അടിതെറ്റി എടിക്കെ; സീസണിലെ ആദ്യ തോല്‍വി: ജംഷഡ്പൂരിന് ആദ്യ ജയം

അടിതെറ്റി എടിക്കെ; സീസണിലെ ആദ്യ തോല്‍വി: ജംഷഡ്പൂരിന് ആദ്യ ജയം

ഐഎസ്എല്ലില്‍ തോല്‍വിയറിയാതെ മുന്നേറിയ എടിക്കെ മോഹന്‍ ബഗാനെ ഞെട്ടിച്ച് ജംഷഡ്പൂര്‍ എഫ്‌സി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ 20ാം മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജംഷഡ്പൂര്‍ എടിക്കെയെ വീഴ്ത്തുകയായിരുന്നു. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം എടിക്കെയുടെ ആദ്യ തോല്‍വിയായിരുന്നു ഇതെങ്കില്‍ സീസണിലെ ആദ്യ ജയമാണ് ജംഷഡ്പൂര്‍ സ്വന്തമാക്കിയത്.

ഇരുപകുതികളിലുമായി നെറിയസ് വാല്‍സ്‌കിസ് നേടിയ ഗോളുകളാണ് ജംഷഡ്പൂരിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. 30, 66 മിനിറ്റുകളിലാണ് വാല്‍സ്‌കിസ് വലകുലുക്കിയത്. 80ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടിക്കെയുടെ ഗോള്‍ മടക്കിയത്. ഓഫ്‌സൈഡ് പൊസിഷനിലാണ് താരം വലകുലുക്കിയതെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച ജംഷഡ്പൂര്‍ അര്‍ഹിച്ച വിജയമാണ് ഈ മല്‍സരത്തിലേത്.

ആദ്യ പകുതിയില്‍ സന്ദേഷ് ജിങ്കനുള്‍പ്പെട്ട എടിക്കെ പ്രതിരോധ നിരയെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമാണ് ജംഷഡ്പൂര്‍ നടത്തിയത്. ഒന്നാം പകുതിയില്‍ ജംഷഡ്പൂരിനു മുന്നില്‍ പതറിപ്പോയ എടിക്കെ രണ്ടാംപകുതിയില്‍ വീറോടെ തന്നെ പൊരുതി. ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാം പകുതി. എടിക്കെ രണ്ടാം പകുതിയില്‍ ശക്തമായി തന്നെ കളിയിലേക്കു തിരികെ വന്നു.

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ജംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയല്‍ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. അമര്‍ജിത്ത് സിങ്, പവന്‍ കുമാര്‍ എന്നിവര്‍ക്കു പകരം മലയാളി താരം ടിപി രഹനേഷ്, ലാല്‍നുംഫേല എന്നിവര്‍ കളിച്ചു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ജംഷഡ്പൂര്‍ എടിക്കെയെ സമ്മര്‍ദ്ദത്തിലാക്കി. 30ാം മിനിറ്റില്‍ അവര്‍ അതിനു ലക്ഷ്യം കാണുകയും ചെയ്തു. വലതു മൂലയില്‍ നിന്നുള്ള മോണ്‍റോയിയുടെ കോര്‍ണര്‍ കിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വാല്‍സ്‌കിസ് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ എടിക്കെ മുന്നേറ്റനിരയെ സമര്‍ഥമായി പിടിച്ചുനിര്‍ത്താന്‍ ജംഷഡ്പൂരിനു കഴിഞ്ഞു.

രണ്ടാംപകുതി കുറക്കൂടി തുറന്ന പോരാട്ടമായിരുന്നു. ട്രാക്ക് മാറ്റിയ എടിക്കെ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ജംഷഡ്പൂരിനെ വിറപ്പിച്ചു. സമനില ഗോളിനായി അവര്‍ ശ്രമിക്കവെയാണ് 66ാം മിനിറ്റില്‍ വാല്‍സ്‌കിസിലൂടെ ജംഷഡ്പൂര്‍ രണ്ടാം ഗോളും നേടിയത്. ഇത്തവണയും കോര്‍ണര്‍ കിക്കില്‍ നിന്നു തന്നെയായിരുന്നു ഗോള്‍. കിക്കെടുത്തത് മോണ്‍റോയ് തന്നെ. മോണ്‍റോയിയുടെ കോര്‍ണര്‍ കിക്ക് മൊബഷിര്‍ ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയപ്പോള്‍ വാല്‍സ്‌കിസ് ക്ലോസ് ആംഗിളില്‍ നിന്നും പന്ത് വലയിലേക്കു വഴി തിരിച്ചുവിട്ടു.

80ാം മിനിറ്റിലാണ് റോയ് കൃഷ്ണയുടെ വിവാദ ഗോള്‍ പിറന്നത്. ബോക്‌സിനകത്ത് വച്ച് കൃഷ്ണ പന്ത് സ്വീകരിക്കുമ്പോള്‍ ജംഷഡ്പൂര്‍ താരങ്ങളാരും തന്നെയായിരുന്നു. ഓഫ് സൈഡാണെന്ന് ഉറപ്പായിരുന്നതിനാല്‍ ജംഷഡ്പൂര്‍ താരങ്ങള്‍ അത്ര കാര്യമാക്കിയതുമില്ല. എന്നാല്‍ പന്തുമായി മുന്നോട്ട് കയറിയ കൃഷ്ണ ഗോളി രഹനേഷിനെയും വെട്ടിയൊഴിഞ്ഞ് പന്ത് ലക്ഷ്യത്തിലെത്തിച്ചു.

Share this story