ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്; കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ എത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്; കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ എത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്. ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സ്(മൊബൈല്‍ പ്രീമിയര്‍ ലീഗ്) ഒപ്പു വച്ചകാര്യം ബിസിസിഐയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. 120 കോടി രൂപ വരുന്ന മൂന്നു വര്‍ഷത്തെ കരാറിനാണ് എംപിഎല്‍ സ്‌പോര്‍ട്‌സ് ബിസിസിഐയുമായി ഒപ്പു വച്ചത്. കൂടാതെ ഇന്ത്യന്‍ പുരുഷ- വനിതാ ക്രിക്കറ്റ് ടീമുകളുടെ ഒഫിഷ്യല്‍ മെര്‍ച്ചന്‍ഡൈസ് പാര്‍ട്‌നര്‍മാരുമാണ് ഇവര്‍. 2016 മുതല്‍ 2020 വരെ യായിരുന്നു നൈക്കി ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സേഴ്‌സ് ആയിരുന്നത്.

370 കോടി കരാര്‍ തുകയും 30 കോടി റോയല്‍റ്റി തുകയുമുള്‍പ്പെടുന്ന നാല് വര്‍ഷത്തെ കരാര്‍ നൈക്കി തുടരാതിരുന്നത് കിറ്റ് സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ മെച്ചമുണ്ടാകാത്തതിനാലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബറില്‍ ഈ കരാര്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ ബിസിസിഐ പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മികച്ച സ്‌പോണ്‍സര്‍മാര്‍ മുന്നോട്ട് വന്നിരുന്നില്ല. സ്‌പോര്‍ട്‌സ് മെര്‍ച്ചന്‍ഡൈസിംഗ് എന്നത് ഇന്ത്യയില്‍ ശൈശവ ദിശയിലുള്ള വ്യവസായമാണെന്നിരിക്കെ ഇതിന്റെ സ്‌പോണസറായി വരുന്നവര്‍ക്ക് വലിയ മെച്ചമൊന്നുമില്ലെന്നത് സത്യം തന്നെ.

നിലവില്‍ ബൈജൂസാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഇതിലാണ് എംപിഎല്‍ സ്‌പോര്‍ട്‌സ് ലോഗോ കൂടി വരുന്നത്. എംപിഎല്ലിനു കീഴിലുള്ള എംപിഎല്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് വെയര്‍, വാക്കുകള്‍, ഹാന്‍ഡ് ഗിയറുകള്‍ തുടങ്ങി വിവിധ മെര്‍ച്ചന്‍ഡൈസ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ബ്രാന്‍ഡ് ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തിലായിരിക്കും ജഴ്‌സി എത്തുക എന്നാണ് പുറത്തുവരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തം.

ഓസ്ട്രേലിയക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന പരമ്പരകളില്‍ എംപിഎല്‍ ലോഗോ അടങ്ങുന്ന പുതിയ ജഴ്സിയാണ് ഇന്ത്യന്‍ താരങ്ങള്‍ അണിയുക. ജഴ്സിയുടെ ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു കമ്പനി. മെര്‍ച്ചന്‍ഡൈസ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പംഇന്ത്യന്‍ ടീം ഫാന്‍സ് ജഴ്‌സി വരെ എംപിഎല്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കും.

2023 വരെ ഇന്ത്യയുടെ പുരുഷ, വനിതാ ദേശീയ ക്രിക്കറ്റ് ടീമുകളുടെ കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ സ്പോര്‍ട്സിനെ നിയമിച്ചുവെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. യുവ ഇന്ത്യന്‍ ബ്രാന്‍ഡുകളുമായി പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷയോടെയാണ് തങ്ങള്‍ കാണുന്നതെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ബൈജൂസ് എന്ന് ആലേഖനം ചെയ്ത ജഴ്‌സിയില്‍ എംപിഎല്‍ എന്നും എഴുതിയിട്ടുണ്ട്. നേവി ബ്ലൂ നിറത്തില്‍ പുറത്തിറക്കിയ ഈ ജഴ്‌സി അണിഞ്ഞായിരിക്കും ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ ടീം ഇന്ത്യ കളിക്കുക. നേരത്തേ സ്‌കൈ ബ്ലൂ നിറമുള്ള ജഴ്‌സിയായിരുന്നു നൈക്കി ഇന്ത്യക്കു വേണ്ടി ഒരുക്കിയിരുന്നത്.1992 കളിലെ ടീമിനെ അനുസ്മരിപ്പിക്കുന്നതാണ് നേവി ബ്ലൂ നിറത്തില്‍ എംപിഎല്‍ പുറത്തിറക്കിയ പുതിയ ജഴ്‌സി. അന്ന് അതണിഞ്ഞ് അനില്‍ കുംബ്ലെ നില്‍ക്കുന്ന പടം ഏറെ കൂള്‍ എന്ന് ലോകമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this story