രോഹിതിനും ഗില്ലിനും അർധശതകം; തകർത്തടിച്ച് ഇന്ത്യ തുടങ്ങി, രസം കൊല്ലിയായി മഴയുമെത്തി

kohli

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. പക്ഷേ ആവേശം തല്ലിക്കെടുത്തി രസം കൊല്ലിയായി പിന്നാലെ മഴയുമെത്തി. ഇന്ത്യ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടരുമ്പോഴാണ് മഴയെത്തിയത്. നേരത്തെ ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ പേസർമാർക്ക് മുന്നിൽ മുട്ട് വിറച്ച ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെയാണ് കണ്ടതെങ്കിൽ ഇന്ന് പാക് പേസർമാരെ ഇന്ത്യൻ ഓപണർമാർ രണ്ട് പേരും ചേർന്ന് പലതവണ അതിർത്തി കടത്തുന്നതാണ് കണ്ടത്. രോഹിതും ഗില്ലും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 121 റൺസാണ്. അതും 16.4 ഓവറിൽ. 

ശുഭ്മാൻ ഗില്ലാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. രോഹിത് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. പിന്നാലെ നായകനും ബൗളർമാരെ പ്രഹരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചുയർന്നു. 49 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 56 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ 52 പന്തിൽ പത്ത് ഫോറുകൾ സഹിതം 58 റൺസെടുത്ത ഗില്ലും പുറത്തായതോടെ ഇന്ത്യ രണ്ടിന് 123 റൺസ് എന്ന നിലയിലായി. മഴ എത്തുമ്പോൾ എട്ട് റൺസുമായി വിരാട് കോഹ്ലിയും 17 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിലുണ്ടായിരുന്നത്.
 

Share this story