ബട്‌ലർക്കും സഞ്ജുവിനും ജയ്‌സ്വാളിനും അർധ സെഞ്ച്വറി; രാജസ്ഥാന് കൂറ്റൻ സ്‌കോർ

ഐപിഎല്ലിൽ ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ റോയൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. ടോസ് നേടിയ സൺ റൈസേഴ്‌സ് ഹൈദരബാദ് നായകൻ ഭുവനേശ്വർ കുമാർ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഗ്രൗണ്ടിൽ പിന്നീട് കണ്ടത്
തുടക്കം മുതലെ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും തലങ്ങും വിലങ്ങും അടിച്ചതോടെ രാജസ്ഥാൻ സ്‌കോർ കുതിച്ചുയർന്നു. ആദ്യ ആറ് ഓവറിൽ 85 റൺസാണ് രാജസ്ഥാൻ സ്‌കോർ ചെയ്തത്. 22 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 54 റൺസെടുത്ത ബട്‌ലർ ആറാം ഓവറിലാണ് പുറത്താകുന്നത്. പിന്നീട് ക്രീസിലെത്തിയ സഞ്ജുവും ജയ്‌സ്വാളും സ്‌കോറിംഗ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു
ആദ്യ പത്ത് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ. സ്‌കോർ 139ൽ ജയ്‌സ്വാൾ പുറത്തായതോടെ രാജസ്ഥാന്റെ സ്‌കോറിംഗ് വേഗതയും കുറഞ്ഞു. 37 പന്തിൽ 54 റൺസാണ് ജയ്‌സ്വാൾ എടുത്തത്. ദേവ്ദത്ത് പടിക്കൽ 2 റൺസിനും റയാൻ പരാഗ് 7 റൺസിനും പുറത്തായി.
സഞ്ജു 32 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 55 റൺസെടുത്തു. ഹേറ്റ്‌മെയർ 22 റൺസുമായും അശ്വിൻ ഒരു റൺസുമായും പുറത്താകാതെ നിന്നു. എസ് ആർ എച്ചിന് വേണ്ടി ഫസൽഹഖ് ഫറൂഖി, ടി നടരാജൻ എന്നിവർ രണ്ടും ഉമ്രാൻ മാലിക് ഒരു വിക്കറ്റുമെടുത്തു.