വിജയത്തോടെ ഇന്ത്യ തുടങ്ങി; ഒന്നാം ഏകദിനത്തിൽ 66 റൺസിന്റെ മിന്നും വിജയം

വിജയത്തോടെ ഇന്ത്യ തുടങ്ങി; ഒന്നാം ഏകദിനത്തിൽ 66 റൺസിന്റെ മിന്നും വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. വിജയലക്ഷ്യമായ 318 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയുടെയും ഷാർദൂൽ താക്കൂറിന്റെയും ബൗളിംഗ് മികവിലാണ് ഇംഗ്ലണ്ട് തകർന്നത്

പ്രസിദ്ധ് 4 വിക്കറ്റുകൾ വീഴ്ത്തി. ഷാർദൂൽ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ രണ്ടും കൃനാൽ പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു. 94 റൺസെടുത്ത ജോണി ബെയിർസ്‌റ്റോ പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താൻ അതുമതിയായിരുന്നില്ല. 66 പന്തിൽ ഏഴ് സിക്‌സും ആറ് ഫോറും സഹിതമാണ് ബെയിർസ്‌റ്റോ 94 റൺസ് എടുത്തത്

ജേസൺ റോയി 46 റൺസെടുത്തു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 14.2 ഓവറിൽ 135 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 135 റൺസ് എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 251ന് പുറത്തായത്. ഇയാൻ മോർഗൻ 22 റൺസും മൊയിൻ അലി 30 റൺസുമെടുത്തു.

നേരത്തെ ഇന്ത്യക്ക് വേണ്ടി നാല് പേർ അർധ ശതകം തികച്ചു. 98 റൺസെടുത്ത ധവാനാണ് ടോപ് സ്‌കോറർ. നായകൻ കോഹ്ലി 62 റൺസും കെ എൽ രാഹുൽ 62 റൺസും കൃനാൽ പാണ്ഡ്യ 58 റൺസുമെടുത്തു

Share this story