മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍! ബെംഗളൂരുവിനു ബ്രേക്കിട്ട് ഗോവ (2-2)

മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍! ബെംഗളൂരുവിനു ബ്രേക്കിട്ട് ഗോവ (2-2)

ഐഎസ്എല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരേ എഫ്‌സി ഗോവയ്ക്കു നാടകീയ സമനില. 0-2നു പിന്നിട്ടു നിന്ന ശേഷമാണ് മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പാനിഷ് താരം ഇഗോര്‍ ആംഗ്യുളോയിലൂടെ ഗോവ സമനില പിടിച്ചുവാങ്ങിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോവ അര്‍ഹിച്ച സമനില കൂടിയായിരുന്നു ഇത്. ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം ബെംഗളൂരുവിന്റെ നീലക്കുപ്പായക്കാരെ ഗോവയുടെ ഓറഞ്ച് പട നിഷ്പ്രഭരാക്കുക തന്നെ ചെയ്തു. സീസണില്‍ ഇരുടീമുകളുടെയും ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

ക്ലെയ്റ്റണ്‍ സില്‍വ (27ാം മിനിറ്റ്), യുവാനന്‍ (57) എന്നിവര്‍ നേടിയ ഗോളുകള്‍ക്കു ബെംഗളൂരു 2-0ന്റെ വിജയം നേടുമെന്നു ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ഗോവ കളിയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്. 66, 69 മിനിറ്റുകളിലായിരുന്നു ബെംഗളൂരുവിനെ സ്തബ്ധരാക്കി ആംഗ്യുളോ ഗോവയ്ക്കു വേണ്ടി വലകുലുക്കിയത്. സെറ്റ് പീസുകളില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ രണ്ടു ഗോളുകളും എന്നാല്‍ ഗോവയുടെ ഗോളുകള്‍ മികച്ച നീക്കങ്ങളില്‍ നിന്നായിരുന്നു.

കളിയുടെ ആദ്യ 20 മിനിറ്റിനുള്ളില്‍ ഇരുടീമുകളും ഗോളിലേക്കു ഒരു ശ്രമം പോലും നടത്താനായില്ല. രണ്ടു ടീമുകളിലുടെയും മുന്നേറ്റങ്ങള്‍ ഗോളിലെത്താതെ പാതിവഴിയില്‍ മുറിഞ്ഞു പോവുകയായിരുന്നു. 28ാം മിനിറ്റില്‍ തികച്ചും അപ്രതീക്ഷിതമായാണ് ബെംഗളൂരുവിന്റെ ഗോള്‍ പിറക്കുന്നത്. ഖാബ്രയുടെ ലോങ് ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ സില്‍വ ലക്ഷ്യം കാണുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ഒന്നു പതറിയെങ്കിലും സമനില ഗോളിനായി ഗോവ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 44ാം മിനിറ്റില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്കു ബെംഗളൂരുവിന്റെ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ആദ്യ ഗോളിന് അവകാശിയായ ക്ലെറ്റണ്‍ സില്‍വ ബോക്‌സിനകത്തേക്കു നല്‍കി. പാസ് വലയിലേക്കു തൊടുക്കാന്‍ ഛേത്രിക്കായില്ല.

രണ്ടാം പകുതിയില്‍ സമനില മോഹവുമായി കളിച്ച ഗോവയെ ഞെട്ടിച്ചുകൊണ്ട് 56ാം മിനിറ്റില്‍ ബെംഗളൂരു ലീഡുയര്‍ത്തി. മലയാളി താരം ആഷിഖ് കുരുണിയനെ വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ വച്ച് സഹതാരങ്ങള്‍ രണ്ടു ഹെഡ്ഡറുകളിലൂടെ മറിച്ചു നല്‍കിയപ്പോള്‍ മനോഹരമായ വോളിയിലൂടെ യുവാനന്‍ വലയ്ക്കുള്ളിലാക്കി.

66ാം മിനിറ്റില്‍ ആംഗ്യുളോയിലൂടെ ഗോവ ആദ്യ ഗോള്‍ മടക്കി. പകരക്കാരനായി വന്ന ബ്രെന്‍ഡര്‍ ഫെര്‍ണാണ്ടസ് ബോക്‌സിനകത്തേക്കു നീട്ടി നല്‍കിയ ത്രൂബോളുമായി ഇടതുവിങിലൂടെ ഓടിക്കയറിയ ആംഗ്യുളോ ഗോളി ഗുര്‍പ്രീതിന് ഒരു പഴുതും നല്‍കാതെ ഗ്രൗണ്ടറിലൂടെ ലക്ഷ്യം കണ്ടു. മൂന്നു മിനിറ്റിനകം ആംഗ്യുളോയിലൂടെ ഗോവ സമനിലയും കൈക്കലാക്കി. ആദ്യ ഗോള്‍ വന്നത് ഇടത് വിങിലൂടെ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് വലതു വിങില്‍ നിന്നായിരുന്നുവെന്നു മാത്രം.

ഫെര്‍ണാണ്ടസായിരുന്നു ഈ ഗോൡനും ചരടുവലിച്ചത്. ബ്രെന്‍ഡന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് റൊമാരിയോ വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ അളന്നു മുറിച്ചു നല്‍കിയ ക്രോസ് നെഞ്ച് കൊണ്ട് ആംഗ്യുളോ ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

Share this story