ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ 228 റൺസിന് തകർത്ത് ഇന്ത്യ; കുൽദീപിന് 5 വിക്കറ്റ്, കോഹ്ലിക്കും രാഹുലിനും സെഞ്ച്വറി

പക്കാ ഇന്ത്യൻ ഷോ. അതായിരുന്നു ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്നലെ കണ്ടത്. മഴയെ തുടർന്ന് റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ 228 റൺസിന്റെ റെക്കോർഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. പാക്കിസ്ഥാൻ ആകട്ടെ 32 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി കോഹ്ലിയും രാഹുലും സെഞ്ച്വറി നേടിയപ്പോൾ ബൗളിംഗിൽ കുൽദീപിന്റെ വേട്ടയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് കുൽദീപ് പിഴുതെടുത്തത്
ബാറ്റ് എടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന കാഴ്ചയാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ കണ്ടത്. അർധ സെഞ്ച്വറി നേടിയ രോഹിതും ഗില്ലും തുടങ്ങി വെച്ചത് കോഹ്ലിയും രാഹുലും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. ആറ് മാസങ്ങൾക്ക് ശേഷം ദേശീയ ടീമിൽ മടങ്ങിയെത്തിയ രാഹുലിന്റെ തകർപ്പൻ ഇന്നിംഗ്‌സിനും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷിയായി. കോഹ്ലിയാകട്ടെ പാക് ബൗളർമാരെ അടിച്ചുപറത്തിയാണ് മൂന്നക്കം തികച്ചത്
രാഹുൽ 100 പന്തിലാണ് സെഞ്ച്വറി തികച്ചത്. കോഹ്ലി 84 പന്തിലും. 94 ബോളിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും സഹിതം 122 റൺസുമായി കോഹ്ലിയും 106 പന്തിൽ രണ്ട് സിക്‌സും 12 ഫോറും സഹിതം 111 റൺസുമായി രാഹുലും പുറത്താകാതെ നിന്നു. നേരത്തെ രോഹിത് 56 റൺസും ഗിൽ 58 റൺസുമെടുത്തിരുന്നു
മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് നിലം തൊടാനായില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. ഇമാം ഉൽ ഹഖിനെ പുറത്താക്കി ബുമ്രയാണ് വിക്കറ്റ് വേട്ട തുടങ്ങി വെച്ചത്. ഇത് കുൽദീപ് പൂർത്തിയാക്കി. കുൽദീപ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുമ്ര, ഹാർദിക് പാണ്ഡ്യ, ഷാർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.