മഴ കളിച്ചപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും പോയിന്റ് പങ്കിട്ടു; പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്കും

ഏഷ്യാ കപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിച്ച് പാക്കിസ്ഥാൻ ബാറ്റിംഗ് ആരംഭിക്കാനിരിക്കെയാണ് രസംകൊല്ലിയായി വീണ്ടും മഴ എത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു. ആദ്യ മത്സരത്തിൽ നേപ്പാളിനെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നു
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ ഹാർദിക് പാണ്ഡ്യയും ഇഷാൻ കിഷനും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഇഷാൻ കിഷൻ 81 പന്തിൽ 82 റൺസുമായി മടങ്ങി. ഹാർദിക് 90 പന്തിൽ 87 റൺസെടുത്തു. രോഹിത് ശർമ 11, ശുഭ്മാൻ ഗിൽ 10, കോഹ്ലി 4, ശ്രേയസ് അയ്യർ 14, ജഡേജ 14 എന്നിവർ നിരാശപ്പെടുത്തി.