തോൽക്കാതെ ഇന്ത്യ, ജയിക്കാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

തോൽക്കാതെ ഇന്ത്യ, ജയിക്കാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

സമാനതകളില്ലാത്ത ബാറ്റിംഗ് പ്രതിരോധം. ആരും ജയിക്കാത്ത മത്സരത്തിലും തലയുയർത്തി ടീം ഇന്ത്യ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് സംഭവിച്ചത് അതാണ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് തോൽവി ഭയന്നാണ് ഇന്ത്യ ഇറങ്ങിയത്. ഇടയ്ക്ക് റിഷഭ് പന്ത് ജയപ്രതീക്ഷ നല്‍കിയെങ്കിലും പന്തും പൂജാരയും പുറത്തായതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ ഇവിടെ നിന്ന് തോല്‍ക്കാതിരിക്കാനുള്ള പോരാട്ടമാണ് പിന്നീടുണ്ടായത്‌

89ാം ഓവറിൽ ക്രീസിൽ ഒന്നിച്ച ഹനുമ വിഹാരിയും അശ്വിനും ചേർന്ന് മത്സരം അവസാനിക്കുന്നത് വരെ ക്രീസിൽ തുടർന്നു. പൂജാര പുറത്തായതോടെ ഇന്ത്യ വലിയ തകർച്ചയാണ് മുന്നിൽ കണ്ടത്. പരുക്കേറ്റ ജഡേജയെ എത്രത്തോളം ഉപയോഗിക്കാൻ സാധിക്കുമെന്ന ആശങ്കയും ഒരുവശത്ത്. ഇതോടെയാണ് ജയത്തിന് ശ്രമിക്കാതെ തോൽക്കാതിരിക്കാൻ അശ്വിനും വിഹാരിയും തീരുമാനിച്ചത്. അഞ്ചാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന നിലയിലായിരുന്നു. ഓസീസ് മുന്നോട്ടുവെച്ച വിജയലക്ഷ്യത്തേക്കാൾ 73 റൺസ് പിന്നിലായിരുന്നു ഇന്ത്യ അപ്പോഴും.

തോൽക്കാതെ ഇന്ത്യ, ജയിക്കാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

പന്തിന്റെ പ്രകടനമാണ് ഇന്ന് ആരാധകരിൽ ആവേശമുണർത്തിയത്. 102 റൺസിൽ വെച്ച് നായകൻ രഹാനെ മടങ്ങിയതോടെയാണ് പന്ത് ക്രീസിൽ എത്തുന്നത്. പന്തും പൂജാരയും ചേർന്നുള്ള കുട്ടുകെട്ട് ഇന്ത്യയെ 250 റൺസ് വരെ എത്തിച്ചു. 118 പന്തിൽ മൂന്ന് സിക്‌സും 12 ഫോറും സഹിതം 97 റൺസെടുത്ത പന്ത് അർഹതപ്പെട്ട സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ വീണു. സ്‌കോർ 272ൽ 77 റൺസെടുത്ത പൂജാരയും പുറത്തായി.

വിഹാരിയുടെ പ്രതിരോധമാണ് എടുത്തു പറയേണ്ടത്. 100 പന്തുകൾ നേരിട്ടപ്പോൾ അദ്ദേഹത്തിന്റെ സ്‌കോർ വെറും ആറ് റൺസ് മാത്രമായിരുന്നു. കളി അവസാനിക്കുമ്പോൾ 161 പന്തിൽ 23 റൺസ് മാത്രമാണ് വിഹാരി സ്വന്തമാക്കിയത്. അശ്വിൻ 128 പന്തിൽ 39 റൺസുമായും പുറത്താകാതെ നിന്നു. ഓസീസ് ബൗളർമാരുടെ ക്ഷമ ഇരുവരും ചേർന്ന് പരമാവധി പരീക്ഷിച്ചു. ബൗളർമാരെ മാറി മാറി പ്രയോഗിച്ചിട്ടും ഈ കൂട്ടുകെട്ടിനെ പൊളിക്കാൻ ഓസീസ് നായകന് സാധിച്ചുമില്ല.

തോൽക്കാതെ ഇന്ത്യ, ജയിക്കാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

മത്സരത്തിൽ ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 338 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 244 റൺസിന് പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഓസീസ് 6ന് 312 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 407 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽവെച്ചത്.

Share this story