ഗില്ലിന്റെ സെഞ്ച്വറി പാഴായി; ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസിന്റെ തോൽവി

ban

ഏഷ്യാ കപ്പിൽ ഫൈനലിന് തൊട്ടുമുമ്പ് ഇന്ത്യ നടത്തിയ പരീക്ഷണങ്ങൾ പാളി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആറ് റൺസിന്റെ തോൽവി. കോഹ്ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ബുമ്ര എന്നിവരെ പുറത്തിരുത്തി തിലക് വർമ, സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പ്ലേയിംഗ് ഇലവനിൽ എടുത്താണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് ഓൾ ഔട്ടായി

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ എടുത്തു പറയാനുണ്ടായത്. 133 പന്തിൽ 121 റൺസെടുത്ത ഗിൽ ഏഴാമനായാണ് പുറത്തായത്. രോഹിത് പൂജ്യത്തിനും തിലക് വർമ അഞ്ച് റൺസിനും രാഹുൽ 19 റൺസിനും സൂര്യകുമാർ യാദവ് 26 റൺസിനും ഇഷാൻ 5 റൺസിനും വീണു. 

അക്‌സർ പട്ടേൽ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും 49ാം ഓവറിൽ പുറത്തായതാണ് ഇന്ത്യൻ തോൽവിക്ക് വഴിയൊരുക്കിയത്. 34 പന്തിൽ 42 റൺസാണ് അക്‌സർ എടുത്ത്. ജഡേജ ഏഴ് റൺസിനും ഷാർദൂൽ 11 റൺസിനും പുറത്തായി. നേരത്തെ 80 റൺസെടുത്ത ഷാകിബ് അൽ ഹസന്റെയും 54 റൺസെടുത്ത തൗഹിദ് ഹ്രിദോയുടെയും മികവിലാണ് ബംഗ്ലാദേശ് 265 റൺസ് എടുത്തത്.
 

Share this story