ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് വീണ്ടും നേർക്കുനേർ; പേസ് പേടിയിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ

ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. മത്സരത്തിന് മഴ ഭീഷണിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകൾ ഏറ്റുമുട്ടി അന്നും മഴയെ തുടർന്ന് കളി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതേസമയം മഴയെക്കാളും കൂടുതൽ ഇന്ത്യ പേടിക്കുന്നത് പാക് പേസർമാരെയാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾ ഔട്ടായിരുന്നു. ഇന്ത്യയുടെ പത്ത് വിക്കറ്റും നേടിയത് പാക് പേസർമാരാണ്. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ചേർന്ന് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തുവിടുകയായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ബലഹീനതയൊക്കെ തിരുത്തിയാകും ഇന്ത്യ ഇന്നിറങ്ങുക എന്നതുറപ്പാണ്
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാൽ പാക്കിസ്ഥാന് ഫൈനലിൽ പ്രവേശിക്കാം.