ബാറ്റു ചെയ്യാന്‍ മറന്നു; ഡല്‍ഹിയെ ‘ചുരുട്ടിക്കൂട്ടി’ ബുംറ: മുംബൈ ഫൈനലില്‍

ബാറ്റു ചെയ്യാന്‍ മറന്നു; ഡല്‍ഹിയെ ‘ചുരുട്ടിക്കൂട്ടി’ ബുംറ: മുംബൈ ഫൈനലില്‍

ദുബായ്: നേരാംവണ്ണം ശ്വാസം വിടാന്‍ പോലും ഡല്‍ഹിക്ക് സമയം കിട്ടിയില്ല. സ്‌കോര്‍ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുംമുന്‍പേ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പുറത്ത്. രണ്ടോവര്‍ കഴിഞ്ഞപ്പോഴേ മത്സരത്തിന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. 201 റണ്‍സ് ലക്ഷ്യം മുന്‍പില്‍. ഡല്‍ഹിയുടെ സ്‌കോറാകട്ടെ പൂജ്യം റണ്‍സിന് മൂന്ന് വിക്കറ്റും. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൗള്‍ട്ടും അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ‘ചുരുട്ടിക്കൂട്ടി’.
പവര്‍പ്ലേയ്ക്ക് മുന്‍പ് ശ്രേയസ് അയ്യറും കൂടി കൂടാരം കയറിയതോടെ വന്‍ത്തോല്‍വി ഡല്‍ഹി മനസില്‍ ഉറപ്പിച്ചു; മുംബൈ ഫൈനലിലേക്കുള്ള ടിക്കറ്റും. ഒരറ്റത്ത് മാര്‍ക്കസ് സ്റ്റോയിനിസും പിടിച്ചുനിന്നത് മാത്രമാണ് ഡല്‍ഹിക്ക് ‘അപവാദം’. അക്‌സര്‍ പട്ടേലിനൊപ്പം ടീമിനെ ജയിപ്പിക്കാന്‍ സ്റ്റോയിനിസ് പരമാവധി ശ്രമിച്ചുനോക്കി. പക്ഷെ സ്‌കോര്‍ബോര്‍ഡിലെ കൂറ്റന്‍ ലക്ഷ്യം ‘ബാലികേറാ മലയായി’ അപ്പോഴേക്കും മാറിയിരുന്നു.

ഫലമോ, ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് ജയം. സ്‌കോര്‍: മുംബൈ 200/5, ഡല്‍ഹി 143/8. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. തോറ്റെങ്കിലും ഡല്‍ഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി ഡല്‍ഹി ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കും, ഫൈനല്‍ ബര്‍ത്തിനായി.

ദുരന്തപൂര്‍ണമായിരുന്നു ഡല്‍ഹിയുടെ ബാറ്റിങ്. സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ ലക്ഷ്യം നിലനില്‍ക്കെ പൃഥ്വി ഷായും അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും ഒരു റണ്‍ പോലും സംഭാവന ചെയ്യാതെ തിരിച്ചുകയറി. ഫലമോ, കളി തുടങ്ങും മുന്‍പേ ഡല്‍ഹിയുടെ ആത്മവിശ്വാസം കെട്ടു. പതിവുപോലെ പൃഥ്വി ഷാ പുറത്തേക്ക് പോയ പന്തില്‍ അനാവശ്യമായി ബാറ്റുവെയ്ക്കാന്‍ ചെന്നാണ് പൃഥ്വി ഷാ മടങ്ങുന്നത്. ഷായ്ക്ക് പിന്നാലെ തകര്‍പ്പന്‍ ഇന്‍സ്വിങ്ങറില്‍ ബൗള്‍ട്ട് രഹാനെയെയും പുറത്താക്കി.

