ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറി. മിഷന്‍ ഇംപോസിബിളെന്നു പലരും ചൂണ്ടിക്കാട്ടിയ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എസ്ആര്‍എച്ച് അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തി. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ഹൈദരാബാദിന്റെ മിന്നുന്ന ജയത്തോടെ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

മുംബൈയെ എട്ടു വിക്കറ്റിന് 149 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് പകുതി ജയിച്ചിരുന്നു. മറുപടിയില്‍ ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും അഭാവത്തില്‍ മൂര്‍ച്ച കുറഞ്ഞ മുംബൈ ബൗളിങ് നിരയെ ഹൈദരാബാദ് തല്ലിച്ചതയ്ക്കുകയായിരുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 17.1 ഓവറില്‍ തന്നെ ഹൈദരാബാദ് ലക്ഷ്യം മറികടന്നു, ഒപ്പം പ്ലേഓഫിലുമെത്തി. നായകന്റെ കളി പുറത്തെടുത്ത ഡേവിഡ് വാര്‍ണറും (85*) ഓപ്പണിങ് പങ്കാളി വൃധിമാന്‍ സാഹയും (58*) നേടിയ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കി മാറ്റിയത്. 58 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വാര്‍ണര്‍ 85 റണ്‍സെടുത്തതെങ്കില്‍ സാഹ 45 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് എട്ടു വിക്കറ്റിനു 149 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മുംബൈ നിരയില്‍ ആരും അര്‍ധസെഞ്ച്വറി തികച്ചില്ല. കരണ്‍ പൊള്ളാര്‍ഡിന്റെ (41) ഇന്നിങ്‌സാണ് മുംബൈയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 25 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ് (36), ഇഷാന്‍ കിഷന്‍ (33), ക്വിന്റണ്‍ ഡികോക്ക് (25) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജാസണ്‍ ഹോള്‍ഡറും ഷഹബാസ് നദീമും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു ഭേദമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരിക്ക് കാരണം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്ന താരം കൂടിയാണ് അദ്ദേഹം.

പേസ് ബൗളിങ് ജോടികളായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കു വിശ്രമം അനുവദിച്ചാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പകരം ജെയിംസ് പാറ്റന്‍സണ്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ടീമിലെത്തി. ഹൈദരാബാദ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. അഭിഷേക് ശര്‍മയ്ക്കു പകരം പ്രിയം ഗാര്‍ഗിനെ ടീമിലേക്കു തിരികെ വിളിച്ചു.

മടങ്ങിവരവില്‍ നിരാശപ്പെടുത്തി രോഹിത്

പരിക്കില്‍ നിന്നും മോചിതനായി ടീമിനെ നയിച്ച രോഹിത് ശര്‍മയില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരു ചലനവുമുണ്ടാക്കാതെ ഹിറ്റ്മാന്‍ മടങ്ങുകയായിരുന്നു. ഏഴു പന്തില്‍ ഒരു ബൗണ്ടറി പോലുമില്ലാതെ നാലു റണ്‍സെടുത്ത രോഹിത്തിനെ സന്ദീപ് ശര്‍മയാണ് മടക്കിയത്. ടീം സ്‌കോര്‍ 12ലായിരുന്നു ഇത്. സന്ദീപിന്റെ നക്ക്ള്‍ ബോളിനെതിരേ മിഡ് ഓഫിലേക്കു ലോഫ്റ്റ് ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ വാര്‍ണര്‍ മുന്നിലേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.

വീണ്ടും സന്ദീപ് പ്രഹരം

രോഹിത്തിനെ മടക്കിയ സന്ദീപ് ശര്‍മ ടീം സ്‌കോര്‍ 39ല്‍ വച്ച് മുംബൈയ്ക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു. മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡികോക്കിനെയാണ് പേസര്‍ പുറത്താക്കിയത്. ആദ്യ പന്തില്‍ ബൗണ്ടറിയും തുടര്‍ന്ന് രണ്ടു പന്തില്‍ സിക്‌സറും പായിച്ച ഡികോക്ക് നാലാമത്തെ പന്തില്‍ പുറത്തായി. ഫുള്‍ ടോസ് ബോള്‍ ഡികോക്ക് സ്വന്തം വിക്കറ്റിലേക്കു വലിച്ചിടുകയായിരുന്നു. 13 പന്തില്‍ രണ്ടു വീതം ബണ്ടറികളും സിക്‌സറുമടക്കം താരം 25 റണ്‍സെടുത്തു.

തുടരെ മൂന്നു വിക്കറ്റുകള്‍

സൂര്യകുമാര്‍ യാദവ്- ഇഷാന്‍ കിഷന്‍ സഖ്യത്തിലേറി മുംബൈ ശക്തമായ സ്‌കോറിലേക്കു നീങ്ങവെയാണ് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ മിന്നല്‍ സ്റ്റംപിങ് ഹൈദരാബാദിന് കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഷഹസാബ് നദീമിനെതിരേ ക്രീസിന് അല്‍പ്പം പുറത്തേക്ക് ഇറങ്ങിനിന്ന് ഷോട്ട് കളിച്ച യാദവിനു ഷോട്ട് പിഴച്ചപ്പോള്‍ സാഹ അത്യുജ്വല സ്റ്റംപിങ് നടത്തുകയായിരുന്നു.

ഇതേ ഓവറിലെ നാലാമത്തെ പന്തില്‍ പുതുതായി ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യ മൂന്നു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്തായി. ഫ്‌ളിക്ക് ഷോട്ടിനു ശ്രമിച്ച ക്രുനാലിനെ വില്ല്യംസണ്‍ റിങിനകത്തു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി.

അടുത്ത ഓവറിലെ ആദ്യ പന്തില്‍ സൗരഭ് തിവാരിയും (1) മടങ്ങിയതോടെ മുംബൈ അഞ്ചിന് 82 റണ്‍സെന്ന നിലയിലേക്കു വീണു. റാഷിദ് ഖാന്റെ ഗൂഗ്ലി തിവാരിയുടെ ബാറ്റില്‍ എഡ്ജ് ചെയ്തപ്പോള്‍ സാഹ അനായാസം അതു സ്വീകരിക്കുകയും ചെയ്തു.

ഇഷാന്‍, കൂള്‍ട്ടര്‍ നൈല്‍

ഇഷാന്‍ കിഷനായിരുന്നു പിന്നീട് പുറത്തായത്. ഡികോക്കിന്റെ പുറത്താവലുമായി ഇതിന് ഏറെ സാമ്യമുണ്ടായിരുന്നു. സന്ദീപ് ശര്‍മ തന്നെയായിരുന്നു ബൗളര്‍. രണ്ടാമത്തെ പന്ത് സിക്‌സറിലേക്കു പായിച്ച കിഷന്‍ അടുത്ത ബോളില്‍ ക്ലീന്‍ ബൗള്‍ഡ്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പന്തിനായി മുന്നോട്ടാഞ്ഞ് ഷോട്ടിനു ശ്രമിച്ച ഇഷാന്‍ പക്ഷെ അതു സ്വന്തം വിക്കറ്റിലേക്കു തന്നെ അടിച്ചിടുകയായിരുന്നു.

അടുത്ത ഓവറില്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിന്റെ ഊഴമായിരുന്നു. ജാസണ്‍ ഹോള്‍ഡറിന്റെ സ്ലോ ബൗളിങില്‍ കൂള്‍ട്ടര്‍ നൈലിനെ കവേഴ്‌സില്‍ പ്രിയം ഗാര്‍ഗ് പിടികൂടി.

Share this story