കോലിക്ക് മുഖമടച്ച മറുപടി; ‘സൂര്യന്‍’ കത്തിജ്ജ്വലിച്ചു: മുംബൈക്ക് തകര്‍പ്പന്‍ ജയം

കോലിക്ക് മുഖമടച്ച മറുപടി; ‘സൂര്യന്‍’ കത്തിജ്ജ്വലിച്ചു: മുംബൈക്ക് തകര്‍പ്പന്‍ ജയം

അബുദാബി: ദേശീയ ടീമിൽ അവസരം നൽകാത്ത സെലക്ടർമാരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുമ്പോൾ ബാറ്റുകൊണ്ട് ആ പ്രതിഷേധത്തിൽ പങ്കാളിയായി സൂര്യകുമാർ യാദവ്.

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തെ ലീഡുയർത്തിയപ്പോൾ അതിൽ നിർണായകമായത് അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ പ്രകടനമായിരുന്നു.

ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 43 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് മൂന്നു സിക്സും 10 ഫോറുമടക്കം 79 റൺസോടെ പുറത്താകാതെ നിന്നു.

165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ക്വിന്റൺ ഡിക്കോക്കും ഇഷാൻ കിഷനും ശ്രദ്ധയോടെയാണ് തുടങ്ങിയത്. സ്കോർ 37-ൽ നിൽക്കെ ഡിക്കോക്കിനെ പുറത്താക്കി മുഹമ്മദ് സിറാജ് മുംബൈയെ ഞെട്ടിച്ചു. 19 പന്തിൽ 18 റൺസായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.

തന്റെ ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനെ മടക്കിയ യൂസ്വേന്ദ്ര ചാഹൽ മുംബൈയെ പ്രതിരോധത്തിലാക്കി. 19 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 25 റൺസെടുത്താണ് കിഷൻ പുറത്തായത്. കാര്യമായ സംഭാവനകളില്ലാതെ സൗരഭ് തിവാരിയും (5) പുറത്തായി. ക്രുണാൽ പാണ്ഡ്യ 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്നും 17 റൺസെടുത്ത് പുറത്തായി. പൊള്ളാർഡ് നാലു റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ദേവ്ദത്ത് പടിക്കലിന്റെ അർധ സെഞ്ചുറി മികവിലാണ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തത്. ഈ സീസണിലെ നാലാം അർധ സെഞ്ചുറി നേടിയ ദേവ്ദത്ത് 45 പന്തുകൾ നേരിട്ട് ഒരു സിക്സും 12 ഫോറുമടക്കം 74 റൺസെടുത്തു.

നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ബാംഗ്ലൂരിനെ പിടിച്ചുനിർത്തിയത്. പടിക്കലും ആരോൺ ഫിഞ്ചിന് പകരം ടീമിലെത്തിയ ജോഷ് ഫിലിപ്പും ചേർന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നൽകിയത്. 47 പന്തിൽ നിന്ന് 71 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 24 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 33 റൺസെടുത്ത ഫിലിപ്പിനെ പുറത്താക്കി രാഹുൽ ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Share this story