ഇന്ത്യയോടേറ്റ കനത്ത പരാജയം; ലങ്കൻ ക്രിക്കറ്റ് ബോർഡിനെ ശ്രീലങ്കൻ സർക്കാർ പിരിച്ചുവിട്ടു

ഏകദിന ലോകകപ്പിൽ ഇന്ത്യയോട് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ലങ്കൻ സർക്കാർ പിരിച്ചുവിട്ടു. മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയുടെ കീഴിൽ ഇടക്കാല ഭരണസമിതിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. ശ്രീലങ്കൻ കായികമന്ത്രി റോഷൻ റണസിംഗെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകകപ്പിൽ ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് കടുത്ത തീരുമാനവുമായി സർക്കാർ രംഗത്തുവന്നത്.
ലോകകപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ലങ്കൻ ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡിസിൽവ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇന്ത്യയോടേറ്റ തോൽവിക്ക് ശേഷം ലങ്കൻ സർക്കാർ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു രാജി. ലോകകപ്പിൽ ശ്രീലങ്കയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് അവർക്കുള്ളത്
ഇന്ന് ബംഗ്ലാദേശിനെതിരെയും അടുത്ത മത്സരം ന്യൂസിലാൻഡിനെതിരെയുമാണ്. രണ്ട് കളികൾ മാത്രമാണ് ആകെ ജയിക്കാനായത്. വ്യാഴാഴ്ച ഇന്ത്യയോട് 302 റൺസിന്റെ വൻ തോൽവിയാണ് ലങ്ക വഴങ്ങിയത്.