വെംബ്ലിയിൽ ഇംഗ്ലീഷ് കണ്ണുനീർ; യൂറോ കപ്പ് സ്വന്തമാക്കി അസൂറിപ്പട

വെംബ്ലിയിൽ ഇംഗ്ലീഷ് കണ്ണുനീർ; യൂറോ കപ്പ് സ്വന്തമാക്കി അസൂറിപ്പട

യൂറോ കപ്പ് കിരീടം ഇറ്റലിക്ക്. വെംബ്ലിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ കിരിടം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് അസൂറിപ്പടകൾക്ക് മുന്നിൽ ഷൂട്ടൗട്ടിൽ പിഴച്ചു. ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ തകർപ്പൻ പ്രകടനമാണ് അസൂറിപ്പടക്ക് കിരീടം നേടിക്കൊടുത്തത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ ജയം

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ഇംഗ്ലണ്ട് അസൂറിപ്പടയെ ഞെട്ടിക്കുകയായിരുന്നു. ആർത്തിരമ്പിയെ വെംബ്ലി സ്റ്റേഡിയത്തിൽ സ്വപ്‌ന തുല്യമായ തുടക്കമാണ് ആദ്യമായി യൂറോ ഫൈനൽ കളിക്കുന്ന ഇംഗ്ലണ്ടിന് ലഭിച്ചത്. ഹാരി കെയ്‌ന്റെ പാസിൽ നിന്നും ലൂക്ക് ഷോയാണ് ഗോൾ സ്വന്തമാക്കിയത്

ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പക്ഷേ കളി മറന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. കളിയുടെ നിയന്ത്രണം ഇറ്റലി ഏറ്റെടുത്തു. നിയന്ത്രണം ഇംഗ്ലീഷ് ബോക്‌സിനുള്ളിൽ ഇറ്റാലിയൻ താരങ്ങൾ അപകടം വിതച്ചു കൊണ്ടിരുന്നു. 67ാം മിനിറ്റിൽ ലിയാനോർഡോ ബൊനൂച്ചി ഇറ്റലിയുടെ സമനില ഗോൾ നേടി. കോർണർ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി

ഒരു ഗോൾ വീമതിന് ശേഷം അമിത പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് വിനയയായത്. നിശ്ചിത സമയത്തിൽ തുല്യത പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഗോൾ മാത്രം പിറന്നില്ല. ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങളുടെ ഷോട്ടുകൾ തടുത്തിട്ടാണ് ഇറ്റാലിയൻ ഗോളി അസൂറിപ്പക്ക് വിജയം സമ്മാനിച്ചത്.

Share this story