്യം. ആദ്യം മൂന്നിന് 10 റണ്‍സെന്ന നിലയില്‍ പകച്ചുനിന്നിടത്തു നിന്നും ശുബ്മാന്‍ ഗില്ലും ഇയാന്‍ മോര്‍ഗനും കൂടി കൊല്‍ക്കത്തയെ രക്ഷിച്ചു. മത്സരം കൈപ്പിടിയിലാക്കിയെന്ന പഞ്ചാബിന്റെ ആത്മവിശ്വാസം പാഴായതും ഈ അവസരത്തില്‍ത്തന്നെ. പക്ഷെ ഇയാന്‍ മോര്‍ഗന്‍ പുറത്തായി. ‘സഡന്‍ ബ്രേക്കിട്ട’ പോലെ കൊല്‍ക്കത്തയുടെ സ്‌കോറിങ് നില്‍ക്കുകയും ചെയ്തു.

ഒരറ്റത്ത് ശുബ്മാന്‍ ഗില്‍ നിന്നെങ്കിലും മറുപുറത്ത് പറ്റിയൊരു പങ്കാളിയെ കിട്ടിയില്ല സധൈര്യം ബാറ്റു ചെയ്യാന്‍. ഫലമോ, ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡിന് 149 റണ്‍സില്‍ തിരശ്ശീല വീണു. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് 150 റണ്‍സ്. അര്‍ധ സെഞ്ച്വറി പിന്നിട്ട യുവതാരം ശുബ്മാന്‍ ഗില്ലുതന്നെ ടീമിന്റെ ടോപ്‌സ്‌കോറര്‍. താരം 45 പന്തില്‍ 57 റണ്‍സെടുത്തു.

അവസാനഘട്ടത്തില്‍ ലോക്കി ഫെര്‍ഗൂസന്‍ ക്രീസിലെത്തിയതാണ് ഗില്ലിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. മറുഭാഗത്ത് പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. രവി ബിഷ്‌ണോയും ക്രിസ് ജോർദനും രണ്ടു വിക്കറ്റുകള്‍ വീതവും. മത്സരത്തിൽ ഗ്ലെന്‍ മാക്‌സ് വെല്‍, മുരുകന്‍ അശ്വിന്‍, ക്രിസ് ജോര്‍ദന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും കൈക്കലാക്കി.

ഗ്ലെന്‍ മാക്‌സ്‌വെല്ലിനെക്കൊണ്ട് ന്യൂ ബോള്‍ എറിയിച്ചാണ് കെഎല്‍ രാഹുല്‍ മത്സരത്തിന് തുടക്കമിട്ടത്. ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ ഈ നീക്കം ഫലം കണ്ടു. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ഹീറോയായ നിതീഷ് റാണ (0) ക്രിസ് ഗെയ്‌ലിന് ക്യാച്ച് നല്‍കി മടങ്ങി. രണ്ടാം ഓവറില്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനം. രാഹുല്‍ ത്രിപാഠിയും (4 പന്തില്‍ 7) ദിനേശ് കാര്‍ത്തിക്കും (0) വന്നതിലും വേഗത്തില്‍ തിരിച്ചുകയറി. കൊല്‍ക്കത്ത പകച്ചതും ഇവിടെത്തന്നെ. എന്നാല്‍ ക്രീസിലെത്തിയ മോര്‍ഗന്‍ പതുങ്ങിനില്‍ക്കാന്‍ തയ്യാറായില്ല. തലങ്ങും വിലങ്ങും പന്തിനെ അതിര്‍ത്തി കടത്തി. മോര്‍ഗനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഗില്ലും റണ്‍വേട്ടയില്‍ പങ്കാളിയായി. ഇതോടെ 9 ഓവറില്‍ ടീം 82 റണ്‍സ് തൊട്ടു.

രവി ബിഷ്‌ണോയുടെ പത്താം ഓവറിലാണ് മോര്‍ഗന്‍ പുറത്താകുന്നത്. ശേഷം കൊല്‍ക്കത്തയുടെ സ്‌കോറിങ്ങും സഡന്‍ ബ്രേക്കിട്ടു. സുനില്‍ നരെയ്‌നും (4 പന്തില്‍ 6) കമലേഷ് നാഗര്‍കോട്ടിയും (13 പന്തില്‍ 6) പാറ്റ് കമ്മിന്‍സും (8 പന്തില്‍ 1) ഗില്ലിനെ തുണച്ചില്ല. ഒരറ്റത്ത് വിക്കറ്റു കളയാതെ നിന്ന ഗില്‍ (45 പന്തില്‍ 57) പക്ഷെ ഷമിയുടെ 19 ആം ഓവറില്‍ വീണു. ഷമിയുടെ ഫുള്‍ ടോസ് കെണിയില്‍ താരം അകപ്പെടുകയായിരുന്നു. അവസാനഘട്ടത്തില്‍ ലോക്കി ഫെര്‍ഗൂസന്റെ പോരാട്ടമാണ് കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 149 റണ്‍സില്‍ എത്തിച്ചത്.

Share this story