ബ്രിസ്‌ബേനിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്തു, പരമ്പര സ്വന്തം

ബ്രിസ്‌ബേനിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്തു, പരമ്പര സ്വന്തം

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന രീതിയൊക്കെ പഴങ്കഥ. ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ ചെന്ന് മുട്ടുകുത്തിച്ച ടീം ഇന്ത്യയാണ് ഇന്ന്. ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 328 റൺസ് ഇന്ത്യ പതിനെട്ട് പന്തുകൾ ശേഷിക്കെ മറികടന്നു. ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനം ഏകദിന രീതിയിലേക്കും അവസാന ഓവറുകളിൽ ടി20 രീതിയിലേക്കും മാറുന്നതാണ് ബ്രിസ്‌ബേനിൽ കണ്ടത്

ബ്രിസ്‌ബേനിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്തു, പരമ്പര സ്വന്തം

33 വർഷമായി ബ്രിസ്‌ബേനിൽ പരാജയം അറിഞ്ഞിട്ടില്ലെന്ന ഓസീസ് അഹങ്കാരത്തിന്റെ പത്തിയിൽ തന്നെയാണ് രഹാനെയും കുട്ടികളും ആഞ്ഞടിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. അഞ്ച് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 324 റൺസാണ് ഇന്ത്യ ഇന്ന് കൂട്ടിച്ചേർത്തത്. ശുഭ്മാൻ ഗിൽ, പൂജാര, രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്

ഇന്ന് തുടക്കത്തിലെ ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടിരുന്നു. ഏഴ് റൺസാണ് രോഹിത് എടുത്തത്. പിന്നീട് ക്രീസിൽ ഒന്നിച്ച ശുഭ്മാൻ ഗില്ലും പൂജാരയും ചേർന്ന് കൂട്ടിച്ചേർത്തത് 114 റൺസിന്റെ പാർട്ണർഷിപ്. ഒരറ്റത്ത് ഗിൽ സ്‌കോർ ഉയർത്തുമ്പോൾ മറുവശത്ത് പൂജാര വിക്കറ്റ് കാത്തു. ഈ രീതിയാണ് പിന്നീടുള്ള കൂട്ടുകെട്ടുകളിലും ഇന്ത്യ തുടർന്നത്

146 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 91 റൺസാണ് ഗിൽ സ്വന്തമാക്കിയത്. പിന്നീട് പൂജാരയും രഹാനെയും ചേർന്ന് 35 റൺസിന്റെ കൂട്ടുകെട്ട്. രഹാനെ 24 റൺസെടുത്ത് പുറത്ത്. പൂജാരയും റിഷഭ് പന്തും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ട്. 211 പന്തിൽ 56 റൺസെടുത്ത പൂജാര നാലാം വിക്കറ്റ് ആയാണ് പുറത്തായത്

ബ്രിസ്‌ബേനിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്തു, പരമ്പര സ്വന്തം

മായങ്ക് അഗർവാൾ 9 റൺസിന് പുറത്തായി. പിന്നീട് വന്ന വാഷിംഗ്ടൺ സുന്ദറുമൊന്നിച്ച് 53 റൺസിന്റെ കൂട്ടുകെട്ടാണ് പന്ത് പടുത്തുയർത്തിയത്. 55 പന്തിലായിരുന്നു ഇരുവരും ചേർന്ന് 53 റൺസ് എടുത്തത്. ഈ കൂട്ടുകെട്ട് ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു. വിജയത്തിന് പത്ത് റൺസ് അകലെ 22 റൺസെടുത്ത സുന്ദർ വീണു. രണ്ട് ഫോറും ഒരു സിക്‌സും ഇതിനിടെ സുന്ദർ പറത്തിയിരുന്നു. ഷാർദൂൽ താക്കൂർ രണ്ട് റൺസിന് പുറത്തായി. ജയത്തിന് 3 റൺസ് അകലെയാണ് താക്കൂർ വീണത്.

നവ്ദീപ് സൈനിയെ മറുവശത്ത് നിർത്തി പന്ത് വിജയലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു. 138 പന്തിൽ 89 റൺസാണ് പന്തിന്റെ സമ്പാദ്യം. ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും പന്ത് കണ്ടെത്തി.

ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 369 റൺസാണ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 336 റൺസിന് പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഓസീസ് 294 റൺസിന് പുറത്തായതോടെയാണ് ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം വന്നത്.

Share this story