അക്കൗണ്ട് തുറന്ന് റഷ്യ; കന്നി ജയവുമായി വെയ്ല്‍സ് പ്രീക്വാര്‍ട്ടറിനരികെ

അക്കൗണ്ട് തുറന്ന് റഷ്യ; കന്നി ജയവുമായി വെയ്ല്‍സ് പ്രീക്വാര്‍ട്ടറിനരികെ

യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ റഷ്യക്കും വെയ്ല്‍സിനും ആദ്യ വിജയം. ഗ്രൂപ്പ് ബിയില്‍ റഷ്യ ഏകപക്ഷീയമായ ഒരു ഗോളിനു ഫിന്‍ലാന്‍ഡിനെയാണ് കീഴടക്കിയത്. ഗ്രൂപ്പ് എയില്‍ വെയ്ല്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുര്‍ക്കിയെയും മറികടന്നു. വിജയത്തോടെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ റഷ്യ ആദ്യ കളിയില്‍ ബെജിയത്തോടു 0-3നു പരാജയപ്പെട്ടിരുന്നു. വെയ്ല്‍സാവട്ടെ ആദ്യറൗണ്ടില്‍ സ്വിറ്റ്‌സര്‍ലാന്റുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്നു നടന്ന ആവേശകരമായ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെതിരേ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ അലെക്‌സി മിറാന്‍ചുക്ക് നേടിയ ഗോളാണ് റഷ്യയെ ടൂര്‍ണമെന്റിലേക്കു തിരിച്ചുകൊണ്ടു വന്നത്. ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ റഷ്യ വിജയിക്കേണ്ടതായിരുന്നു. എന്നാല്‍ ഫിന്‍ലാന്‍ഡ് ഗോള്‍കീപ്പറുടെ ചില മികച്ച സേവുകള്‍ റഷ്യയുടെ വിജയ മാര്‍ജിന്‍ ഒന്നിലൊതുക്കുകയായിരുന്നു. യൂറോയിലെ അരങ്ങേറ്റക്കാരായ ഫിന്‍ലാന്‍ഡ് ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ 1-0ന് അട്ടിമറിച്ചിരുന്നു. പക്ഷെ റഷ്യക്കെതിരേ അതുപോലെയൊരു അദ്ഭുതം ആവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. എങ്കിലും റഷ്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് ഫിന്‍ലാന്‍ഡ് തോല്‍വി സമ്മതിച്ചത്.

ബാക്കുവിലെ ഒളിംപിക് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആരണ്‍ റെംസി (42ാം മിനിറ്റ്), കോണര്‍ റോബോര്‍ട്ട്‌സ് (90+5) എന്നിവര്‍ നേടിയ ഗോളുകളാണ് തുര്‍ക്കിക്കെതിരേ വെയ്ല്‍സിനു മികച്ച വിജയം സമ്മാനിച്ചത്. 61ാം മിനിറ്റില്‍ വെയ്ല്‍സിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഗരെത് ബേല്‍ അവിശ്വസനീയമാംവിധം ഇതു പുറത്തേക്കടിച്ചു കളയുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തുര്‍ക്കിയുടെ നോക്കൗട്ട് റൗണ്ട് സാധ്യത ഏറെക്കുറെ അവസാനിച്ചു. ആദ്യ കളിയില്‍ കരുത്തരായ ഇറ്റലിയോട് തുര്‍ക്കി 0-3നു തകര്‍ന്നടിഞ്ഞിരുന്നു. വെയ്ല്‍സാവട്ടെ നാലു പോയിന്റോടെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിന് തൊട്ടരികിലെത്തി.

