പ്രതിരോധം കടുപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്; വീണ്ടും സമനിലയില്‍ ഗോവ കുരുങ്ങി

പ്രതിരോധം കടുപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്; വീണ്ടും സമനിലയില്‍ ഗോവ കുരുങ്ങി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം പതിപ്പില്‍ എഫ്‌സി ഗോവ ഒരിക്കല്‍ക്കൂടി സമനിലപൂട്ടില്‍ വീണിരിക്കുകയാണ്. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്‌സി ഗോവ – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ കലാശിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരെ കളംനിറഞ്ഞു കളിച്ചെങ്കിലും വിജയഗോള്‍ നേടാന്‍ മാത്രം ഗോവയ്ക്ക് സാധിച്ചില്ല. മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു പോയിന്റ് മാത്രമാണ് ഇപ്പോള്‍ എഫ്‌സി ഗോവയുടെ സമ്പാദ്യം. മറുഭാഗത്ത് മൂന്നു മത്സരങ്ങളില്‍ അഞ്ച് പോയിന്റ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേടി.

മത്സരത്തില്‍ ആദ്യ ഗോളടിച്ചത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു. 38 ആം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ഇഡ്രിസ സില്ലയെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് ഇവാന്‍ ഗോണ്‍സാലസ് സന്ദര്‍ശകര്‍ക്ക് പെനാല്‍റ്റി സമ്മാനിച്ചു. മുഴുനീളം പ്രതിരോധിച്ചു കളിച്ച നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ഗോവ കണ്ട അപ്രതീക്ഷിത മുന്നേറ്റം. ആദ്യതവണ പന്ത് വലയിലെത്തിയെങ്കിലും ഷോട്ടെടുക്കും മുന്‍പേ താരങ്ങള്‍ ബോക്‌സിനകത്ത് കടന്നതോടെ റഫറി വീണ്ടും പെനാല്‍റ്റി ആവശ്യപ്പെട്ടു. എന്തായാലും രണ്ടാം തവണയും ഗോള്‍ കീപ്പര്‍ നവാസിനെ മറികടന്ന് സില്ലയുടെ ഷോട്ട് ലക്ഷ്യം കണ്ടു. നോര്‍ത്ത് ഈസ്റ്റിന്റെ ആഹ്‌ളാദം ഏറെ നീണ്ടില്ല. 43 ആം മിനിറ്റില്‍ ഇഗോര്‍ ആംഗുല ഗോവയ്ക്കായി ഗോള്‍ മടക്കി. ഇടത് വിങ്ങില്‍ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് നടത്തിയ കൗശലമാര്‍ന്ന നീക്കവും പാസുമാണ് ആംഗുലയുടെ ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് സമ്പൂര്‍ണ പ്രതിരോധത്തില്‍ കാലുറപ്പിച്ചു. ഇതോടെ ഗോവയുടെ മുന്നേറ്റങ്ങള്‍ ഓരോന്നായി മുനയൊടിയുകയും ചെയ്തു. 4-3-1-2 ക്രമത്തിലാണ് ഗോവ നോര്‍ത്ത് ഈസ്റ്റിനെതിരെ പന്തുതട്ടിയത്. ആദ്യ ഇലവനില്‍ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിനെ ജുവാന്‍ ഫെറാന്‍ഡോ ഇറക്കിയെന്നതും എടുത്തുപറയണം. ജോര്‍ജി ഓര്‍ട്ടിസും ഇഗോര്‍ ആംഗുലയും പതിവുപോലെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. മറുഭാഗത്ത് ഒരുപിടി മാറ്റങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് ഗോവയ്ക്ക് എതിരെ ഇറങ്ങിയത്. ഇഡ്രിസ സില്ല ആദ്യ ഇലവനില്‍ കളിച്ചതുതന്നെ ഇതില്‍ പ്രധാനം. ഒപ്പം ഇന്നത്തെ മത്സരത്തോടെ ഐഎസ്എല്ലില്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന വിശേഷണം അപ്പിയ സ്വന്തമാക്കി.

Share this story