പോര്‍ച്ചുഗല്‍ മിന്നും ജയവുമായി തുടങ്ങി; ഡബിളടിച്ച് റോണോ: ലോക റെക്കോര്‍ഡ്

പോര്‍ച്ചുഗല്‍ മിന്നും ജയവുമായി തുടങ്ങി; ഡബിളടിച്ച് റോണോ: ലോക റെക്കോര്‍ഡ്

നിലവിലെ ചാംപ്യന്‍മാപായ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആധികാരിക വിജയത്തോടെ തുടങ്ങി. മരണ ഗ്രൂപ്പായ എഫിലെ ആവേശകരമായ മല്‍സരത്തില്‍ ഹംഗറിയെയാണ് പറങ്കിപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ കളിയില്‍ അവസാനത്തെ ആറു മിനിറ്റിനിടെയാണ് മൂന്നു തവണ വലുകുലുക്കി പോര്‍ച്ചുഗല്‍ വിജയക്കൊടി നാട്ടിയത്.

പോര്‍ച്ചുഗലിന്റെ രണ്ടു ഗോളുകളും ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വകയായിരുന്നു. 87, 90 മിനിറ്റുകളിലായിരുന്നു റോണോ നിറയൊഴിച്ചത്. ആദ്യ ഗോള്‍ 84ാം മിനിറ്റില്‍ റാഫേല്‍ ഗ്വരേരോയുടെ വകയായിരുന്നു. ഇരട്ട ഗോളുകളോടെ യൂറോയില്‍ റൊണാള്‍ഡോ ഗോളടിയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ടൂര്‍ണമെന്റിലെ ഓള്‍ടൈം ഗോള്‍ സ്‌കോററായി അദ്ദേഹം മാറി. മാത്രമല്ല മറ്റൊരു റെക്കോര്‍ഡും ഈ കളിയില്‍ റോണോ കുറിച്ചു. ഏറ്റവുമധികം യൂറോ കപ്പുകളില്‍ കളിച്ച താരമായി അദ്ദേഹം മാറി. റൊണാള്‍ഡോയുടെ അഞ്ചാമത്തെ ചാംപ്യന്‍ഷിപ്പായിരുന്നു ഇത്.

സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. 83 മിനിറ്റ് വരെ നിലവിലെ ചാംപ്യന്‍മാരെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. മാത്രമല്ല രണ്ടാപകുതിയില്‍ കൗണ്ടര്‍അറ്റാക്കിങ് ഗെയിമിലൂടെ പല തവണ ഹംഗറി പോര്‍ച്ചുഗലിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. 80ാം മിനിറ്റില്‍ പറങ്കിപ്പടയെ സ്തബ്ധരാക്കി അവര്‍ വുലുക്കിയിരുന്നെങ്കിലും ഓഫ് വിളിക്കപ്പെടുകയായിരുന്നു. ഇത് ഗോളായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.
പോര്‍ച്ചുഗലിന്റെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരം ആരംഭിച്ചത്. അറ്റാക്കിങ് ഗെയിം പുറത്തെടുത്ത പറങ്കിപ്പട തുടക്കം മുതല്‍ ഹംഗറിയുടെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. ഇതോടെ ഹംഗറിക്കു പ്രതിരോധത്തിലേക്കു വലിയേണ്ടി വന്നു. പലപ്പോഴും ബോള്‍ ലഭിക്കാതെ അവ വലഞ്ഞു. വലതു വിങിലൂടെയായിരുന്നു പോര്‍ച്ചുഗലിന്റെ മിക്ക നീക്കങ്ങളും.

അഞ്ചാം മിനിറ്റില്‍ തന്നെ ഡീഗോ ജോട്ടയിലൂടെ പോര്‍ച്ചുഗലിന് അക്കൗണ്ട് തുറക്കാന്‍ മികച്ച അവസരം. ബോക്‌സിനുള്ളില്‍ വച്ച് രണ്ടു ഹംഗറി താരങ്ങളെ വെട്ടിയൊഴിഞ്ഞ് ജോട്ട തൊടുത്ത ഷോട്ട് ഗോളി കുത്തികയറ്റി. എന്നാല്‍ ദുഷ്‌കരമായ ആംഗിളില്‍ നിന്നും ഷോട്ട് പരീക്ഷിക്കുന്നതിനു പകരം ഇടതു മാര്‍ക്ക് ചെയ്യെപ്പെടാതെ നിന്ന റൊണാള്‍ഡേയ്ക്കു ജോട്ട ബോള്‍ പാസ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ സ്‌കോര്‍ 1-0 ആവുമായിരുന്നു.
20ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോള്‍ശ്രമം ഹംഗറി ഗോളി രക്ഷപ്പെടുത്തി. ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്നും റോണോയുടെ ഗോള്‍ശ്രമം ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു. 30ാം മിനിറ്റില്‍ മറ്റൊരു ഗോളവസരം റോണോ പാഴാക്കി. ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നും അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി. 40ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് വീണ്ടുമൊരു അവസരം. എന്നാല്‍ സെമേഡോയുടെ പാസില്‍ ജോട്ടയുടെ ഷോട്ട് നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

43ാം മിനിറ്റിലായിരുന്നു കളിയിലെ സുവര്‍ണാവസരം പിറന്നത്. എന്നാല്‍ അവിശ്വസനീയമാം വിധം റൊണാള്‍ഡോ ഇതു പുറത്തേക്കടിച്ചു പാഴാക്കി. ഇടതു വിങില്‍ നിന്നും ഫെര്‍ണാണ്ടസ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോണോയ്ക്കു ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്കു തട്ടിയിടേണ്ട റോള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ ഹാഫ് വോളിക്ക് ശ്രമിച്ച അദ്ദേഹത്തിന് പിഴച്ചു, ബോള്‍ ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പറക്കുകയും ചെയ്തു.

Share this story