ബുംറയുടേതായിരുന്നു അടുത്ത ഊഴം. ചാട്ടുളി കണക്കെ പാഞ്ഞെത്തിയ ബുംറയുടെ യോര്‍ക്കര്‍ തടുക്കാന്‍ ധവാന് കഴിഞ്ഞില്ല. ഈ സമയം ഡല്‍ഹിയുടെ സ്‌കോര്‍ 0/3. തുടര്‍ന്നെത്തിയ ശ്രേയസ്, ബുംറയെയും ബൗള്‍ട്ടിനെയും ബൗണ്ടറി പായിച്ചെങ്കിലും നാലാം ഓവറില്‍ വീണു. ബുംറയ്ക്കാണ് ശ്രേയസിന്റെ (8 പന്തില്‍ 12) വിക്കറ്റ്. കവറില്‍ നിന്ന രോഹിത്തിന് മുകളിലൂടെ പന്തിനെ അടിച്ചകറ്റാനുള്ള ശ്രമം പിഴയ്ക്കുകയായിരുന്നു.

സംയമനം പാലിച്ചു കളിച്ച റിഷഭ് പന്തിനും (9 പന്തില്‍ 3) ആയുസ്സുണ്ടായില്ല. എട്ടാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് എതിരെ ആഞ്ഞടിക്കാന്‍ പോയത് പന്തിന് വിനയായി. വായുവില്‍ ‘ഫ്‌ളൈറ്റ്’ പാണ്ഡ്യയുടെ പന്ത് ലോങ് ഓണില്‍ നിന്ന സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഭദ്രമായെത്തി. ശേഷം ക്രീസില്‍ ഒരുമിച്ച സ്റ്റോയിനിസ് – അക്‌സര്‍ സഖ്യമാണ് ഡല്‍ഹിയെ വന്‍ദുരത്തില്‍ നിന്നും പിടിച്ചുകയറ്റിയത്. 16 ആം ഓവറില്‍ സ്‌റ്റോയിനിസ് തിരിച്ചുകയുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 116 റണ്‍സ് കുറിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞു. ബുംറയ്ക്കാണ് സ്‌റ്റോയിനിസിന്റെ (46 പന്തില്‍ 65) വിക്കറ്റ്. മൂന്ന് സിക്‌സും ആറ് ഫോറും സ്‌റ്റോയിനിസിന്റെ ബാറ്റില്‍ നിന്നും പിറന്നു. സ്‌റ്റോയിനിസ് വീണതോടെ ഡല്‍ഹിയുടെ ആവേശം കെട്ടു. വാലറ്റത്ത് അക്‌സര്‍ പട്ടേല്‍ (33 പന്തിൽ 42) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മത്സരത്തില്‍ ജസ്പ്രീത് ബുംറ നാലു വിക്കറ്റെടുത്തു. ട്രെന്‍ഡ് ബൗള്‍ട്ട് രണ്ടും. ക്രുണാല്‍ പാണ്ഡ്യയും കീറോൺ പൊള്ളാർഡും ഒരോ വിക്കറ്റ് സ്വന്തമാക്കി.

മുംബൈയുടെ പോരാട്ടം

10 ഓവറില്‍ 93. സ്‌കോര്‍ബോര്‍ഡില്‍ 200 തികയ്ക്കാന്‍ മുംബൈ ഇന്ത്യന്‍സിന് അനായാസം കഴിയുമെന്ന് ആരാധകര്‍ കരുതിയ നിമിഷം. ക്വിന്റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും സധൈര്യം ബാറ്റെടുത്തപ്പോള്‍ ബൗണ്ടറികള്‍ തടയാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പെടാപാട് പെട്ടു. പക്ഷെ ഇരുവരും പുറത്തായി. ഇതോടെ മുംബൈയുടെ സ്‌കോര്‍ബോര്‍ഡ് ‘സഡന്‍ ബ്രേക്കും’ ചവിട്ടി.

