ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ചും മാപ്പ് പറഞ്ഞു; ഐഎസ്എൽ വിവാദങ്ങൾക്ക് വിരാമം

ഐഎസ്എല്ലിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ചും. വൻ തുക പിഴ ശിക്ഷയും വിലക്ക് ഭീഷണിയും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എടുത്തതിന് പിന്നാലെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറയാൻ തയ്യാറായത്.
നോക്കൗട്ട് മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂർത്തിയാക്കാതെ കളം വിട്ടത് ദൗർഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലാണ് അങ്ങനെ സംഭവിച്ചത്. ഇനിയിത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകുന്നതായും കേരളാ ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു
ഒരുമയോടെ ശക്തരായി തിരിച്ചുവരുമെന്നും നെഗറ്റീവ് സാഹചര്യങ്ങളിൽ കുടുങ്ങിയതിന് ക്ഷമാപണം നടത്തുന്നതായും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് ട്വീറ്റ് ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി രൂപയാണ് ഫെഡറേഷൻ പിഴയിട്ടത്. ക്ഷമാപണം നടത്തിയില്ലെങ്കിൽ ഇത് ആറ് കോടിയാകുമെന്നും ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. കോച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.