സ്ലൊവാക്യയെ വീഴ്ത്തി സ്വീഡന്റെ തിരിച്ചുവരവ്; ക്രൊയേഷ്യയും ചെക്കും ഒപ്പത്തിനൊപ്പം

സ്ലൊവാക്യയെ വീഴ്ത്തി സ്വീഡന്റെ തിരിച്ചുവരവ്; ക്രൊയേഷ്യയും ചെക്കും ഒപ്പത്തിനൊപ്പം

യൂറോ കപ്പിന്റെ ഗ്രൂപ്പ് ഡിയിലെ ആവേശകരമായ പോരാട്ടത്തില്‍ ചെക് റിപബ്ലിക്കും ക്രൊയേഷ്യയും സമനില സമ്മതിച്ചു. പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില സമ്മതിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ക്രൊയേഷ്യ ഗോള്‍ മടക്കി തിരിച്ചുവന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ജയിക്കാന്‍ സാധിക്കാതിരുന്നതോടെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത മങ്ങി. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോടു അവര്‍ തോറ്റിരുന്നു. ഇപ്പോള്‍ ഒരു പോയിന്റ് മാത്രമാണ് ക്രൊയേഷ്യയുടെ സമ്പാദ്യം.

എന്നാല്‍ ആദ്യ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തോല്‍പ്പിച്ചു തുടങ്ങി ചെക് ടീമാവട്ടെ ക്രൊയേഷ്യയെ കുരുക്കിയതോടെ നോക്കൗട്ട് റൗണ്ടിലേക്കു ഒരുപടി കൂടി അടുത്തു. പാട്രിക്ക് ഷിക്ക് 37ാം മിനിറ്റില്‍ വിവാദ പെനല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ക്രൊയേഷ്യക്കെതിരേ ചെക് ടീം അക്കൗണ്ട് തുറന്നത്. ഹൈ ബോള്‍ ഹെഡ് ചെയ്യാന്‍ ശ്രമിക്കവെ ക്രൊയേഷ്യന്‍ താരം ലോവ്‌റെല്‍ ചെക്കിന്റെ ഷിക്കിനെ ഫൗള്‍ ചെയ്തതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുകയായിരുന്നു. പെനല്‍റ്റി ഷിക്ക് തന്നെ ഗോളാക്കി മാറ്റി. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോളായിരുന്നു ഇത്.

രണ്ടാംപകുതിയില്‍ തുടക്കം മുതല്‍ ചെക് ഗോള്‍മുഖത്തേക്കു റെയ്ഡ് നടത്തിയ ക്രൊയേഷ്യ രണ്ടു മിനിറ്റിനുള്ളില്‍ ഗോള്‍ മടക്കുകയും ചെയ്തു. ഇവാന്‍ പെരിസിച്ചായിരുന്നു സ്‌കോറര്‍. പെട്ടെന്നെടുത്ത ഫ്രീകീക്കിനൊടുവില്‍ ബോളുമായി ഇടതു വിങിലൂടെ പറന്നെത്തിയ പെരിസിച്ച് ഒന്ന് കട്ട് ചെയ്ത് ബോക്‌സിലേക്കു കയറിയ ശേഷം തൊടുത്ത കരുത്തുറ്റ വലം കാല്‍ ഷോട്ട് വലയുടെ വലയു മൂലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു.

അതേസമയം, മറ്റൊരു കളിയില്‍ ഗ്രൂപ്പ് ഇയില്‍ ഗ്രൂപ്പ് ഇയില്‍ സ്ലൊവാക്യക്കെതിരേ 77ാം മിനിറ്റില്‍ എമില്‍ ഫോസ്‌ബെര്‍ഗ് പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് സ്വീഡനു നിര്‍ണായക വിജയം സമ്മാനിച്ചത്. ഈ ജയം പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അവരെ സഹായിക്കുകയും ചെയ്തു. ആദ്യ കളിയില്‍ കരുത്തരായ സ്‌പെയിനുമായി സ്വീഡന്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. സ്ലൊവാക്യക്കെതിരായ ജയത്തോടെ നാലു പോയിന്റുമായി സ്വീഡന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. എന്നാല്‍ ആദ്യ കളിയില്‍ പോളണ്ടിന്റെ ഞെട്ടിച്ചതിന്റെ ആവേശത്തിലിറങ്ങിയ സ്ലൊവാക്യക്കു ഈ വിജയം ആവര്‍ത്തിക്കാനായില്ല. സ്വീഡനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ആറു പോയിന്റോടെ അവര്‍ പ്രീക്വാര്‍ട്ടറിലെത്തുമായിരുന്നു.

