പത്തു വിക്കറ്റ് ജയം; റോഡ്‌സിന്റെ ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍

പത്തു വിക്കറ്റ് ജയം; റോഡ്‌സിന്റെ ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍

റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിലെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ബംഗ്ലാദേശ് ലെജന്റ്‌സിനെ ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് വാരിക്കളഞ്ഞു. ഇതിഹാസ താരം ജോണ്ടി റോഡ്‌സ് ക്യാപ്റ്റനായ ദക്ഷിണാഫ്രിക്ക പത്തു വിക്കറ്റിനാണ് ബംഗ്ലാദേശിനെ നാണംകെടുത്തിയത്. ഈ വിജയത്തോടെ സെമി ഫൈനലിലേക്കും ദക്ഷിണാഫ്രിക്ക ടിക്കറ്റെടുത്തു. തിലകരത്‌നെ ദില്‍ഷന്‍ നയിക്കുന്ന ശ്രീലങ്ക ലെജന്റ്‌സാണ് സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യം ബാറ്റ് വീശിയ ബംഗ്ലാദേശ് ഒമ്പതു വിക്കറ്റിന് 160 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ബംഗ്ലാ നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. അഫ്താബ് അഹമ്മദ് (39), ഹന്നന്‍ സര്‍ക്കാര്‍ (36), ഓപ്പണര്‍ നസിമുദ്ദീന്‍ (32) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.

മറുപടിയില്‍ 161 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുര്‍ത്തിയില്ല. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ തന്നെ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ ആന്‍ഡ്രു പുട്ടിക്കിന്റെയും (82) മോര്‍നെ വാന്‍വിക്കിന്റെയും (69) അപരാജിത ഫിഫ്റ്റികളാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കി മാറ്റിയത്.

വെറും 54 ബോളിലാണ് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുട്ടിക്ക് 82 റണ്‍സ് വാരിക്കൂട്ടിയത്. വാന്‍വിക്ക് 62 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് 69 റണ്‍സ് നേടിയത്. ബംഗ്ലാദേശിനായി ആറു ബൗളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും എല്ലാവര്‍ക്കും വെറുംകൈയുമായി മടങ്ങേണ്ടിവന്നു. പുട്ടിക്കാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ 24 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമാണ് 39 റണ്‍സോടെ അഫ്താബ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററായത്. സര്‍ക്കാര്‍ 31 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 36 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മഖായ എന്‍ടിനിയും ഷബലാലയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ചൊവ്വാഴ്ച രാത്രി നടക്കുന്ന അവസാന ലീഗ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ലെജന്റ്‌സും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സും ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമാണ് ഈ മല്‍സരം. ജയിക്കുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും. ഇന്ത്യ ലെജന്റ്‌സാണ് ഈ മല്‍സരത്തില്‍ ജയിക്കുന്നവരെ സെമിയില്‍ കാത്തിരിക്കുന്നത്. ആദ്യസെമി ബുധനാഴ്ചയും രണ്ടാംസെമി വെള്ളിയാഴ്ചയുമാണ്.

Share this story