പെനല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും ബേലായിരുന്നു വെയ്ല്‍സിന്റെ ഹീറോ. ടീമിന്റെ രണ്ടു ഗോളുകള്‍ക്കു പിന്നിലും അദ്ദേഹമായിരുന്നു. നായകന്റെ മല്‍സരം പുറത്തെടുത്ത ബേലിന്റെ മിന്നുന്ന പ്രകടനമാണ് വെയ്ല്‍സിനു ടൂര്‍ണമെന്റിലെ ആദ്യ വിജയം നേടിക്കൊടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. നോക്കൗട്ട് റൗണ്ട് സാധ്യത കാക്കാന്‍ ജയം അനിവാര്യമായിരുന്നതിനാല്‍ വെയ്ല്‍സും തുര്‍ക്കിയും തുടക്കം മുതല്‍ ഗോള്‍ നേടുകയെന്ന അറ്റാക്കിങ് ഗെയിമായിരുന്നു പുറത്തെടുത്തത്. ആറാം മിനിനിറ്റില്‍ ബേലിന്റെ ത്രൂബോളില്‍ ബോക്‌സിനകത്തു വച്ച് റാംസിയുടെ ക്ലോസ്‌റേഞ്ച് ഷോട്ട് ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. 24ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി റെംസി പാഴാക്കി. ബേലിന്റെ മനോഹരമായ ബോള്‍ ബോക്‌സിനകത്തു നിന്നു സ്വീകരിക്കുമ്പോള്‍ ഗോളി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ റെംസി ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു പാഴാക്കി.
ഒടുവില്‍ 42ാം മിനിറ്റില്‍ റെംസി വെയ്ല്‍സിനെ മുന്നിലെത്തിച്ചു. ബോല്‍ കോരിയിട്ട ബോള്‍ ബോക്‌സിനകത്തു നിന്നു നെഞ്ചു കൊണ്ടു പിടിച്ചെടുത്ത റെംസി വലയിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു. രണ്ടാംപകുതിയില്‍ ഇരീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചു. പക്ഷെ ബോള്‍ ഗോള്‍വര കടന്നില്ല. ബേല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയത് തുര്‍ക്കിയുടെ സമനില പ്രതീക്ഷകള്‍ കാത്തെങ്കിലും അവരുടെ ശ്രമങ്ങളൊന്നും ഗോളിലെത്തിയില്ല. ഒടുവില്‍ ഇഞ്ചുറിടൈമില്‍ വലതുമൂലയില്‍ നിന്നുള്ള കോര്‍ണറിനൊടുവില്‍ ബോളിലുമായി ബോക്‌സിലേക്കു ഡ്രിബിള്‍ ചെയ്ത് കയറി ബേല്‍ നല്‍കി പാസ് റോബോര്‍ട്ട്‌സ് വലയിലേക്കു തട്ടിയിട്ടതോടെ വെയ്ല്‍സ് വിജയവും മൂന്ന പോയിന്റും ഉറപ്പാക്കി.

റഷ്യക്കെതിരായ മല്‍സരത്തില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഫിന്‍ലാന്‍ഡ് വലയില്‍ പന്തെത്തിച്ചിരുന്നു. ഇതോടെ മറ്റൊരു അട്ടിമറിക്ക് കൂടി അവര്‍ കോപ്പ് കൂട്ടുകയാണെന്നു ഫുട്‌ബോള്‍ പ്രേമികളും കരുതിയെങ്കിലും ഗോള്‍ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല. സംശയത്തെ തുടര്‍ന്ന് റഫറി വിഎആറിന്റെ സഹായം തേടുകയും തുടര്‍ന്ന് ഓഓഫ്‌സൈഡ് വിളിക്കുകയുമായിരുന്നു. 14ാം മിനിറ്റില്‍ റഷ്യക്കു ലീഡ് നേടാന്‍ സുവര്‍ണാവസരം. പക്ഷെ സ്യൂബയുടെ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കിയെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ആദ്യപകുതിയുടെ ഇഞ്ചുറിടൈമിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോളിന്റെ പിറവി. ക്യാപ്റ്റന്‍ സ്യൂബ വലതു വിങില്‍ നിന്നും നല്‍കിയ ബോള്‍ ബോക്‌സിനകത്തു നിന്നും വലതു കാല്‍ കൊണ്ടു മിറാന്‍ചുക്ക് പിടിച്ചെടുത്തു. ഒന്നു കട്ട് ചെയ്ത ശേഷം ബോള്‍ ഇടതുകാലിലേക്കു മാറ്റി താരം തൊടുത്ത കര്‍ലിങ് ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത ഗോളിക്കു തൊടാന്‍ അവസരം നല്‍കാതെ വലയുടെ ഇടതുമൂലയില്‍ തുളഞ്ഞുകയറി.

Share this story