രണ്ടാം ടി20: ഇന്ത്യക്ക് കൂറ്റൻ സ്കോർ

india

സിംബാബ്‌വെ ബൗളർമാർ തല ചൊറിഞ്ഞത് തീക്കൊള്ളി കൊണ്ടായിരുന്നു. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയമായ ഇന്ത്യൻ ബാറ്റർമാർ രണ്ടാം മത്സരത്തിൽ ആളിക്കത്തിയപ്പോൾ ആതിഥേയരുടെ ഫീൽഡർമാർ ഗ്രൗണ്ടിൽ പന്തിനു പിന്നാലെ തലങ്ങും വിലങ്ങും പാഞ്ഞു. 20 ഓവറിൽ ഇന്ത്യ നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ്.

ആദ്യ മത്സരത്തിൽ ടോപ് സ്കോററായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായിട്ടും പതറാതെ പോരാട്ടം നയിച്ച അഭിഷേക് ശർമയുടെ സെഞ്ചുറിയും ഋതുരാജ് ഗെയ്ക്ക്‌വാദിന്‍റെ അപരാജിത അർധ സെഞ്ചുറിയും ഇന്ത്യൻ ഇന്നിങ്സിനെ ആകാശത്തേക്കുയർത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് കളിക്കാനിറങ്ങിയ ഗിൽ മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ പുറത്ത്. നേടിയത് നാല് പന്തിൽ രണ്ടു റൺസ്. അവിടെവച്ച് അഭിഷേക് ശർമക്കൊപ്പം ചേർന്ന ഗെയ്ക്ക്‌വാദ് ക്രീസിൽ നങ്കൂരമിട്ടു. ആക്രമണോത്സുകമായി തുടങ്ങിയ അഭിഷേകും ക്യാപ്റ്റനെ നഷ്ടമായതോടെ പ്രതിരോധത്തിലായിരുന്നു.

എന്നാൽ, വ്യക്തിഗത സ്കോർ 28ലെത്തിയപ്പോൾ തുടങ്ങിയ ആക്രമണം അഭിഷേക് അവസാനിപ്പിച്ചത് 100 തികച്ചതിന്‍റെ അടുത്ത പന്തിലാണ്. ഏഴു ഫോറും എട്ടു സിക്സും സഹിതം കന്നി സെഞ്ചുറി കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത പന്തിൽ പുറത്ത്. അർധ സെഞ്ചുറി നേടാൻ 33 പന്ത് 'ക്ഷമയോടെ' കളിച്ച അഭിഷേക്, അടുത്ത 13 പന്തിൽ അമ്പത് റൺസ് കൂടി അടിച്ചെടുത്തു. ആകെ 47 പന്തിൽ കൃത്യം 100 റൺസ്!

137 റൺസ് കൂട്ടുകെട്ടിൽ നൂറും നേടി അഭിഷേക് പുറത്തായ ശേഷം സ്കോർ ഉയർത്തുന്നതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു ഋതുരാജ് ഗെയ്ക്ക്‌വാദ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അർധ സെഞ്ചുറിയിലെത്തുമ്പോൾ അതിൽ 18 റൺസ് മാത്രമായിരുന്നു റിങ്കു സിങ്ങിന്‍റെ സംഭാവന. 47 പന്ത് നേരിട്ട ഗെയ്ക്ക്‌വാദ് പതിനൊന്ന് ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത് പുറത്താകാതെ നിന്നു.

അവസാന ഓവറുകളിൽ റിങ്കുവും തനി സ്വരൂപം പുറത്തെടുത്തതോടെ റൺ റേറ്റ് കുതിച്ചുയർന്നു. വെറും 22 പന്തിൽ 48 റൺസെടുത്ത റിങ്കുവും പുറത്താകാതെ നിന്നു. രണ്ടു ഫോറും അഞ്ച് സിക്സും ഉൾപ്പെട്ട ടിപ്പിക്കൽ ഫിനിഷിങ് ടച്ച്.

Share this story