പട നയിച്ച് സഞ്ജു; 63 ബോളില്‍ 119: ജയത്തിനരികെ രാജസ്ഥാന് കാലിടറി

പട നയിച്ച് സഞ്ജു; 63 ബോളില്‍ 119: ജയത്തിനരികെ രാജസ്ഥാന് കാലിടറി

ഓ സഞ്ജൂ… ഐപിഎല്‍ ചരിത്രത്തില്‍ ഇതുപോലെയൊരു ഇന്നിങ്‌സ് ഒരു ക്യാപ്റ്റനും അരങ്ങേറ്റ മല്‍സരത്തില്‍ കളിച്ചിട്ടില്ല. പക്ഷെ അവസാന ബോളില്‍ ജയത്തിന്റെ പടിവാതില്‍ക്കെ രാജസ്ഥാന്‍ വീണത് സഞ്ജുവിനെയും ക്രിക്കറ്റ് പ്രേമികളെയും കണ്ണീരിലാഴ്ത്തി. പഞ്ചാബ് കിങ്‌സിനെതിരേ ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്നു കരുതിയ വിജയലക്ഷ്യം രാജസ്ഥാനു കൈയെത്തുംദൂരത്ത് എത്തിച്ചത് സഞ്ജുവായിരുന്നു. പക്ഷെ അവസാന ബോളില്‍ പഞ്ചാബ് നാലു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു. അഞ്ചു റണ്‍സായിരുന്നു അവസാന ബോളില്‍ രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അര്‍ഷ്ദീപിന്റെ ബൗളിങില്‍ സഞ്ജുവിന് ബൗണ്ടറി ലൈനിന് തൊട്ടരികെ ദീപക് ഹൂഡ ക്യാച്ച് ചെയ്തപ്പോള്‍ രാജസ്ഥാന്‍ സ്തബ്ധരായി. വെറും 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 119 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഈ സീസണിലെ ഐപിഎല്ലില്‍ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം തന്റെ പേരില്‍ കുറിച്ചത്. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് ആറിന് 221, രാജസ്ഥാന്‍ റോയല്‍സ് ഏഴിന് 217.

വെറും 54 ബോളുകളില്‍ നിന്നായിരുന്നു സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തെ മൂന്നാമത്തെ സെഞ്ച്വറി നേട്ടം കൂടിയായിരുന്നു ഇത്. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും സഞ്്ജു സ്വന്തം പേരില്‍ കുറിച്ചു. രാജസ്ഥാന്‍ നിരയില്‍ സഞ്ജുവിനെക്കൂടാതെ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. റിയാന്‍ പരാഗ് (25), ജോസ് ബട്‌ലര്‍ (25), ശിവം ദുബെ (23) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പഞ്ചാബ് മുന്നില്‍ വച്ചപ്പോള്‍ രാജസ്ഥാനു അതു മറികടക്കാന്‍ കഴിയുമോയെന്നു പലരും സംശയിച്ചിരുന്നു. അവരുടെ തുടക്കം മോശവുമായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ മൂന്നാമത്തെ ബോളില്‍ ബെന്‍ സ്‌റ്റോക്‌സിനെ രാജസ്ഥാനു നഷ്ടമായി. ഇതോടെ ആദ്യ ഓവറില്‍ തന്നെ മൂന്നാമനായ സഞ്ജുവിനു ഇറങ്ങേണ്ടിവന്നു. ടീം സ്‌കോര്‍ 25ല്‍ മറ്റൊരു ഓപ്പണര്‍ മനന്‍ വോറയും പുറത്ത്.

മൂന്നാം വിക്കറ്റില്‍ ജോസ് ബട്‌ലറിനൊപ്പം 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. ബട്‌ലര്‍ (25) പുറത്താവുമ്പോള്‍ രാജസ്ഥാന്‍ മൂന്നിന് 70. നാലാം വിക്കറ്റില്‍ സഞ്ജുവിനു കൂട്ടായി വന്നത് ശിവം ദുബെ. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് നേടി. ദുബെയെ (23) പുറത്താക്കി പഞ്ചാബ് വീണ്ടും തിരിച്ചടിച്ചു. അഞ്ചാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം റിയാന്‍ പരാഗ് ചേര്‍ന്നതോടെ രാജസ്ഥാന്‍ റണ്‍മഴ പെയ്യിച്ചു. ഇരുവരും കൂടി വെറും 19 ബോളില്‍ 50 റണ്‍സ് വാരിക്കൂട്ടി. മികച്ചൊരു ഷോര്‍ട്ട് ബോളിലൂടെ പരാഗിനെ 25 (11 ബോള്‍, 1 ബൗണ്ടറി, 3 സിക്‌സര്‍) ഷമി പുറത്താക്കിയതോടെ പഞ്ചാബിനു ശ്വാസം നേരെ വീണു. രാഹുല്‍ തെവാത്തിയക്കു (2) കാര്യമായ സംഭാവന നല്‍കാനായില്ല. രണ്ടു റണ്‍സോടെ ക്രിസ് മോറിസ് പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് ആറു വിക്കറ്റിന് 221 റണ്‍സ് അടിച്ചെടുത്തു. നായകന്‍ കെഎല്‍ രാഹുല്‍ (91), ദീപക് ഹൂഡ (64) എന്നിവരുടെ തീപ്പൊരി ഫിഫ്റ്റികളാണ് പഞ്ചാബിനെ വമ്പന്‍ ടോട്ടലിലെത്തിച്ചത്. 50 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് 91 റണ്‍സോടെ രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്.

