തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി; ഇനി ‘ഫൈനല്‍’

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി; ഇനി ‘ഫൈനല്‍’

പിന്നില്‍ നിന്ന ശേഷം ഒരിക്കല്‍ക്കൂടി തിരിച്ചടിച്ച് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേക്കു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നിര്‍ണായകമായ നാലാം ടി20യില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി. ശനിയാഴ്ച നടക്കാനിരിക്കുന്ന അവസാനത്തെ മല്‍സരം ഇതോടെ ഫൈനലിനു തുല്യമായി മാറിയിരിക്കുകയാണ്. ഇത്തവണ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിട്ടും അത് ഇന്ത്യയെ വിജയം നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയില്ല. പരമ്പരയില്‍ ടോസ് നഷ്ടമായ ശേഷം ആദ്യം ബാറ്റ് ചെയ്ത ഒരു ടീം ജയിച്ചതും ഇതാദ്യമായിട്ടാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യക്കു ഈ മല്‍സരത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ കഴിഞ്ഞു. 186 റണ്‍സാണ് ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. മറുപടിയില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ഇന്ത്യ കളിയില്‍ പിടിമുറുക്കുകയായിരുന്നു. എട്ടു വിക്കറ്റിന് 177 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനായുള്ളൂ. സ്‌കോര്‍: ഇന്ത്യ എട്ടു വിക്കറ്റിന് 185. ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 177.

കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ജോസ് ബട്‌ലറിനെ (9) തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഡേവിഡ് മലാന്‍ (14), ജാസണ്‍ റോയ് (40) എന്നിവരെ ആറു റണ്‍സിന്റെ ഇടവേളയില്‍ ഇന്ത്യ പുറത്താക്കിയതോടെ ഇംഗ്ലണ്ട് മൂന്നിന് 66 റണ്‍സിലേക്കു വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സ്- ജോണി ബെയര്‍സ്‌റ്റോ ജോടി 65 റണ്‍സ് അടിച്ചെടുത്തതോടെ ഇംഗ്ലണ്ട് കളിയിലേക്കു തിരിച്ചുവന്നു.

ഈ കൂട്ടുകെട്ട് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുമെന്നിരിക്കെയാണ് ബെയര്‍സ്‌റ്റോയെ (25) പുറത്താക്കി രാഹുല്‍ ചഹര്‍ ഇന്ത്യക്കു നിര്‍ണായ ബ്രേക്ക്ത്രൂ നല്‍കിയത് (ഇംഗ്ലണ്ട് 4ന് 131). അപകടകാരികളായ ബെന്‍ സ്റ്റോക്‌സ് (46), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (4) എന്നിവരെ അടുത്തടുത്ത ബോളുകളില്‍ പുറത്താക്കി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഇംഗ്ലണ്ടിനെ സ്തബ്ധരാക്കി. 23 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. റോയ് 27 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു.

ഇന്ത്യക്കു വേണ്ടി ഠാക്കൂര്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച രാഹുല്‍ ചഹറും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഹാര്‍ദിക്കിന്റേതായിരുന്നു ഏറ്റവും മികച്ച പ്രകടനം. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം രണ്ടു പേരെ പുറത്താക്കിയത്.

കരിയറില്‍ അരങ്ങേറ്റ ഇന്നിങ്‌സ് കളിച്ച സൂര്യകുമാര്‍ യാദവിന്റെ (57) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നായകന്‍ വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച സൂര്യ 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 57 റണ്‍സ് നേടിയത്. ഒടുവില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. തേര്‍ഡ് അംപയറുടെ വിവാദ തീരുമാനം ഇതിനകം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

Share this story