ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്.
വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത്ര തിടുക്കത്തിൽ വിരമിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല. പരുക്കേറ്റതിനെ തുടർന്ന് അഫ്ഗാനിസ്താനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറിയ തമീം ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുകയും ആദ്യ കളി കളിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
241 ഏകദിന മത്സരങ്ങളിൽ നിന്നായി 8313 റൺസ് നേടിയ തമീം ഈ ഫോർമാറ്റിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം സെഞ്ചുറികളും (14) തമീം തന്നെയാണ് നേടിയത്. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 7188 റൺസും തമീം നേടിയിട്ടുണ്ട്.