എന്നാല്‍ കളിയിലെ സര്‍പ്രൈസ് ഹീറോ ഹൂഡയായിരുന്നു. വെറും 28 ബോളില്‍ നാലു ബൗണ്ടറികളും ആറു സിക്‌സറുകളുമടക്കമാണ് 64 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്. ഫിഫ്റ്റി തികയ്ക്കാന്‍ 20 ബോളുകള്‍ മാത്രമേ ഹൂഡയ്ക്കു വേണ്ടി വന്നുള്ളൂ. സിക്‌സറിലൂടെയാണ് താരം ഫിഫ്റ്റി തികച്ചത്. ക്രിസ് ഗെയ്‌ലാണ് (40) പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ (14), നിക്കോളാസ് പൂരന്‍ (0), ജൈ റിച്ചാര്‍ഡ്‌സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഷാരൂഖ് ഖാന്‍ ആറു റണ്‍സുമായി ക്രീസില്‍ നിന്നു.

രാജസ്ഥാനു വേണ്ടി ഐപിഎല്ലിലെ കന്നി മല്‍സരം കളിച്ച യുവ പേസര്‍ ചേതന്‍ സക്കരിയയാണ് ബൗളിങില്‍ തിളങ്ങിയത്. അവസാന ഓവറിലെ രണ്ടു വിക്കറ്റുകളടക്കം മൂന്നു വിക്കറ്റുകള്‍ താരം വീഴ്ത്തി. തല്ലുവാങ്ങിയെങ്കിലും ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന് രണ്ടു വിക്കറ്റ് ലഭിച്ചു.

പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 22ല്‍ വച്ച് മായങ്കിനെ ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ ചേതന്‍ സക്കരിയ പുറത്താക്കി. മായങ്കിനെ സഞ്ജു ക്യാച്ച് ചെയ്യുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഗെയ്‌ലാണ് രാഹുലിന് കൂട്ടായെത്തിയത്. 67 റണ്‍സ് ജോടി ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തു. ഈ സഖ്യം കരുത്താര്‍ജിക്കെയായിരുന്നു ഗെയ്‌ലിന്റെ മടക്കം. ഇതിനിടെ യൂനിവേഴ്‌സല്‍ ബോസ് ഐപിഎല്ലില്‍ 350 സിക്‌സറുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

ഗെയ്‌ലിന്റെ പുറത്താവല്‍ പഞ്ചാബിന്റെ സ്‌കോറിങിന് വേഗം കുറയ്ക്കുമെന്ന് കരുതിയെങ്കിലും തിരിച്ചാണ് സംഭവിച്ചത്. രാഹുലിന് കൂട്ടായി ഹൂഡ വന്നതോടെ പഞ്ചാബ് ടോപ് ഗിയറിലായി. സിക്‌സറുകള്‍ക്കായിരുന്നു ഹൂഡ പ്രാധാന്യം നല്‍കിയത്. ഇതോടെ തുരുതുരെ സിക്‌സറുകള്‍ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും പറന്നു. ഹൂഡയുടെ ഇന്നിങ്‌സ് രാഹുലിനെയും പ്രചോദിതനാക്കി. അദ്ദേഹും ആക്രമിണത്തിന് മൂര്‍ച്ച കൂട്ടിയതോടെ പഞ്ചാബിന്റെ സ്‌കോര്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചു. മൂന്നാം വിക്കറ്റില്‍ 105 റണ്‍സ് രാഹുല്‍- ഹൂഡ ജോടി വാരിക്കൂട്ടി. ഹൂഡ മടങ്ങുമ്പോഴേക്കും പഞ്ചാബ് 200ന് തൊട്ടരികിലെത്തിയിരുന്നു.

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടോസ് ഭാഗ്യം സഞ്ജുവിനായിരുന്നു. മോറിസിനെക്കൂടാതെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും രാജസ്ഥാനു വേണ്ടി ആദ്യ മല്‍സരം കളിച്ചു. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരായിരുന്നു പ്ലെയിങ് ഇലവനിലെ മറ്റു വിദേശ താരങ്ങള്‍. പഞ്ചാബിനു വേണ്ടിയും രണ്ടു വിദേശ താരങ്ങള്‍ കന്നി മല്‍സരത്തിന് ഇറങ്ങി. ഓസ്‌ട്രേലിയന്‍ ജോടികളായ റിലേ മെറിഡിത്ത്, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവരായിരുന്നു ഇത്. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍ എന്നിവരാണ് മറ്റു വിദേശ കളിക്കാര്‍.

Share this story