ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ബുമ്രയുടെ രാജകീയ വരവ്; ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ്

ഇന്ത്യൻ ബൗളിംഗ് നിരയുടെ കുന്തമുനയായിരുന്നു ജസ്പ്രീത് ബുമ്ര. എന്നാൽ പരുക്ക് നിരന്തരം വേട്ടയാടിയതോടെ ഒന്നര വർഷക്കാലമാണ് അദ്ദേഹം ദേശീയ ടീമിൽ നിന്നും മാറി നിന്നത്. ഫിറ്റ്‌നെസ് വീണ്ടെടുത്ത് ടീമിലേക്ക് എത്തിയത് ക്യാപ്റ്റനായാണ്. അയർലാൻഡ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുമ്രയാണ്. ആദ്യ മത്സരത്തിൽ തന്നെ തന്റെ പ്രതിഭക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു
ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 139 റൺസിലൊതുങ്ങി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അയർലാൻഡ് 139 റൺസ് എടുത്തത്. ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും അർഷദീപ് സിംഗ് ഒരു വിക്കറ്റുമെടുത്തു. ബാരി മക്കാർത്തിയുടെ അർധസെഞ്ച്വറിയാണ്(51) അയർലാൻഡിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. കർട്ടിസ് കാംഫർ 39 റൺസെടുത്തു
140 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കമാണ് യശസ്വി ജയ്‌സ്വാളും റിതുരാജ് ഗെയ്ക്ക് വാദും ചേർന്ന് നൽകിയത്. സ്‌കോർ 46ൽ 24 റൺസെടുത്ത ജയ്‌സ്വാൾ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ തിലക് വർമ നേരിട്ട ആദ്യ പന്തിൽ പുറത്തായതോടെ ഇന്ത്യ 2ന് 46 റൺസ് എന്ന നിലയിലായി. സ്‌കോർ 47ൽ മഴ എത്തുകയും മത്സരം തുടരാനാകാത്ത സ്ഥിതിയുമായതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിന് വിജയിച്ചതായി പ്രഖ്യാപിച്ചു. കളി നിർത്തുമ്പോൾ 19 റൺസുമായി ഗെയ്ക്ക് വാദും ഒരു റൺസുമായി സഞ്ജുവുമായിരുന്നു ക്രീസിൽ