കളം നിറഞ്ഞാടി ബ്രസീൽ; വലകുലുക്കി നെയ്മര്‍: പെറുവിനെതിരേ വമ്പന്‍ ജയം

കളം നിറഞ്ഞാടി ബ്രസീൽ; വലകുലുക്കി നെയ്മര്‍: പെറുവിനെതിരേ വമ്പന്‍ ജയം

കോപ്പാ അമേരിക്കയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. രണ്ടാം മത്സരത്തില്‍ കരുത്തരായ പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികള്‍ തകര്‍ത്തുവിട്ടത്. തകര്‍പ്പന്‍ താരനിരയോടൊപ്പം കളിച്ചുവളര്‍ന്ന തട്ടകത്തിന്റെ ആധിപത്യവും ബ്രസീല്‍ നിര മുതലാക്കിയതോടെ പെറുവിന്റെ പ്രതിരോധകോട്ടയുടെ ആണിവേരിളകി. 12ാം മിനുട്ടില്‍ അലക്‌സ് സാന്‍ഡ്രോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ നെയ്മര്‍ (68),എവര്‍ട്ടന്‍ റിബെയ്‌റോ (89),റിച്ചാര്‍ലിസന്‍ (93) എന്നിവരും ബ്രസീലിനായി വലകുലുക്കി.

4-4-2 ഫോര്‍മേഷനിലിറങ്ങിയ ബ്രസീലിനെ 4-2-3-1 ഫോര്‍മേഷനിലാണ് പെറു നേരിട്ടത്.തുടക്ക സമയത്ത് ഇരു ടീമും തണുപ്പന്‍ പ്രകടനമാണ് നടത്തിയത്. എന്നാല്‍ 10 മിനുട്ട് പിന്നിട്ടത്തോടെ ബ്രസീല്‍ തങ്ങളുടേതായ ശൈലിയിലേക്ക് ഉയര്‍ന്നു. 12ാം മിനുട്ടില്‍ പെറുവിന്റെ ഗോള്‍വലയില്‍ ആദ്യ പന്ത് കയറി. ഗബ്രിയേല്‍ ജീസസിന്റെ മനോഹരമായ പാസിനെ പ്രതിരോധ താരം അലെക്‌സ് സാന്‍ഡ്രോയാണ് വലയിലെത്തിച്ചത്. താരത്തിന്റെ ബ്രസീലിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. 44ാം മിനുട്ടില്‍ അലെക്‌സ് സാന്‍ഡ്രോ ലോങ് റേഞ്ചിലൂടെ വലകുലുക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ പോയി.

ഗോള്‍ വഴങ്ങിയെങ്കിലും ആദ്യ പകുതിയിലെ കളിക്കണക്കുകള്‍ പെറുവിന് അനുകൂലമായിരുന്നു. 55 ശതമാനം പന്തടക്കിവെക്കാനും നാലിനെതിരേ അഞ്ച് ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും പെറുവിന് സാധിച്ചെങ്കിലും ഗോളടിക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിന്റെ സര്‍വാധിപത്യമായിരുന്നു. 61ാം മിനുട്ടില്‍ പെറു ബോക്‌സിനടുത്ത് ടാപ്പിയ നെയ്മറെ വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചെങ്കിലും വാര്‍ പരിശോധനയില്‍ റഫറി പെനാല്‍റ്റി നിഷേധിച്ചു.68ാം മിനുട്ടില്‍ ബ്രസീല്‍ രണ്ടാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. ഫ്രഡിന്റെ അസിസ്റ്റില്‍ നെയ്മറാണ് ബ്രസീലിന്റെ ലീഡുയര്‍ത്തിയത്.

ലഭിച്ച അവസരങ്ങള്‍ മുതലാക്കുന്നതില്‍ പെറുവിന് പിഴച്ചു. മികച്ച പല മുന്നേറ്റങ്ങളും നന്നായി ഫിനിഷ് ചെയ്യാന്‍ ടീമിനായില്ല. മികച്ച സ്‌ട്രൈക്കറിന്റെ അഭാവം പെറുവിന്റെ മുന്‍ നിരയില്‍ നിഴലിച്ച് നിന്നു. 78ാം മിനുട്ടില്‍ ഗോള്‍ നേടാന്‍ പെറുവിന്റെ അലക്‌സ് വലേറയ്ക്ക് ലഭിച്ച സുവര്‍ണ്ണാവസരം താരം പാഴാക്കി. അവസാന മിനുട്ടുകളില്‍ ബ്രസീല്‍ നിരയുടെ കടന്നാക്രമണമാണ് കണ്ടത്. 86ാം മിനുട്ടില്‍ ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ഗോളാക്കാന്‍ ബ്രസീലിന്റെ റോബര്‍ട്ടോ ഫിര്‍മിനോയ്്ക്കായില്ല.

88ാം മിനുട്ടില്‍ നെയ്മര്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ എവര്‍ട്ടന്‍ റിബെയ്‌റോ ബ്രസീലിനായി മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിലും ആക്രമണത്തിന്റെ മൂര്‍ച്ചകുറയ്ക്കാതെ മുന്നേറിയ ബ്രസീലിനായി റിച്ചാര്‍ലിസണ്‍ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. ഗോളടിപ്പിച്ചും ഗോളടിച്ചും തകര്‍പ്പന്‍ പ്രകടനമാണ് നെയ്മര്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റുകള്‍ ബ്രസീല്‍ സ്വന്തമാക്കി.

Share this story