സെഞ്ച്വറിയോടെ നായകന്റെ അരങ്ങേറ്റം; സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല

സെഞ്ച്വറിയോടെ നായകന്റെ അരങ്ങേറ്റം; സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല

ഐപിഎല്ലിൽ നായകനായുള്ള അരേങ്ങറ്റം സെഞ്ച്വറിയോടെ ഗംഭീരമാക്കി സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ച്വറിയോടെ പൊരുതിയെങ്കിലും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാൻ സഞ്ജുവിന് സാധിച്ചില്ല. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ നാല് റൺസിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. അവസാന പന്തിൽ സിക്‌സറിന് ഉയർത്തിയെങ്കിലും ബൗണ്ടറി ലൈനിനരികെ സഞ്ജുവിന്റെയും രാജസ്ഥാന്റെയും പോരാട്ടം അവസാനിച്ചു

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്. കെ എൽ രാഹുൽ 91 റൺസും ക്രിസ് ഗെയിൽ 40 റൺസും ദീപക് ഹൂഡ 64 റൺസുമെടുത്തു.

മറുപടി ബാറ്റിംഗിൽ സഞ്ജു ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പേ ബെൻ സ്‌റ്റോക്‌സിനെയും 25ൽ വെച്ച് മനൻ വോറയെയും നഷ്ടപ്പെട്ടെങ്കിലും ബട്‌ലറെയും ശിവം ദുബെയയും പരാഗിനെയും കൂട്ടുപിടിച്ച് സഞ്ജു ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയി. 54 പന്തിൽ സെഞ്ച്വറി. അവസാന പന്തിൽ പുറത്താകുമ്പോൾ 63 പന്തിൽ ഏഴ് സിക്‌സും 12 ഫോറും സഹിതം 119 റൺസാണ് രാജസ്ഥാൻ നായകൻ സ്വന്തമാക്കിയത്. രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസിലൊതുങ്ങി.

പരാജയപ്പെട്ടെങ്കിലും കളിയിലെ താരമായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ നിരവധി നേട്ടങ്ങളും സഞ്ജു സ്വന്തമാക്കി. ഐപിഎല്ലിൽ മൂന്നോ അതിലധികമോ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ സഞ്ജുവെത്തി. മൂന്ന് സെഞ്ച്വറികളാണ് താരത്തിനുള്ളത്. ആറ് സെഞ്ച്വറിയുമായി ക്രിസ് ഗെയിലാണ് പട്ടികയിൽ മുന്നിൽ. അഞ്ച് സെഞ്ച്വറിയുമായി കോഹ്ലിയും നാല് സെഞ്ച്വറികളുമായി വാട്‌സൺ, ഡേവിഡ് വാർണർ എന്നിവരുണ്ട്.

റൺസ് ചേസ് ചെയ്യുമ്പോൾ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറിൽ സേവാഗിന്റെ നേട്ടത്തിനൊപ്പവും സഞ്ജുവെത്തി.

Share this story