ആവേശപ്പോരാട്ടം; മൂന്ന് മത്സരങ്ങള്‍: ഡെന്‍മാര്‍ക്കും ബെല്‍ജിയവും മുഖാമുഖം

ആവേശപ്പോരാട്ടം; മൂന്ന് മത്സരങ്ങള്‍: ഡെന്‍മാര്‍ക്കും ബെല്‍ജിയവും മുഖാമുഖം

യുറോ കപ്പില്‍ ഇന്ന് മൂന്ന് പോരാട്ടത്തില്‍. വൈകീട്ട് 6.30ന് ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ യുക്രൈന്‍ മാസിഡോനിയയേയും ഗ്രൂപ്പ് ബിയില്‍ രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ബെല്‍ജിയത്തേയും രാത്രി 12.30ന് ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോളണ്ട് ഓസ്ട്രിയയേയും നേരിടും. ഇതില്‍ ഡെന്‍മാര്‍ക്ക്-ബെല്‍ജിയം മത്സരമാവും ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുക. മത്സരങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാം.

സിയില്‍ ആദ്യ കളി തോറ്റ യുക്രൈനും മാസിഡോനിയക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്. ഹോളണ്ടിനോട് 3-2ന് യുക്രൈന്‍ പൊരുതി തോറ്റപ്പോള്‍ ഓസ്ട്രിയയോട് 3-1നാണ് മാസിഡോനിയ തോറ്റത്. നിലവില്‍ ടീം കരുത്തില്‍ യുക്രൈന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. ഇരു ടീമും 2015ലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 2-0ന്റെ ജയം യുക്രൈനായിരുന്നു.

അതേ സമയം ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക്-ബെല്‍ജിയം മത്സരത്തില്‍ തകര്‍പ്പന്‍ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബെല്‍ജിയം ആദ്യ മത്സരത്തില്‍ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിന് ഫിന്‍ലന്‍ഡിനോട് 1-0ന് തോല്‍ക്കേണ്ടി വന്നു. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ മത്സരത്തിനിടെ തളര്‍ന്നു വീഴുകയും ഫുട്‌ബോള്‍ ലോകത്തെയാകെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു.അവസാനം കളിച്ച 12 മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് ഡെന്‍മാര്‍ക്ക് തോറ്റത്.

അതേ സമയം ബെല്‍ജിയം മികച്ച ഫോമിലാണുള്ളത്. റോമലു ലുക്കാക്കു,ഈദന്‍ ഹസാര്‍ഡ്,ഡ്രൈസ് മെര്‍ട്ടിനസ്,യൂറി ടെലിമന്‍സ്,കെവിന്‍ ഡി ബ്രൂയിന്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ഇത്തവണയും ബെല്‍ജിയത്തിനൊപ്പമുണ്ട്. ഇത്തവണ സജീവ കിരീട പ്രതീക്ഷയുള്ള ബെല്‍ജിയം തന്നെയാണ് ഗ്രൂപ്പിലെ ഏറ്റവും ശക്തരായ നിരയും. അവസാന അഞ്ച് മത്സരത്തില്‍ നാലിലും ബെല്‍ജിയത്തിന് ജയിക്കാനായി. അവസാന 10 മത്സരത്തില്‍ 2.70 ആണ് ബെല്‍ജിയത്തിന്റെ ഗോള്‍ ശരാശരി.

റോമലു ലുക്കാക്കു തന്നെയാണ് ടീമിന്റെ കുന്തമുന. 2018ലെ ലോകകപ്പ് മുതലുള്ള കണക്ക് പ്രകാരം 19 മത്സരത്തില്‍ നിന്ന് 22 ഗോളുകളാണ് അദ്ദേഹം നേടിയത്. നേര്‍ക്കുനേര്‍ കണക്കുകളിലും ബെല്‍ജിയത്തിന് മുന്‍തൂക്കമുണ്ട്. അവസാനമായി മുഖാമുഖമെത്തിയ മത്സരത്തില്‍ 4-2ന്റെ ജയം ബെല്‍ജിയത്തിനായിരുന്നു.

മൂന്നാം മത്സരത്തില്‍ ഹോളണ്ടിന്റെ എതിരാളി ഓസ്ട്രിയയാണ്. ഗ്രൂപ്പ് സിയില്‍ ഇരു ടീമും ആദ്യ മത്സരം ജയിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ശക്തം. താരക്കരുത്തില്‍ ഹോളണ്ടിന് മുന്‍തൂക്കം നല്‍കാം. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രിയയെ ഹോളണ്ട് തോല്‍പ്പിച്ചിരുന്നു.

Share this story