ഡി മരിയ അവതരിച്ചു: കോപ അമേരിക്കയില്‍ മുത്തമിട്ട് അര്‍ജന്റീന

ഡി മരിയ അവതരിച്ചു: കോപ അമേരിക്കയില്‍ മുത്തമിട്ട് അര്‍ജന്റീന

ഫുട്‌ബോള്‍ ലോകം ഒരു കാല്‍പ്പന്തിലേക്ക് ചുരുങ്ങിയ ദിവസം. ആരാധാകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന കോപ അമേരിക്കയില്‍ രാജാക്കന്‍മാരായി. ക്ലാസിക് ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ജേതാക്കളായത്. മാറക്കാനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മെസ്സിയും കൂട്ടരും ആഘോഷം ആരംഭിക്കുന്നതിനിടെ ഗ്രൗണ്ട് നെയ്്മറുടെയും കൂട്ടരുടെയും കണ്ണുനീര്‍ വീണ് കുതിര്‍ന്നിരുന്നു

മത്സരത്തിന്റെ 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ ജേതാക്കളാക്കിയത്. ബ്രസീലിന്റെ പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് വലയിലേക്ക് പന്ത് ചെത്തിയിടുകയായിരുന്നു

കളി സൗന്ദര്യത്തേക്കാളും കൂടുതല്‍ പരുക്കന്‍ അടവുകളായിരുന്നു മത്സരത്തിന്റെ മുഴുവന്‍ സമയവും കണ്ടത്. റഫറിക്ക് മഞ്ഞക്കാര്‍ഡ് പലതവണകളായി പുറത്തെടുക്കേണ്ടി വന്നു.

അർജന്റീന ജേഴ്‌സിയിൽ ഒരു കിരീടമെന്ന സൂപ്പർ താരം ലയണൽ മെസ്സിയുടെ കാത്തിരിപ്പിന് കൂടിയാണ് മാറക്കാന സ്റ്റേഡിയത്തിൽ വിരാമമായത്. 1993ന് ശേഷമാണ് അർജന്റീന കോപയിൽ ജേതാക്കളാകുന്നത്. കോപയിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന യൂറൂഗ്വയുടെ നേട്ടത്തിനൊപ്പം എത്താനും അർജന്റീനക്ക് സാധിച്ചു.

Share this story