സ്വീഡനെതിരേ ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം സ്ലൊവാക്യക്കായിരുന്നു മേല്‍ക്കൈയെങ്കിലും ഗോളിലേക്കു കൂടുതല്‍ ഷോട്ടുകള്‍ തൊടുത്തത് സ്വീഡനായിരുന്നു. ആദ്യപകുതിയില്‍ സ്ലൊവാക്യയായിരുന്നു മികച്ച ടീം. പക്ഷെ ഫിനിഷിങിലെ പോരായ്മ അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. ആദ്യപകുതിയില്‍ ഇരുടീമുകളുടെയും ഗോള്‍കീപ്പര്‍ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ഗോളെന്നുറപ്പിച്ച നീക്കങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല. 43ാം മിനിറ്റില്‍ മറെക്ക് ഹാസിക്കിലൂടെ സ്ലൊവാക്യക്കായിരുന്നു ഒന്നാം പകുതിയില്‍ ഒരേയൊരു മോശമല്ലാത്ത അവസരം ലഭിച്ചത്. ഡ്യൂഡയുടെ പാസില്‍ നിന്നും ഹാംസിക്ക് 20 അകലെ നിന്നും തൊടുത്ത ലോങ്‌റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി.
ആദ്യ പകുതിയില്‍ നിറംമങ്ങിയ സ്വീഡന്റെ മഞ്ഞക്കുപ്പായക്കാര്‍ രണ്ടാംപകുതിയില്‍ കുറേക്കൂടി മികച്ച പ്രകടനമാണ് നടത്തിയത്. സ്ലൊവാക്യന്‍ ഗോള്‍മുഖത്ത് ചില റെയ്ഡുകള്‍ നടത്താന്‍ അവര്‍ക്കു രണ്ടാംപകുതിയില്‍ സാധിച്ചു. 58ാം മിനിറ്റില്‍ സ്ലൊവാക്യ ലീഡ് നേടേണ്ടതായിരുന്നു. ഹാംസിക്ക് നല്‍കിയ ക്രോസില്‍ കൂക്കയുടെ കരുത്തുറ്റ ഹെഡ്ഡര്‍ ഗോളി ഓല്‍സണ്‍ ഇതു വിഫലമാക്കി. തൊട്ടടുത്ത മിനിറ്റില്‍ സ്ലൊവാക്യന്‍ ഗോള്‍മുഖവും വിറച്ചു. അവിടെയും ഗോള്‍കീപ്പറാണ് ടീമിന്റെ രക്ഷകനായത്. അഗസ്റ്റിന്‍സണിന്റെ ഹെഡ്ഡറാണ് ഗോളി ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റിയത്.
77ാം മിനിറ്റിലായിരുന്നു കളിയില്‍ വഴിത്തിരിവായ പെനല്‍റ്റി. റോബര്‍ട്ട് ക്വയ്‌സണിനെ സ്ലൊവാക്യന്‍ ഗോള്‍കീപ്പര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു റഫറി സ്വീഡന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. ഫോസ്‌ബെര്‍ഗ് ഈ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ സ്വീഡന്‍ ലീഡ് സ്വന്തമാക്കുകയും ചെയ്തു. ഈ ലീഡ് കാത്തുസൂക്ഷിച്ചാണ് സ്വീഡന്‍ ടൂര്‍ണമെന്റിലെ ആദ്യജയവും മൂന്നു പോയിന്റും പിടിച്ചെടുത്തത്.

Share this story