നിര്‍ണായക ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 200 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് തികച്ചത്. ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 201. ഒരുഘട്ടത്തില്‍ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയ മത്സരത്തെ നോര്‍ക്കിയയും അശ്വിനും ചേര്‍ന്ന് വരുതിയിലാക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഇഷന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും കളംനിറഞ്ഞതോടെ മുംബൈ ഇന്ത്യന്‍സ് നില ഭദ്രമാക്കി. ക്വിന്റണ്‍ ഡികോക്കും (25 പന്തില്‍ 40) സൂര്യകുമാര്‍ യാദവും (38 പന്തില്‍ 51) ഇഷന്‍ കിഷനും (30 പന്തില്‍ 55) കാഴ്ച്ചവെച്ച ഗംഭീരന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് കരുത്തായത്. മത്സരത്തില്‍ അശ്വിന് മൂന്നു വിക്കറ്റുണ്ട്. നോര്‍ക്കിയയും സ്‌റ്റോയിനിസും ഓരോ വിക്കറ്റുവീതം പങ്കിടുന്നു.

നായകന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടുകൊണ്ടാണ് മുംബൈ ബാറ്റിങ് ആരംഭിച്ചത്. മറുഭാഗത്ത് ന്യൂ ബോളില്‍ തുടങ്ങിയ ഡാനിയേല്‍ സാംസിനെ മൂന്നുതവണ ബൗണ്ടറി പായിച്ച് അത്യുജ്ജ്വല മുന്നേറ്റം ഡികോക്ക് സമ്മാനിച്ചു. രണ്ടാം ഓവറില്‍ സ്പിന്‍ അവതരിപ്പിക്കാനുള്ള ശ്രേയസിന്റെ കണക്കുകൂട്ടലാണ് രോഹിത് ശര്‍മയ്ക്ക് വിനയായത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ അശ്വിന്‍ രോഹിത്തിനെ (0) വിക്കറ്റിന് മുന്നില്‍ തളച്ചിട്ടു. പക്ഷെ നായകന്‍ വീണതൊന്നും ഡികോക്കിനെ അലട്ടിയില്ല. താരം മൈതാനത്തിന്റെ നാലു ചുറ്റും പന്തിനെ പറഞ്ഞയച്ചു. പവര്‍പ്ലേ തീരുമ്പോള്‍ 63 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ മുംബൈ തികച്ചത്. എന്നാല്‍ എട്ടാം ഓവറില്‍ അശ്വിന്‍ ഡികോക്കിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. അശ്വിന്റെ വേഗം കുറഞ്ഞ പന്തില്‍ ഇറങ്ങിയടിച്ച ഡികോക്കിനെ ലോങ് ഓഫില്‍ ധവാന്‍ അനായാസം പിടികൂടുകയായിരുന്നു.

ഡികോക്ക് പോയതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാര്‍ ഏറ്റു. നോര്‍ക്കിയയുടെ 12 ആം ഓവറിലാണ് ബൗണ്ടറിയോടെ താരം അതിവേഗം അര്‍ധ സെഞ്ച്വറി തികച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വമ്പനടിക്ക് പോയി സൂര്യകുമാര്‍ യാദവും പുറത്തായി. ഇതോടെയാണ് മുംബൈ സ്‌കോറിങ് മന്ദഗതിയിലേക്ക് തിരിഞ്ഞത്. ക്രുണാല്‍ പാണ്ഡ്യയ്‌ക്കൊപ്പം സാവകാശമാണ് ഇഷന്‍ കിഷന്‍ റണ്‍സടിച്ചത്. എന്നാല്‍ 17 ആം ഓവറില്‍ ക്രുണാല്‍ (10 പന്തില്‍ 13) തിരിച്ചുകയറി. ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യ പതിവുപോലെ ആഞ്ഞടിക്കാന്‍ തുടങ്ങി. ഇതിനിടെ യുവതാരം ഇഷന്‍ കിഷനും ടോപ് ഗിയറിലേക്ക് കടന്നതോടെ മുംബൈ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു. റബാദയുടെ 19 ആം ഓവറില്‍ രണ്ടു സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സാണ് ഹാര്‍ദിക്കും (14 പന്തിൽ 37) ഇഷനും ചേര്‍ന്നടിച്ചെടുത്തത്. 20 ആം ഓവറില്‍ ഇഷന്‍ കിഷന്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാന ഓവറില്‍ ഇരുവരും നടത്തിയ വെടിക്കെട്ടാണ് മുംബൈയെ 200 റണ്‍സില്‍ എത്തിച്ചത്.

Share this story